Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളനോട്ടടിച്ച മുൻ യുവമോർച്ചാ നേതാവ് വീണ്ടും പിടിയിലാകുമ്പോൾ തെളിയുന്നത് പൊലീസ് വീഴ്‌ച്ച; കമ്മട്ടം സഹിതം വീട്ടിൽ നിന്നും പിടികൂടിയ രാകേഷിന് അന്തർസംസ്ഥാന കള്ളനോട്ട് മാഫിയയുമായി ബന്ധം; കൊടുവള്ളിയിൽ പിടികൂടിയത് ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയ കള്ളനോട്ടുകൾ; കള്ളനോട്ടുകൾക്ക് വിപണിയായതു കൊടുവള്ളിയിലെ ജുവല്ലറികൾ; കള്ളക്കടത്തും ഹവാല ഇടപാടുകളുമായി ഒരു മിനി അധോലോകമായി മാറിയ കൊടുവള്ളിയിൽ രാകേഷ് ഇറങ്ങിയത് കൃത്യമായ പ്ലാനുമായി; വിശദ അന്വേഷണത്തിന് പൊലീസ്

കള്ളനോട്ടടിച്ച മുൻ യുവമോർച്ചാ നേതാവ് വീണ്ടും പിടിയിലാകുമ്പോൾ തെളിയുന്നത് പൊലീസ് വീഴ്‌ച്ച; കമ്മട്ടം സഹിതം വീട്ടിൽ നിന്നും പിടികൂടിയ രാകേഷിന് അന്തർസംസ്ഥാന കള്ളനോട്ട് മാഫിയയുമായി ബന്ധം; കൊടുവള്ളിയിൽ പിടികൂടിയത് ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയ കള്ളനോട്ടുകൾ; കള്ളനോട്ടുകൾക്ക് വിപണിയായതു കൊടുവള്ളിയിലെ ജുവല്ലറികൾ; കള്ളക്കടത്തും ഹവാല ഇടപാടുകളുമായി ഒരു മിനി അധോലോകമായി മാറിയ കൊടുവള്ളിയിൽ രാകേഷ് ഇറങ്ങിയത് കൃത്യമായ പ്ലാനുമായി; വിശദ അന്വേഷണത്തിന് പൊലീസ്

എം മനോജ് കുമാർ

കൊടുവള്ളി: കൊടുവള്ളിയിൽ പിടികൂടിയ കള്ളനോട്ടുകൾക്ക് കർണാടക ബന്ധം. ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇന്നലെ കൊടുവള്ളി പൊലീസ് മിന്നൽ നീക്കത്തിലൂടെ സമർഥമായി പിടിച്ചത്. കള്ളനോട്ട് കേസിൽ ഇപ്പോൾ അറസ്റ്റിലായ മുൻ യുവമോർച്ചാ നേതാവ് എരാശേരി രാകേഷ് 2017 ലെ കള്ളനോട്ട് കേസിലെ പ്രതിയാണ്. രാകേഷും കൂട്ടുപ്രതി സുനീറുമാണ് ഇന്നലെ കൊടുവള്ളി പൊലീസിന്റെ പിടിയിൽപ്പെട്ടത്. 200, 500 നോട്ടുകൾ അടങ്ങിയതാണ് ഇന്നലെ പിടികൂടിയ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ കള്ളനോട്ടുകൾ. ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയതാണ് ഈ കള്ളനോട്ടുകൾ. കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓമശ്ശേരിയിൽ വച്ചാണ് പിടിയിലായത്. കൊടുവള്ളി സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ പേരിലാണ് രാകേഷും സുനീറും അറസ്റ്റിലാകുന്നത്.

അധോലോകവും ഗോൾഡ് മാഫിയയും അരങ്ങു തകർക്കുന്ന കൊടുവള്ളിയിൽ വിതരണത്തിനു എത്തിച്ച കള്ളനോട്ടുകളാണ് പിടിയിലായത്. ഒറിജിനൽ നോട്ടുകളും വ്യാജനും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്ന രീതിയിലുള്ള കള്ളനോട്ടുകളാണ് ഇപ്പോൾ പിടികൂടിയതിലുള്ളത്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ വ്യാജനെ മനസിലാക്കാൻ സാധിക്കൂ. നോട്ടു കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകൾക്ക് മാത്രമാണ് ഇവ തിരിച്ചറിയാൻ കഴിയുക. അത്ര സസ്മൂക്ഷമം അച്ചടിച്ച നോട്ടുകൾ ആണിവ. അതുകൊണ്ട് തന്നെ നോട്ടിന്റെ നിർമ്മിതിയെക്കുറിച്ച് വിപുലമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. കർണാടക കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിനാണ് രാകേഷിന്റെ അറസ്റ്റ് ഇപ്പോൾ വഴിയൊരുക്കുന്നത്.

കൊടുവള്ളിയിൽ അപകടം മണത്ത് വീണ്ടും പൊലീസ്

കർണാടക കള്ളനോട്ടുകൾക്ക് വിപണിയായി ജൂവലറികളുടെ ജൂവലറി എന്ന് അറിയപ്പെടുന്ന കൊടുവള്ളി തന്നെ തിരഞ്ഞെടുത്തതിൽ കോഴിക്കോട് റൂറൽ പൊലീസ് അപകടം മണക്കുകയാണ്. കഴിഞ്ഞ കള്ളനോട്ടു കേസിൽ പിടിയിലായി തൃശൂർ മതിലകം ജയിലിൽ കിടന്നപ്പോഴാണ് കള്ളനോട്ടുകൾ ഉൾപ്പെടുന്ന വൻ അധോലോക മാഫിയയുമായി രാകേഷ് അടുപ്പത്തിലാകുന്നത്. ഈ അടുപ്പം തന്നെയാണ് കർണാടക കള്ളനോട്ടു വിപണി നിയന്ത്രിക്കുന്ന മുരുകനുമായി നേരിട്ട് ബന്ധത്തിലേക്ക് രാകേഷിനെ നയിച്ചത് എന്നാണ് കൊടുവള്ളി പൊലീസ് കരുതുന്നത്. മുരുകന്റെ കയ്യിൽ നിന്നും രാകേഷ് വാങ്ങിയതാണ് ആണ് ഇപ്പോൾ പിടികൂടിയ കള്ളനോട്ടുകൾ.

രാകേഷിനൊപ്പം അറസ്റ്റിലായ സുനീറാണ് കൊടുവള്ളിയിൽ കള്ളനോട്ടു വിതരണം നടത്താനുള്ള ഇടപാടുകാരനെ രാകേഷിനു കണ്ടെത്തിക്കൊടുക്കുന്നത്. ഇവർക്ക് കൈമാറാനായി ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ആണ് രാകേഷും സുനീറും കൂടി എത്തിച്ചത്. 50000 രൂപ ഇടപാടുകാരൻ നല്കിയാ ഇവർ ഒരു ലക്ഷത്തി എഴുപതിനായിരം കള്ളനോട്ടുകൾ ഇടപാടുകാരനു കൈമാറും. അധികമായി രാകേഷ് കയ്യിൽ കരുതിയതാണ് 20000 രൂപയുടെ കള്ളനോട്ടുകൾ. കള്ളനോട്ടുകൾ പിടികൂടിയപ്പോൾ അധികമായി കരുതിയ കള്ളനോട്ടുകൾ കൂടി ഒപ്പം പിടിയിലായി എന്നാണ് കൊടുവള്ളി പൊലീസ് മറുനാടനോട് പറഞ്ഞത്.

കർണാടകയിലെ അധോലോകവും കള്ളനോട്ടും നിയന്ത്രിക്കുന്നതിൽ വലിയ പങ്കുള്ളയാളാണ് പൊലീസ് എപ്പോഴും ശ്രദ്ധ വയ്ക്കുന്ന മുരുകൻ. കഴിഞ്ഞ തവണ കള്ളനോട്ടു കേസിൽ തൃശൂരിൽ രാകേഷ് ജയിലിൽ കിടന്നപ്പോൾ അധോലോക മാഫിയകളുമായി നേരിട്ട് ബന്ധമുണ്ടാക്കി. തൊണ്ണൂറു ദിവസം ജയിലിൽ കിടന്നു പുറത്തിറങ്ങിയപ്പോൾ രാകേഷ് മുരുകനുമായി ബന്ധമുണ്ടാക്കി. മുരുകനിൽ നിന്നാണ് കള്ളനോട്ടുകൾ കേരളത്തിലേക്ക് രാകേഷ് എത്തിക്കുന്നത്. രാകേഷിനു കൂട്ട് കർണാടകയിലെ മുരുകനും. മുരുകന്റെ വിശ്വസ്തനാണ് പൊലീസ് പിടിയിലുള്ള ഈ മുൻ യുവമോർച്ചാ നേതാവ്. കർണാടകയിലെ കള്ളനോട്ടു രംഗം നിയന്ത്രിക്കുന്ന കർണാടക പൊലീസിന്റെ നോട്ടപ്പുള്ളിയാണ് മുരുകൻ. മുരുകൻ വഴി വരുന്ന കള്ളനോട്ടുകൾ കേരളത്തിൽ രാകേഷ് എത്തിക്കുമ്പോൾ രാകേഷിനെ സഹായിക്കുന്നയാളാണ് ഇപ്പോൾ പൊലീസ് പിടികൂടിയ സുനീർ. രാകേഷ് കള്ളനോട്ടുകൾ എത്തിക്കും. സുനീർ ഇടപാടുകാരെ എത്തിക്കും. ഇങ്ങിനെ ഇടപാടുകാരിലെക്ക് രാകേഷിനെ എത്തിക്കുമ്പോഴാണ് സുനീറും പൊലീസ് പിടിയിലായത്.

രാകേഷ് വില്പന നടത്തിയത് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ

കഴിഞ്ഞ തവണ പിടിയിലായ ശേഷമുള്ള ആദ്യ ഓപ്പറേഷൻസ് ആണ് കൊടുവള്ളിയിലേത് എന്ന് രാകേഷ് പൊലീസിന് മൊഴി നൽകിയെങ്കിലും പൊലീസ് ഇത് വിശ്വസിച്ചില്ല. കാരണം ഇതിന്നിടയിൽ അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ രാകേഷ് വിജയകരമായി കേരളത്തിൽ വിറ്റഴിച്ചിട്ടുണ്ട്. ഇതും ഇപ്പോൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. രാകേഷിനെ ഇന്നു തന്നെ റിമാൻഡ് ചെയ്യും. അതിനുശേഷം ഇരു പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അതിനുശേഷം വിപുലമായ അന്വേഷണം തന്നെ കള്ളനോട്ടു കേസിൽ നടക്കും-താമരശ്ശേരി ഡിവൈഎസ്‌പി എൻ.വി. അബ്ദുൾഖാദർ മറുനാടനോട് പറഞ്ഞു. അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ള ഒരു ലോബി ഈ കള്ളനോട്ടു കേസിനും പിറകിലുണ്ട്. കർണാടകയിലെ കള്ളനോട്ട് വിപണി നിയന്ത്രിക്കുന്ന മുരുകനും രാകേഷും തമ്മിലുള്ള ബന്ധം വെളിയിൽ വരേണ്ടതുണ്ട്. കള്ളനോട്ടു ലോബിയും കൊടുവള്ളിയും തമ്മിലുള്ള ബന്ധവും വെളിയിൽ വരേണ്ടതുണ്ട്. അതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യും-ഡിവൈഎസ്‌പി പറയുന്നു.

യുവമോർച്ചാ നേതാവായിരിക്കെയാണ് എരാശ്ശേരി രാകേഷ് ആദ്യമായി കള്ളനോട്ട് കേസിൽ കുരുങ്ങുന്നത്. 1,37,590 രൂപയുടെ കള്ള നോട്ടുകളാണ് അന്ന് പിടിച്ചെടുത്തിരുന്നത്. യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുണ്ട് രാകേഷ്. ഇയാളെ പാർട്ടി പുറത്താക്കുകയായിരുന്നു. നോട്ട് നിരോധന സമയത്ത് ജനങ്ങൾ ബാങ്കിനു മുമ്പിൽ വരി നിൽക്കുമ്പോഴായിരുന്നു ഈ യുവമോർച്ചാ നേതാവിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്ന് രാജ്യമൊട്ടാകെ ബിജെപിക്കെതിരെ രാകേഷിനെ മുൻനിർത്തി ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്‌ടോപ്പും സ്‌കാനറും ആധുനിക രീതിയിലുള്ള കളർ പ്രിന്ററും രാകേഷ് സജ്ജീകരിച്ചിരുന്നത്. കള്ളനോട്ടുകൾ എ ഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു. ഇപ്പോഴും രണ്ടു ലക്ഷത്തിന്നടുത്തുള്ള കള്ളനോട്ടുമായാണ് രാകേഷ് വീണ്ടും പിടിയിലാകുന്നത്.

അധോലോക ബന്ധങ്ങൾക്ക് കൊടുവള്ളി എന്നും കുപ്രസിദ്ധം

വിതരണത്തിനു എത്തിച്ച രണ്ടു ലക്ഷത്തിൽപ്പരം കള്ളനോട്ടുകൾ കൊടുവള്ളിയിൽ നിന്നും പിടിച്ചതോടെ കൊടുവള്ളിയിലെ അധോലോക മാഫിയാ ബന്ധങ്ങൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സ്വർണ്ണക്കച്ചവടത്തേക്കാളുപരി ഹവാലയും സ്വർണ്ണക്കടത്തുമാണ് കൊടുവള്ളിക്ക് ലാഭമുള്ള കച്ചവടം. സ്വർണ്ണക്കടത്ത് മാത്രമല്ല, മോഷ്ടിച്ച സാധനങ്ങളുടെ വിൽക്കലും വാങ്ങലും നടക്കുന്നുണ്ട് ഇവിടെ. താമരശ്ശേരി, ഓമശ്ശേരി, തിരുവമ്പാടി, പൂനൂർ അവിടേയ്‌ക്കൊക്കെ വ്യാപിച്ചിട്ടുണ്ട് ഈ മാഫിയാ ബന്ധങ്ങൾ. അതിനൊപ്പമാണ് ഹവാലയും കള്ളനോട്ടുകളും ഇവിടെ പിടിമുറുക്കുന്നത്. അറബിപ്പൊന്നും പണവുമാണ് കൊടുവള്ളിയെ ഇന്ത്യയുടെ സുവർണ്ണ പട്ടണമാക്കിയത്. നിയമാനുസൃതമല്ലാത്ത സ്വർണ്ണത്തിന്റെ ഒഴുക്കുള്ള ഇടമാണ് എന്നും കൊടുവള്ളി. അതുകൊണ്ട് തന്നെ അധോലോക മാഫിയാ ബന്ധങ്ങൾ ഇവിടെ പിടിമുറുക്കുന്നതും.

കൊടുവള്ളി പൊന്നിന് അല്പം കനം കൂടും. കള്ളക്കടത്തിന്റെയും ഹവാല ബിസിനസ്സിന്റെയുമൊക്കെ സിനിമയെ വെല്ലുന്ന മാസ്സ് എന്റർടൈനേഴ്‌സാണ് കൊടുവള്ളി എന്ന ഇടം. കേരളീയറുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന മഞ്ഞ ലോഹത്തിന്റെ വിൽപന കേന്ദ്രങ്ങളാണ് കൊടുവള്ളിയിലെ ജൂവലറി ഷോറൂമുകൾ. ജൂവലറിയുടെ ജൂവലറി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നതും. നൂറിലധികം ചെറിയ വിപണന ശാലകളും 5 മൊത്തവ്യാപാര ഷോപ്പുകളും കാണാം. രാജ്യത്ത് 20,000 ടൺ സ്വർണം വീടുകളിൽ സൂക്ഷിക്കുന്നു എന്നാണ് കണക്ക്, അതിൽ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള നിക്ഷേപങ്ങൾ കൂടാതെ 5,000 ടൺ മലയാളിയുടെ കൈവശമാണ്. ഇതിന്റെ വലിയൊരു പങ്ക് കൊടുവള്ളി പൊന്നാണ്.

വിശ്വാസ്യതയാണ് കൊടുവള്ളി പൊന്നിന്റെ മുഖമുദ്ര. കേരളത്തിന്റെ തനിമയാർന്ന ആഭരണങ്ങൾ പണിയാൻ അറിയുന്നവരുടെ കേന്ദ്രമെന്നതും കൊടുവള്ളിയെ വ്യത്യസ്തമാക്കുന്നു. 1970 കളിലെ ഗൾഫിലേക്കുള്ള മലയാളികളുടെ യാത്രയാണ് സ്വർണ്ണക്കച്ചവടത്തിലേക്ക് കൊടുവള്ളിയെ എത്തിച്ചത്. വീട്ടിൽ ഒരാളെങ്കിലും ഗൾഫിൽ ഇല്ലാത്തവർ കൊടുവള്ളിയിൽ കുറവാണ്. അതുകൊണ്ട് തന്നെ ദുബായ് ഗോൾഡിന്റെ വരവും നിലയ്ക്കുന്നില്ല. അധോലോകവും ഹവാലയും മാഫിയാകളും അതുകൊണ്ട് തന്നെ പതിറ്റാണ്ടുകളായി കൊടുവള്ളിയിൽ അരങ്ങുവാഴുകയാണ്. ഇപ്പോൾ കള്ളനോട്ടുകൾ പിടിച്ചതോടെ ഇതിന്റെ കൊടുവള്ളി വേരുകൾ തേടിയുള്ള അന്വേഷണത്തിലാണ് കോഴിക്കോട് റൂറൽ പൊലീസ്. ഇതിനൊപ്പം പൊലീസ് ശക്തമായി നീങ്ങിയാൽ ഹവാല-കള്ളപ്പണമാഫിയകളും ഇതിനൊപ്പം കുരുങ്ങാനുള്ള സാധ്യതയാണ്. രാകേഷിന്റെ അറസ്റ്റ് അതുകൊണ്ട് തന്നെ കൊടുവള്ളിക്ക് മേൽ അശാന്തിയുടെ നിഴൽ വിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP