Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

ഓയൂർ കിഡ്‌നാപ്പിങ്ങിന് കാരണം കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരം; പിതാവിനെ സമ്മർദ്ദത്തിലാക്കാൻ കണ്ട പോംവഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകൽ

ഓയൂർ കിഡ്‌നാപ്പിങ്ങിന് കാരണം കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരം; പിതാവിനെ സമ്മർദ്ദത്തിലാക്കാൻ കണ്ട പോംവഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂർ കിഡ്‌നാപ്പിങ് കേസിൽ തന്റെ ലക്ഷ്യം കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരം ആയിരുന്നെന്ന് പിടിയിലായ പത്മകുമാറിന്റെ മൊഴി. മകളുടെ നഴ്‌സിങ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നു. എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ല. മാത്രമല്ല, ആ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ല.

ഇതിൽ പ്രകോപിതനായാണ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ പിതാവിനെ സമ്മർദത്തിലാക്കാൻ ചെയ്തുപോയതാണെന്നാണ് പത്മകുമാറിന്റെ മൊഴി. കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന.

എന്നാൽ പത്മകുമാറിന്റെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ മുഖ്യ ആസൂത്രകൻ പത്മകുമാറാണെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കേസിൽ, ചാത്തന്നൂരിൽ മാമ്പള്ളിക്കുന്നത്ത് പത്മകുമാറും ഭാര്യയും മകളുമാണ് തെങ്കാശിയിൽ നിന്നും അറസ്റ്റിലായത്. വീട്ടുമുറ്റത്തു നിന്നും വെള്ള ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ്. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറിൽ ഇയാളുണ്ടായിരുന്നു. വെള്ളക്കാർ സംഭവ ദിവസം നമ്പർപ്ലേറ്റ് മാറ്റിയാണ് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.

കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പറഞ്ഞു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തർക്കമാണ് കാരണമെന്ന് പ്രതികൾ. ഏതു വിധത്തലാണണ് തർക്കമള്ളവരെന്നാണ് അറിയേണ്ടത്. പത്മകുമാർ പ്രദേശത്തു നല്ലരീതിയിൽ ജീവിക്കുന്ന കുടുംബമെന്നാണ് നാട്ടുകാർ പറയുന്നത്. ബേക്കറി നടത്തുന്നയാളാണ് ഇയാൾ. മുമ്പ് കേബിൾ ടിവി സർവീസ് അടക്കം നടന്നിരുന്നു. എന്നാൽ, നാട്ടുകാരുമായി വലിയ സഹകരണം ഉണ്ടായിരുന്നില്ല. പത്്കുമാറിന്റെ ഭാര്യയായിരുന്നു ബേക്കറി നടത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാല്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്ന കാര്യം.

പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. നിലവിൽ ഇവരെ അടൂർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയിൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ ഏറെ ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിതാവിന് നേരിട്ടു സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരാനുണ്ട്.

നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് നീല കാറിനെ കുറിച്ചും അന്വേഷണം നടത്തി. 27ന് വൈകിട്ടാണ് ട്യൂഷൻ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി. ഇതോടെ നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്.

രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. രേഖാചിത്രം പുറത്തുവന്നതോടെ തങ്ങളിലേക്ക് അന്വേഷണം എന്നാണ് പത്മകുമാർ മനസിലാക്കിയത്. ഇതോടെയാണ് ഭാര്യയും മകളുമായി സ്ഥലം വിടാൻ തീരുമാനിച്ചതും. എന്നാൽ, ഇതിനോടകം തന്നെ പൊലീസ് റഡാറിലായിരുന്നു പത്മകുമാർ.

നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടു പോകലിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP