Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അമ്മയുടെ നിലവിളി കേട്ട് ഇറങ്ങി വന്നത് മരണത്തിലേക്ക്; 24കാരിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതോടെ; അഭിരാമിയുടെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പൊലീസും

അമ്മയുടെ നിലവിളി കേട്ട് ഇറങ്ങി വന്നത് മരണത്തിലേക്ക്; 24കാരിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തതോടെ; അഭിരാമിയുടെ കൊലപാതകിയെ കസ്റ്റഡിയിലെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: 24കാരിയായ യുവതിയെ അയൽവാസി കൊലപ്പെടുത്തിയത് മലിനജലം ഒഴുക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ. കൊല്ലം ആശ്രാമം ഉളിയക്കോവിൽ സ്‌നേഹനഗർ ദാമോദര മന്ദിരത്തിൽ മോസസ്‌ ദാമോദരന്റെ മകൾ അഭിരാമി(24)യാണ്‌ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ അയൽവാസിയായ ഉമേഷ്‌ബാബു(62)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെ തുടർന്ന് സ്വയം പരിക്കേൽപ്പിച്ച ശേഷം ഉമേഷ്‌ബാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ ശകുന്തള, മകൾ സൗമ്യ എന്നിവരും കസ്‌റ്റഡിയിലാണ്‌.

അഭിരാമിയും അയൽവാസിയായ ഉമേഷ് ബാബുവും തമ്മിൽ വീട്ടിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി തർക്കമുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. അഭിരാമിയുടെ വീടിനു മുന്നിലൂടെ മലിനജലം ഒഴുക്കരുതെന്ന് ഉമേഷ് ബാബുവിനെ പൊലീസ് താക്കീത് ചെയ്തു. വ്യാഴാഴ്‌ച്ച രാത്രിയും ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടായി. തർക്കതിനിടെ ഉമേഷ് ബാബു അഭിരാമിയെയും അമ്മ ലീനയെയും കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഉമേഷ് സ്വയം പരുക്കേൽപ്പിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീനയും ആശുപത്രിയിൽ ചികിൽസയിലാണ്.

വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അഭിരാമിയുടെ വീടിന്‌ മുമ്പിലൂടെ പ്രതിയുടെ വീട്ടിൽ നിന്നുള്ള മലിനജലം ഒഴുകുന്നത്‌ സംബന്ധിച്ച്‌ പൊലീസ്‌ കേസ്‌ നിലവിലുണ്ട്‌. സംഭവദിവസം രാത്രി വീടിന്‌ മുമ്പിൽ വിദേശത്തുള്ള ഭർത്താവുമായി ലീന മൊബൈൽ ഫോണിൽ സംസാരിക്കുന്നത്‌ ഉമേഷ്‌ബാബു മൊബൈൽ ഫോണിൽ പകർത്തി.ഇത്‌ ലീന ചോദ്യം ചെയ്‌തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന്‌ ഉമേഷ്‌ബാബു വീട്ടിൽനിന്നു കത്തിയെടുത്തുകൊണ്ടു വന്ന്‌ ആക്രമിക്കയായിരുന്നു. കഴുത്തിലും നെഞ്ചത്തും കുത്തേറ്റ ലീനയുടെ നിലവിളി കേട്ട്‌ അക്രമം തടയാനെത്തിയ അഭിരാമിയെ പ്രതി വയറ്റിൽ കുത്തി വീഴ്‌ത്തി.

അഭിരാമി സംഭവസ്‌ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ ഈസ്‌റ്റ്‌ പൊലീസാണു മൂന്നുപേരെയും ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്ക്‌ ശ്രമിക്കയായിരുന്നു അഭിരാമി. ബംഗളൂരുവിൽ ജോലിയുള്ള ക്ലിന്റ്‌ മോസസ്‌ ഏക സഹോദരനാണ്‌.

അച്ഛൻ മോസിസ് സൗദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. അയൽവാസികൾക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു അഭിരാമി. പഠനത്തിലും മിടുക്കി. കൊല്ലം എസ്എൻ വിമൺസ് കോളേജിൽനിന്ന്‌ ഉയർന്ന മാർക്കോടെയാണ് ബിഎസ്‌സി ഫിസിക്സ്‌ പാസായത്. കോവിഡ് കാരണമാണ്‌ ബംഗളൂരുവിലെ പഠനം വൈകിയത്‌. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്ന അഭിരാമി ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും വിൽപ്പനയും നടത്തിയിരുന്നു. ചെറിയ രീതിയിൽ വസ്ത്ര വ്യാപാരശാലയും അഭിരാമിയുടെ സ്വപ്‌നമായിരുന്നു.

റോഡിലേക്കുള്ള ഓവിലൂടെ മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കിവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിർവശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവർക്കായിരുന്നു. പല തവണ അഭിരാമിയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP