Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളുകൾ; ന്യൂജൻ ഉപകരണങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന കൊട്ടാര ഭവനങ്ങൾ; മുറ്റത്ത് ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ; കൂട്ടിന് അര ഡസനോളം പുത്തൻ ബൈക്കുകളും; ജൂവലറികളുടെ നഗരം എന്നറിയപ്പെടുന്ന കൊടുവള്ളി ഇന്ന് സ്വർണക്കടത്തുകാരുടെ കേന്ദ്രം; ഒറ്റുകാരെ പാഠം പഠിപ്പിക്കാൻ 'ടോർച്ചറിങ്ങ് ഹൗസുകൾ'; രാത്രിയിൽ ഉയരുന്ന നിലവിളികൾ; കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരുടെ വീടുകൾ കണ്ട് കണ്ണുതള്ളി കസ്റ്റംസും

റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളുകൾ; ന്യൂജൻ ഉപകരണങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന കൊട്ടാര ഭവനങ്ങൾ; മുറ്റത്ത് ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ; കൂട്ടിന് അര ഡസനോളം പുത്തൻ ബൈക്കുകളും; ജൂവലറികളുടെ നഗരം എന്നറിയപ്പെടുന്ന കൊടുവള്ളി ഇന്ന് സ്വർണക്കടത്തുകാരുടെ കേന്ദ്രം; ഒറ്റുകാരെ പാഠം പഠിപ്പിക്കാൻ 'ടോർച്ചറിങ്ങ് ഹൗസുകൾ'; രാത്രിയിൽ ഉയരുന്ന നിലവിളികൾ; കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരുടെ വീടുകൾ കണ്ട് കണ്ണുതള്ളി കസ്റ്റംസും

എം.ബേബി

കോഴിക്കോട്: വ്യവസായിയും കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലറുമായ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതോടെ, സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ നടന്ന നയതന്ത്ര കള്ളക്കടത്തിന്റെ അന്വേഷണം കോഴിക്കോട്ടെ സ്വർണ്ണ നഗരം എന്ന് അറിയപ്പെടുന്ന കൊടുവള്ളിയിലേക്കും നീങ്ങുകയാണ്. കൊടുവള്ളി മാഫിയ എന്ന് അറിയപ്പെടുന്ന സ്വർണ്ണക്കള്ളക്കടത്തു സംഘത്തിന് ഇതിലും ബന്ധമുണ്ടെന്ന് കസ്റ്റസിനും എൻഐഎക്കും വ്യക്തമായ സൂചനകൾ കിട്ടിയിട്ടുണ്ട്.

കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിൽ ഇന്നു പുലർച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. റെയ്ഡിൽ ചില ഡിജിറ്റൽ രേഖകളും മൊബൈൽ സന്ദേശങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ആദ്യഘട്ടത്തിൽ വന്ന 80 കിലോ സ്വർണം തൃശിനാപ്പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ വിൽക്കാൻ ശ്രമിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനി എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.പക്ഷേ ഫൈസലിന്റെയടക്കമുള്ള ഈ പ്രദേശത്തെ വീടുകളും കുടിൽ വ്യവസായം പോലെ സ്വർണ്ണക്കടത്ത്- കുഴൽപ്പണ ബിസിനസ് നടത്തുന്നവുടെയും സൗകര്യങ്ങളും കണ്ട് റെയിഡിന് എത്തിയാവും ഞെട്ടി എന്നാണ് അറിയുന്നത്.

റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ്പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് ഇവിടെ പല ഹവാലക്കാരും കഴിയുന്നത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഡംബരവാഹനങ്ങൾ മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തൻ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരിയിലെയും ഒരു ശരാശരി സ്വർണക്കച്ചവടക്കാരന്റെയൊക്കെ വീടുകണ്ടാൽ ഇൻകം ടാക്‌സുകാരുടെയൊക്കെ കണ്ണുതള്ളിപ്പോവും. ഈ പണമൊക്കെ എവിടെനിന്ന് കുത്തി ഒലിച്ചുവരുന്നു എന്നുചോദിച്ചാൽ ആർക്കും മറുപടിയുണ്ടാവില്ല.

മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവെച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്. ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്. അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോവലും അക്രമവും മർദനവും ഇവിടെ പതിവാവകുയാണ്. ഒരു പ്രമുഖ നേതാവ് ഇങ്ങനെ ഒരു 'ടോർച്ചറിങ്ങ് ഹൗസ് 'തന്നെ കൊടുവള്ളിയിൽ പണിതായി നാട്ടുകാർ പറയുന്നു.ഇവിടെ നിന്ന് രാത്രികളിൽ നിലവിളികളും കേൾക്കാമെന്നും പറയുന്നു. ഈ വിവരങ്ങൾ ഒക്കെയും കസ്റ്റംസ് അധികൃതർ ചോദിച്ചറിഞ്ഞിട്ടുണ്ട്.

കൊടുവള്ളിയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. കാരട്ട് റസാഖ് ജയിച്ചതിൽ നിന്നുതന്നെ കുഴൽപ്പണലോബിയുടെ ശക്തിയും വ്യക്തമാണ്. എംഎൽഎ തൊട്ട് പഞ്ചായത്ത് മെമ്പർ വരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെ വരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്ത കാര്യമല്ല.

നോട്ട് നിരോധനം വന്നതോടെ എല്ലാവരും കരുതിയത് കുഴൽപ്പണക്കാരുടെ ചീട്ട് കീറിയെന്നാണ്. എന്നാൽ സംഭവിച്ചത് നേരേ മറിച്ചാണ്. ഒറ്റ കുഴൽപ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്ലെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കാരണം കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറൻസിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയൽഎസ്റ്റേറ്റ് ബിസിനസുകൾ, വൻകിട ആശുപത്രികൾ, സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്. ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും. ആകെയുള്ള പ്രതിസന്ധി കുഴൽപ്പണവിതരണം താൽക്കാലികമായി നടക്കുന്നില്ല എന്നുമാത്രമാണ്. അതുമൂലം തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഇപ്പോൾ ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്കെടുക്കുകയാണ്.

ഗൾഫിൽ ജോലിചെയ്യുന്ന സാധാരണക്കാരാണ് കൂഴൽപ്പണലോബിയുടെ വലയിൽ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയിൽ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്. പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. കുഴൽപ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാർ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്ലെന്നുമാണ് ഇവരുടെ വാദം. ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയിൽടാക്‌സും എക്‌സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കുമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിന്റെ വിപത്തുകൾ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്‌നങ്ങളും വർധിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടനകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.

ഇതുകൊണ്ടൊക്കെ പ്രദേശത്തെ ചെറുപ്പക്കാരിൽ ഒരു ഭാഗവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചെറുപ്പത്തിൽതന്നെ എളുപ്പം പണം ഉണ്ടാക്കാവുന്നതുകൊണ്ട് അവരൊക്കെ ഇത്തരം സംഘങ്ങളിൽ പെടുന്നു. ഇത് സൃഷ്ടിക്കുന്ന സാംസ്‌കാരിക അരാജകത്വം അടുത്തകാലത്താണ് ഈ നാട് തിരച്ചറിഞ്ഞത്. ചെറുപ്പക്കാരിൽ നല്ലൊരു വിഭാഗവും മദ്യത്തിനും മറ്റും അടിമപ്പെടുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കാമ്പയിനിൽ ഇത്തരം സംഘങ്ങളെ പേരെടുത്ത് വിമർശിച്ചിരുന്നു. ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്‌ക്കാരത്തെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം ആർക്കും ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP