Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മാമന് കഷണ്ടിത്തലയും കണ്ണാടിയും കട്ടിമീശയും': കുട്ടി പറഞ്ഞ വിവരങ്ങൾ വച്ചൊരു സ്‌കെച്ച്; പത്മകുമാറിന്റെ ചുണ്ടിന്റെ ഇടതുവശത്തേക്കുള്ള ചെരിവ് പോലും കിറുകൃത്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഓടിച്ച ആളിന്റെയും രണ്ടുസ്ത്രീകളുടെയും രേഖാചിത്രം വരച്ചത് ദമ്പതിമാർ

'മാമന് കഷണ്ടിത്തലയും കണ്ണാടിയും കട്ടിമീശയും': കുട്ടി പറഞ്ഞ വിവരങ്ങൾ വച്ചൊരു സ്‌കെച്ച്; പത്മകുമാറിന്റെ ചുണ്ടിന്റെ ഇടതുവശത്തേക്കുള്ള ചെരിവ് പോലും കിറുകൃത്യം; കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ ഓടിച്ച ആളിന്റെയും രണ്ടുസ്ത്രീകളുടെയും രേഖാചിത്രം വരച്ചത് ദമ്പതിമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓയൂർ കിഡ്‌നാപ്പിങ് സംഭവത്തിൽ നിർണായകമായത് രേഖാചിത്രങ്ങളുടെ കൃത്യത. കഷണ്ടിത്തല, കണ്ണാടി, കട്ടമീശ, എന്നിങ്ങനെ കുട്ടി നൽകിയ വിവരങ്ങളനുസരിച്ചാണ് പൊലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. പൊലീസ് തെങ്കാശിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത മൂന്നംഗ സംഘത്തിലൊരാളായ ചാത്തന്നൂർ സ്വദേശി പത്മകുമാറിന്റെ ഫോട്ടോയും രേഖാചിത്രവും തമ്മിലുള്ള സാമ്യം വളരെ ശ്രദ്ധേയം. പത്മകുമാറിന്റെ ചുണ്ടിന്റെ ഇടതുവശത്തേക്കുള്ള ചെരിവ് പോലും കിറുകൃത്യമായി വരച്ചിട്ടുള്ളതായിരുന്നു പൊലീസ് പുറത്തുവിട്ട രേഖാചിത്രം.

ആദ്യം പുറത്തുവിട്ട രേഖാചിത്രത്തിന് പുറമേ മൂന്നുപ്രതികളുടെ രേഖാ ചിത്രങ്ങൾ കൂടി പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയുമായി സംസാരിച്ച വിശദാംശങ്ങൾ മനസ്സിലാക്കിയാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചയാളിന്റെയും, ഒളിവിൽ താമസിപ്പിച്ച് വീട്ടിൽ പരിചരിച്ച സ്ത്രീയുടെയും ആശ്രാമം മൈതാനത്തേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന തലയിൽ ഷാൾ ധരിച്ച സ്ത്രീയുടെയും ചിത്രങ്ങളാണ് തയ്യാറാക്കിയത് നേരത്തെ തട്ടുകടയിൽ എത്തിയ പുരുഷന്റെയും, കണ്ണനല്ലൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സ്ത്രീയുടെയും രേഖാചിത്രങ്ങൾ തയ്യാറാക്കിയ സ്മിത എം ബാബുവും ആർ ബി ഷജിത്തുമാണ് ചിത്രങ്ങൾ തയ്യാറാക്കിയത്.

തട്ടുകടയിൽവെച്ച് പ്രതികളെ കണ്ട ഗിരിജ പറഞ്ഞതനുസരിച്ചാണ് ദമ്പതികൾ ആദ്യം വരച്ചത്. പലരീതിയിൽ മാറ്റിയും മറിച്ചും വരച്ചു. ഇതാ ഇത് കറക്ടായെന്നു ഗിരിജ പറഞ്ഞപ്പോൾ ഫൈനൽടച്ചും. അതോടെ ഗിരിജ ഉറപ്പിച്ചു; ഇതുതന്നെ. പൊലീസിനുവേണ്ടി ആദ്യമായാണ് ദമ്പതിമാർ ദൗത്യം ഏറ്റെടുക്കുന്നത്.

സി.ഡിറ്റിലാണ് ഇരുവർക്കും ജോലി. നീരാവിൽ സ്‌കൂളിനുസമീപം കൊച്ചുവരമ്പേൽ താമസിക്കുന്ന ഷജിത്തും സ്മിതയും ഫൈൻആർട്സ് കോളേജിൽനിന്നും കലാപഠനം പൂർത്തിയാക്കിയവരാണ്.പ്രതികളെ കണ്ടെത്താൻ ഈ രേഖാചിത്രം സഹായിച്ചതോടെ കേസന്വേഷണത്തിൽ രേഖ നിർണായക രേഖയായി.

കേസിൽ, ചാത്തന്നൂരിൽ മാമ്പള്ളിക്കുന്നത്ത് പത്മകുമാറും ഭാര്യയും മകളുമാണ് തെങ്കാശിയിൽ നിന്നും അറസ്റ്റിലായത്. വീട്ടുമുറ്റത്തു നിന്നും വെള്ള ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ്. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറിൽ ഇയാളുണ്ടായിരുന്നു. വെള്ളക്കാർ സംഭവ ദിവസം നമ്പർപ്ലേറ്റ് മാറ്റിയാണ് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.

കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പറഞ്ഞു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തർക്കമാണ് കാരണമെന്ന് പ്രതികൾ. ഏതു വിധത്തലാണണ് തർക്കമള്ളവരെന്നാണ് അറിയേണ്ടത്. പത്മകുമാർ പ്രദേശത്തു നല്ലരീതിയിൽ ജീവിക്കുന്ന കുടുംബമെന്നാണ് നാട്ടുകാർ പറയുന്നത്. ബേക്കറി നടത്തുന്നയാളാണ് ഇയാൾ. മുമ്പ് കേബിൾ ടിവി സർവീസ് അടക്കം നടന്നിരുന്നു. എന്നാൽ, നാട്ടുകാരുമായി വലിയ സഹകരണം ഉണ്ടായിരുന്നില്ല. പത്്കുമാറിന്റെ ഭാര്യയായിരുന്നു ബേക്കറി നടത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാല്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്ന കാര്യം.

പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. നിലവിൽ ഇവരെ അടൂർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയിൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ ഏറെ ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിതാവിന് നേരിട്ടു സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരാനുണ്ട്.

നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് നീല കാറിനെ കുറിച്ചും അന്വേഷണം നടത്തി. 27ന് വൈകിട്ടാണ് ട്യൂഷൻ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്.

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി. ഇതോടെ നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്.

രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. രേഖാചിത്രം പുറത്തുവന്നതോടെ തങ്ങളിലേക്ക് അന്വേഷണം എന്നാണ് പത്മകുമാർ മനസിലാക്കിയത്. ഇതോടെയാണ് ഭാര്യയും മകളുമായി സ്ഥലം വിടാൻ തീരുമാനിച്ചതും. എന്നാൽ, ഇതിനോടകം തന്നെ പൊലീസ് റഡാറിലായിരുന്നു പത്മകുമാർ.

നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശിയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. മൊബൈൽ ഉപയോഗിക്കാത്തതിനാൽ അറസ്റ്റിലാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം. ഭാര്യക്കും മകൾക്കും തട്ടിക്കൊണ്ടു പോകലിൽ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അറസ്റ്റുചെയ്യുന്നതായി കൊല്ലം കമ്മി ഷണറുടെ സ്‌ക്വാഡ് അറിയിച്ചപ്പോൾ ചെറുത്തുനിൽപ്പില്ലാതെ പ്രതികൾ കീഴടങ്ങി. കൊല്ലത്തെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് പൊലീസ് പറയുമ്പോഴും കൂടുതൽ കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ പുറത്തുവരാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP