Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു; കല്ലറ തുറന്നുള്ള പരിശോധന കിട്ടിയ തെളിവുകൾക്ക് വ്യക്തത വരുത്താൻ; ഡി.എൻ.എ ടെസ്റ്റുൾപ്പെടെ ശാസ്ത്രീയമായ മുഴുവൻ രീതികളിലും പരിശോധന; നടക്കുന്നത് ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണവുമല്ല; മതിയായ തെളിവുകളോടെ അന്വേഷണം പൂർത്തിയാക്കും; കൂടത്തായിയിലെ മരണങ്ങളുടെ ദുരൂഹത നീക്കുന്നത് വടകര റൂറൽ എസ്‌പിയുടെ നേതൃത്വത്തിലെ ക്രൈംസ്‌ക്വാഡ്; കല്ലറകൾ തുറന്നത് കപ്പലിലെ കൊലയാളിയെ പൊക്കാൻ തന്നെ

ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചു; കല്ലറ തുറന്നുള്ള പരിശോധന കിട്ടിയ തെളിവുകൾക്ക് വ്യക്തത വരുത്താൻ; ഡി.എൻ.എ ടെസ്റ്റുൾപ്പെടെ ശാസ്ത്രീയമായ മുഴുവൻ രീതികളിലും പരിശോധന; നടക്കുന്നത് ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണവുമല്ല; മതിയായ തെളിവുകളോടെ അന്വേഷണം പൂർത്തിയാക്കും; കൂടത്തായിയിലെ മരണങ്ങളുടെ ദുരൂഹത നീക്കുന്നത് വടകര റൂറൽ എസ്‌പിയുടെ നേതൃത്വത്തിലെ ക്രൈംസ്‌ക്വാഡ്; കല്ലറകൾ തുറന്നത് കപ്പലിലെ കൊലയാളിയെ പൊക്കാൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് കൂടത്തായിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആറുപേരുടെ കല്ലറകൾ തുറന്ന് പരിശോധിക്കുന്ന നടപടികൾ തുടങ്ങിയപ്പോൾ ചിത്രം വ്യക്തമാകുകകാണ്. കോടഞ്ചേരി പള്ളിയിലാണ് ജി്ല്ലാ ക്രൈംബ്രാഞ്ച് സംഘം ആദ്യമെത്തിയത്. സിലിയുടെയും പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹമാണ് ഇവിടെ അടക്കിയത്. വടകര റൂറൽ എസ്‌പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടത്തായിയിലെയും കോടഞ്ചേരിയിലെയും കല്ലറകൾ തുറക്കുന്നത്.

പതിനാലുവർഷത്തിനിടെയുണ്ടായ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധു നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്. 2002നും 2016നുമിടയിലാണ് പിഞ്ചുകുഞ്ഞ് മുതൽ വയോധികർവരെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിൽ മരിക്കുന്നത്. അന്നമ്മ, ഭർത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകൻ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകൾ എന്നിവരാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്.

ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി വടകര റൂറൽ എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. കിട്ടിയ തെളിവുകൾക്ക് വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നുള്ള പരിശോധന. ഡി.എൻ.എ ടെസ്റ്റുൾപ്പെടെ ശാസ്ത്രീയമായ മുഴുവൻ രീതികളും പരിശോധിക്കും. നിലവിൽ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. മതിയായ തെളിവുകളോടെ അന്വേഷണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്‌പി അറിയിച്ചു. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കിട്ടിയെന്ന സൂചനയാണ് എസ് പി പങ്കുവയ്ക്കുന്നത്. റോയി തോമസിന്റെ ഭാര്യ ജോളിയെ ഉൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ജോളിയേയും ഇപ്പോഴത്തെ അവരുടെ ഭർത്താവ് ഷാജുവിനേയും ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിട്ടുണ്ട്. ഇത് ഉറപ്പിക്കാനാണ് കല്ലറ തുറന്നുള്ള പരിശോധന.

കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്നു. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ അടക്കിയ കല്ലറകളാണ് ആദ്യം തുറന്നത്. ആറ് മരണങ്ങളിൽ അവസാനം നടന്ന മരണങ്ങളായത് ഇവരുടെ മരണമായിരുന്നു. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ഫോറൻസിക് പരിശോധനാ ഫലം അതി നിർണ്ണായകമാണ്. സൈനയ്ഡിന്റെ അംശം ഇവരുടെ ശരീരത്തിൽ കടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ബ്രെയിൻ മാപ്പിങ് അടക്കമുള്ള പരിശോധനകളും നടത്താനും ആലോചനയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോഴിക്കോടു നഗരത്തിൽ നിന്നും 33 കിലോ മീറ്റർ അകലെയാണ് കൂടത്തായി. ഇവിടുത്തുകാരെല്ലാം സത്യം അറിയാനുള്ള ആകാംഷയിലാണ്.

2002 മുതൽ വർഷങ്ങളുടെ ഇടവേളകളിലാണ് ഒരു കുടുംബത്തിലെ ആറുപേർ സമാന സ്വഭാവത്തോടെ കുഴഞ്ഞുവീണ് മരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അദ്ധ്യാപിക അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകൾ എന്നിവരാണ് മരിച്ചത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു. ഇവരുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. എന്നാൽ സംശയം തോന്നിയ ടോം തോമസിന്റെ മകൻ റോജോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറൻസിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.

പലരും കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കൾ. മരിച്ച റോയിയുടെ അമേരിക്കയിൽ ജോലിയുള്ള സഹോദരൻ റോജോ നാട്ടിലെത്തിയപ്പോൾ പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയതറിഞ്ഞു. ഇതിൽ സംശയം തോന്നിയാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. റോജോയുടെ പരാതിയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ഇതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് മൃതദേഹങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്‌പി പി ഹരിദാസ് ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ചവരിൽ നാലുപേരുടെ മൃതദേഹം കൂടത്തായി സെമിത്തേരിയിലാണ് അടക്കംചെയ്തത്. മറ്റു രണ്ടുപേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലും.

ഈ മൃതദേഹത്തിലെ പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുക. മരണ പരമ്പരകൾക്ക് ശേഷം റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജുവും റോയിയുടെ ഭാര്യ ജോളിയും തമ്മിൽ വിവാഹിതരായിരുന്നു. ഇതിനിടയിൽ ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കൾ ജോളിയുടെ പേരിലേക്ക് മാറ്റിയത് പരാതിക്കാരനായ റോജോ ഇടപെട്ട് റദ്ദാക്കിയിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനുമുമ്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ്ഭാര്യ ജോളി ആദ്യം ലോക്കൽ പൊലീസിനു മൊഴി നൽകിയിരുന്നത്. എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ഉള്ളിൽ സയെനെഡിന്റെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും അതു രഹസ്യമാക്കി വച്ചു. മരിച്ച അന്നമ്മ തന്റെ മകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകൾ കാണാതാവുകയും ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ മരണങ്ങളെല്ലാം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതു തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ അന്വേഷണമാണ് നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP