Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

ഓയൂരിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്തിയെന്ന വാർത്ത തെറ്റെന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ വാഹന ഉടമയെയും മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി; കുട്ടിയെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി തിരച്ചിൽ; കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘം

ഓയൂരിൽ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്തിയെന്ന വാർത്ത തെറ്റെന്ന് പൊലീസ്; തട്ടിക്കൊണ്ടുപോയ വാഹന ഉടമയെയും മൊബൈൽ നമ്പറിന്റെ ഉടമയെയും കണ്ടെത്തി; കുട്ടിയെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി തിരച്ചിൽ; കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽ, നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കുട്ടിയെ കടത്തിയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നു. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.

കാണാതായ ആറുവയസ്സുകാരിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചു. മാധ്യമങ്ങളിൽ കുട്ടിയെ കണ്ടെത്തി എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുന്നുണ്ട്. അതിനാലാണ് പൊലീസ് ഈ വാർത്ത തെറ്റാണെന്ന് വിശദീകരിച്ച് രംഗത്ത് വന്നത്. അതിനാൽ ആരും തന്നെ തെറ്റായ വാർത്ത പങ്കു വയ്ക്കരുതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയ്ക്ക് ഫോൺകോൾ വന്നിരുന്നു. കുട്ടിയുടെ കൈയിൽ നിന്നാണ് അമ്മയുടെ നമ്പർ ലഭിച്ചതെന്നാണ് തട്ടിക്കൊണ്ടുപോയവർ അറിയിച്ചത്. വൈകിട്ട് 7.45 ഓടെയാണ് ഫോൺ വന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ പൊലീസ് ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. പ്രധാന റോഡുകളിലുൾപ്പെടെ കാർ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വഴികളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കൂടാതെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപക അന്വേഷണത്തിന് നിർദ്ദേശം നൽകി. തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്.

സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പ്രാഥമിക വിവരം. ഈ കാർ മുൻപും സ്ഥലത്ത് കണ്ടതായാണ് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞത്. തട്ടിക്കൊണ്ടുപോയവർ മുഖംമൂടി ധരിച്ചിരുന്നതായി കുട്ടിയുടെ സഹോദരൻ ജൊനാഥൻ അറിയിച്ചു. ജൊനാഥനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. കുറച്ചുനേരം ജൊനാഥനെ വലിച്ചിഴച്ച സംഘം പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതിന്റെ ഭാഗമായി ജൊനാഥന് ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ട്. നാലംഗസംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിൽ ഒരു സ്ത്രീയുമുണ്ട്.

ആവശ്യപ്പെട്ടത് അഞ്ചുലക്ഷം മോചന ദ്രവ്യം

6 വയസ്സുകാരിയുടെ മോചനത്തിനായി സംഘം മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതയാണ്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകു എന്നായിരുന്നു ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ അമ്മയോട് പറഞ്ഞത്.

കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളോടു പറഞ്ഞത്. എന്നാൽ കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. എംസി റോഡിലടക്കം പൊലീസ് വിശദമായ പരിശോധന നടത്തുകയാണ്.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഭികേൽ സാറ. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാർ നേരത്തെ തന്നെ ഈ പരിസരത്തു കണ്ടിരുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ മക്കൾ പറഞ്ഞിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും പണം നൽകണമെന്നുമാണ് ഫോൺ ചെയ്ത സ്ത്രീ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് റെജി ജോണിന്റെ മകൾ അഭിഗേൽ സാറ റെജിയെയാണ്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം. തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു.

സംഭവത്തെ കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ ജോനാഥൻ പറയുന്നത് ഇങ്ങനെ:

ഒരുപേപ്പറ് തന്ന് അത് അമ്മച്ചിക്ക് കൊടുക്കാവെന്ന് പറഞ്ഞ്, ഞാൻ മേടിച്ചില്ല, അപ്പോഴത്തേക്കും അവളെ പിടിച്ചുവലിച്ച് എന്റെ കയ്യും പിടിച്ച്, എന്റെ കയ്യിൽ ഒരു കമ്പുണ്ടായിരുന്നു, അതുകൊണ്ട് അടിച്ചിട്ടും അവര് വിട്ടില്ല, വലിച്ചിഴച്ചോണ്ട് പോയി.

മോന് അറിയാവുന്ന ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ തനിക്കറിഞ്ഞുകൂടാ എന്നാണ് കുട്ടിയുടെ മറുപടി. നാല് പേരുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും ഒരുപെണ്ണും

പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളിൽ കാറ് കണ്ടെത്തി. എന്നാൽ കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമല്ല. അതേസമയം, തിരുവനന്തപുരം രജിസ്‌ട്രേഷനാണെന്ന് പൊലീസ് പറയുന്നു.

വിവരം കിട്ടുന്നവർ ഈ നമ്പറുകളിൽ അറിയിക്കുക: 9946923282, 9495578999

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP