Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും; ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല; കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ തല ഉയർത്തി നോക്കി ജോളി ഇടയ്ക്കിടയ്ക്ക് പറഞ്ഞത് ഇങ്ങനെ; മക്കളെ രണ്ടു പേരേയും ഉറക്കി കിടത്തി മുറി പുറത്ത് നിന്നും പൂട്ടിയ ശേഷം ഭർത്താവിന് വിഷം നൽകിയെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ; കുറ്റസമ്മതത്തിന്റെ വഴിയിലേക്ക് ജോളി നീങ്ങിയതോടെ അന്വേഷണം എളുപ്പമാകുമെന്ന് പ്രതീക്ഷിച്ച് പൊലീസ്; ഇന്ന് മുതൽ ആരംഭിക്കുന്ന തെളിവെടുപ്പ് കേസിന്റെ ഗതി നിർണ്ണയിക്കും

എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും; ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല; കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ തല ഉയർത്തി നോക്കി ജോളി ഇടയ്ക്കിടയ്ക്ക് പറഞ്ഞത് ഇങ്ങനെ; മക്കളെ രണ്ടു പേരേയും ഉറക്കി കിടത്തി മുറി പുറത്ത് നിന്നും പൂട്ടിയ ശേഷം ഭർത്താവിന് വിഷം നൽകിയെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ; കുറ്റസമ്മതത്തിന്റെ വഴിയിലേക്ക് ജോളി നീങ്ങിയതോടെ അന്വേഷണം എളുപ്പമാകുമെന്ന് പ്രതീക്ഷിച്ച് പൊലീസ്; ഇന്ന് മുതൽ ആരംഭിക്കുന്ന തെളിവെടുപ്പ് കേസിന്റെ ഗതി നിർണ്ണയിക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിയിലെ റോയ് തോമസ് കൊലക്കേസിൽ ജോളി വീണ്ടും കുറ്റസമ്മതം നടത്തി. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തോടാണ് ജോളി കാര്യങ്ങൾ വിശദീകരിച്ചത്. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്നു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ജോളി സമ്മതിച്ചു.റോയിയുടെ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കാനും മറ്റ് 5 മരണങ്ങളിൽ ബന്ധമുണ്ടോയെന്നു കണ്ടെത്താനുമായി ജോളി ജോസഫ്, സയനൈഡ് നൽകിയ ബന്ധു എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

''എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്താണു ചെയ്യുകയെന്നു പറയാനാകില്ല.....'' ജോളി ജോസഫ്, കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകവെ പൊലീസ് ജീപ്പിലിരുന്നു നിർവികാരതയോടെ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയ്ക്കിടയിൽ വനിതാ പൊലീസുകാർക്കു നടുവിൽ തല കുമ്പിട്ടിരിക്കുന്നതിനിടയിലാണു ജോളി ഇത് ആവർത്തിച്ചുകൊണ്ടിരുന്നത്. നിസ്സംഗതയോടെയായിരുന്നു ജോളിയുടെ പെരുമാറ്റം. ജോളി ആദ്യ ഭർത്താവ് റോയിയെ വധിക്കാൻ 4 കാരണങ്ങളുണ്ടെന്നു കസ്റ്റഡി അപേക്ഷാ റിപ്പോർട്ടിൽ പൊലീസ് വിശദീകരിച്ചിരുന്നു. റോയിയുടെ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം, ജോളിയുടെ പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം എന്നിവയാണവയെന്ന് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പൊലീസ് വിശദീകരിച്ചു.

പൊന്നാമറ്റം കുടുംബത്തിലെ 6 മരണങ്ങൾക്കു സമാനതകളുണ്ടെന്നും മരണവേളകളിൽ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സി.ഹരിദാസൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കവും എൻഐടി അദ്ധ്യാപികയെന്ന പേരിലെ തട്ടിപ്പും എടുത്തു പറഞ്ഞിട്ടുണ്ട്. പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ ആളുകളെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ പൊലീസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്കു കടക്കുമെന്നുറപ്പായി. ഇന്നലെ വൈകിട്ട് 3.30 നാണ് പ്രതികളുടെ ചോദ്യം ചെയ്യൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ വടകരയിലെ ഓഫിസിൽ ആരംഭിച്ചത്. കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങൾ നിഷേധിച്ചു. ആദ്യഭർത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുൻപാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവർത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുൻപു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി.

ആദ്യഘട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാൽ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടിൽ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി. റോയി ഭക്ഷണം കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു മരണവിവരമറിഞ്ഞു വീട്ടിൽ ആദ്യമെത്തിയ ബന്ധുക്കളിൽ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോടെല്ലാം ഭക്ഷണം കഴിക്കുന്നതിനു മുൻപാണു സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി. പിന്നീടു എല്ലാം വിശദീകരിച്ചു. ഇനി പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുമായി വെള്ളിയാഴ്ച രാവിലെ മുതൽ പൊലീസ് തെളിവെടുപ്പ് നടത്തും. വ്യാഴാഴ്ച മൂന്നു പ്രതികളെയും താമരശേരി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ മാസം 16 വരെയാണു കസ്റ്റഡിയിൽ വിട്ടത്. ഏതായാലും ജോളി കുറ്റസമ്മത മൊഴി നൽകിയത് പ്രതീക്ഷയോടെയാണ് അന്വേഷണ സംഘം കാണുന്നത്.

പ്രതികളെ വ്യാഴാഴ്ച രാത്രി വരെ ചോദ്യം ചെയ്തു. ജോളിയെ വടകര വനിതാ സെല്ലിലേക്കു മാറ്റി. വെള്ളിയാഴ്ച തെളിവെടുപ്പിനെത്തിക്കുമ്പോഴും ഇവർക്കു കനത്ത സുരക്ഷയൊരുക്കാനാണു തീരുമാനം. പ്രതികളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രാവിലെ ആദ്യം പൊന്നാമറ്റം വീട്ടിലായിരിക്കും തെളിവെടുപ്പെന്നാണു സൂചന. പുതിയ പരാതികളും അന്വേഷിക്കും. ജോളിയുടെ മുൻ ഭർത്താവ്, മരിച്ച റോയിയുടെ, ഉറ്റബന്ധുവിന്റെ വീട്ടിലെ 5 പേർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ 2 പേർ ഛർദിക്കുകയും ഇവരുടെ രക്തപരിശോധനയിൽ വിഷാംശം കണ്ടെത്തുകയുംചെയ്‌തെന്നാണു പരാതി. കഴിഞ്ഞ വർഷമാണു സംഭവം. ഭക്ഷണമുണ്ടാക്കുന്ന സമയം ജോളി ഈ വീട്ടിലെത്തിയിരുന്നു. ഭക്ഷണം വിളമ്പും മുൻപേ മടങ്ങി. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുതുടങ്ങിയ ഉടൻ രണ്ടു പേർ ഛർദിച്ചു. ഇതോടെ മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നതു നിർത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. രക്തത്തിൽ വിഷാംശം ഉണ്ടെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്. ഭക്ഷണം പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അതിനു പൊലീസ് കേസെടുത്തതിന്റെ എഫ്‌ഐആർ ആവശ്യമാണെന്നു വിദഗ്‌ധോപദേശം ലഭിച്ചതോടെ വേണ്ടെന്നുവച്ചു. അന്നു ജോളിയെ സംശയമുണ്ടായിരുന്നില്ല. ബന്ധുക്കളുമായി സ്വത്തുതർക്കം ഉണ്ടായിരുന്നെന്നും ഇതാണു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ജോളി പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും അന്വേഷിക്കും. 6 കൊലപാതകങ്ങളുടെ അന്വേഷണത്തിനാണു പ്രഥമ പരിഗണന. മറ്റ് അന്വേഷണങ്ങൾ സമാന്തരമായി നടക്കും. രണ്ടാം ഭർത്താവായ ഷാജുവിന്റെ മകൾ ആൽഫൈനു പുറമേ റോയിയുടെ സഹോദരി രഞ്ജിയുടെ മകൾ, റവന്യു ഉദ്യോഗസ്ഥ ജയശ്രീയുടെ മകൾ, റോയിയുടെ ബന്ധു മാർട്ടിന്റെ മകൾ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇവരുടെ ബന്ധുക്കളുടെ വിശദ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളുടെ വാർത്തകൾ പുറത്തുവന്നതോടെയാണു മറ്റു 2 കുട്ടികളുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു പൊലീസിനെ സമീപിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്.

കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. ഉത്തരമേഖലാ ഐജി അശോക് യാദവിനാണ് മേൽനോട്ടച്ചുമതല. കണ്ണൂർ എഎസ്‌പി ഡി.ശിൽപ, നാദാപുരം എഎസ്‌പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈഎസ്‌പി കെ.പി.അബ്ദുൾ റസാഖ്, തലശ്ശേരി ഡിവൈഎസ്‌പി കെ.വി.വേണുഗോപാൽ, കോഴിക്കോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി.ശിവപ്രസാദ്, പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ഇൻസ്‌പെക്ടർ സ്റ്റാർമോൻ ആർ.പിള്ള എന്നിവരെ പുതുതായി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന് സാങ്കേതിക സഹായം നൽകുന്നതിന് ഐസിടി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ട്.

കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നിലവിൽ വടകര റൂറൽ ജില്ലാ പൊലീസ് എഎസ്‌പി ടി.കെ.സുബ്രഹ്മണ്യൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസൻ, സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ ജീവൻ ജോർജ്, എഎസ്‌ഐമാരായ കെ.രവി, പി.കെ.സത്യൻ, കെ.പത്മകുമാർ, എം.യുസഫ്, പി.പി.മോഹനകൃഷ്ണൻ, സിനിയർ സിപിഒ എംപി.ശ്യാം എന്നിവരാണ് ഉള്ളത്. ജോളി ജോസഫിനെയും എം.എസ്. മാത്യുവിനെയും പൊന്നാമറ്റം വീട്ടിലെത്തിച്ചാണു തെളിവെടുപ്പ് നടത്തുക. മാത്യുവിനു സയനൈഡ് നൽകിയ കെ. പ്രജികുമാറിനെ നേരത്തേ താമരശ്ശേരിയിലെ ആഭരണ നിർമ്മാണശാലയിലെത്തിച്ചു തെളിവെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP