Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം

കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്. കടയിൽ കയറി പാവം കടയുടമയെ പറ്റിച്ച തട്ടിക്കൊണ്ടു പോകലുകാർ. ആദ്യ നാലു മണിക്കൂറിൽ പൊലീസിന് സംഭവിച്ചത് നിരവധി വീഴ്ചകളാണ്. തട്ടിക്കൊണ്ടു പോയത് സ്വിഫ്റ്റ് കാറിലാണ്. എന്നാൽ പൊലീസ് അദ്യം പറഞ്ഞത് അമേസ് കാറാണെന്നും. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ സഹോദരൻ സ്വിഫ്റ്റ് കാറാണെന്ന സംശയം പറഞ്ഞിട്ടും അതും മുഖവിലയ്ക്കെടുത്തില്ല. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലും വീഴ്ച വന്നു. അങ്ങനെ കേരളത്തെ മുൾമുനയിൽ നിർത്തിയ തട്ടിക്കൊണ്ടു പോകൽ അന്വേഷണ വീഴ്ചകളുടെ കൂടെയാവുകയാണ്.

ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാനവ്യാപകമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോൾ കാറിലെത്തിയ സംഘം അഭിഗേളിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. വൈകിട്ട് നാലരയോടെയാണിത്. കാറ്റാടിമുക്കിൽവെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥൻ പറയുന്നു. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.

കേരളത്തിലുടനീളം റോഡുകളിൽ പൊലീസ് പരിശോധനയ്ക്ക് ഇറങ്ങി. ചാനൽ ക്യാമറകളെ സാക്ഷിയാക്കിയായിരുന്നു പരിശോധന. പക്ഷേ ഒരു പൊലീസുകാരനും കാറിന്റെ ഡിക്കി പരിശോധിച്ചില്ല. പകരം ഡ്രൈവറോട് കുട്ടിയുണ്ടോ എന്ന് തിരക്കി കാറുകളെ പറഞ്ഞു വിട്ടു. തട്ടിക്കൊണ്ടു പോകൽ സിനിമകൾ കാണുന്നവർക്ക് പോലും ഡിക്കിയുടെ പ്രാധാന്യം അറിയാം. പക്ഷേ അതിവിടെയുണ്ടായില്ല. ഇതിനൊപ്പം ഹുണ്ടായ് അമേസ് കാറിലാണ് തട്ടിക്കൊണ്ടു പോയതെന്നും പ്രചരിപ്പിച്ചു. പൊലീസിൽ നിന്നാണ് ഈ വിവരം പോയത്. എന്നാൽ രാത്രി ഒൻപതരയോടെ തട്ടിക്കൊണ്ടു പോയത് സ്വിഫ്റ്റ് കാറിലെന്ന് പൊലീസ് പറയുന്നു. ആദ്യമേ യഥാർത്ഥ കാർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ കേരളം മുഴുവൻ ആ സ്വിഫ്റ്റിന് പിന്നാലെ പോകുമായിരുന്നു. ഏതായാലും ഇരുചക്ര വാഹന നമ്പരാണ് തട്ടിക്കൊണ്ടു പോയ കാറിലുണ്ടായിരുന്നത്.

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ച ഫോൺ നമ്പറിലായിരുന്നു ആദ്യ പ്രതീക്ഷ. എന്നാൽ അതൊരു കടയുടേതായിരുന്നു. ഒരു സ്ത്രീയും പുരുഷനും പാരിപ്പള്ളിയിലെ കടയിൽ വന്ന് സാധനം വാ്ങ്ങി. ബിസ്‌കറ്റും മറ്റുമാണ് വാങ്ങിയത്. അതിന് ശേഷം ആ കടയിലെ സ്ത്രീയുടെ ഫോൺ വാങ്ങി. അതിൽ നിന്നും കുട്ടിയുടെ അമ്മയെ വിളിച്ചു. ഇവിടെ അവരെത്തിയത് ഓട്ടോയിലാണ്. കടയുടെ കുറച്ചു മുമ്പ് ഓട്ടോ നിർത്തിയ ശേഷമായിരുന്നു ഫോൺ വാങ്ങിയുള്ള വിളി.

പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺകോൾ വന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി പരിശോധന നടത്തി. വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ വന്നത്. പക്ഷേ ഫോൺ വിളിച്ചത് അവരല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓട്ടോയിൽ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി സ്ത്രീയുടെ മൊബൈൽ ഒരു ഫോൺ വിളിക്കാനുണ്ടെന്ന കാരണം പറഞ്ഞുവാങ്ങി. അതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവർ എന്താണ് സംസാരിച്ചത് എന്നത് വ്യക്തമായില്ല.ഓട്ടോയിൽ വന്ന ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചന ദ്രവ്യം ആവശ്യപ്പെട്ടാണ് ഫോൺകോൾ വന്നത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഫോൺ കോൾ എത്തിയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകിയെന്ന് റൂറൽ എസ്‌പി അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

കുട്ടിക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറൽ എസ്‌പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും, കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും, വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്.

വിവരം കിട്ടിയാൽ അറിയിക്കുക

9946923282, 9495578999

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP