Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത് കൃത്യത്തിന് ഉപയോഗിച്ച കല്ല് വീണ്ടെടുക്കണമെന്ന്; റിമാൻഡ് റിപ്പോർട്ടിൽ കല്ല് കസ്റ്റഡിയിൽ എടുത്തതായി പറയുന്നുണ്ടല്ലോയെന്ന് മജിസ്ട്രേറ്റ്; രണ്ടു കല്ല് കൃത്യത്തിന് ഉപയോഗിച്ചോ എന്നും ചോദ്യം; കൊടുമൺ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം കോടതി തള്ളി: വെളിവാകുന്നത് പൊലീസിന്റെ അനാസ്ഥ

കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത് കൃത്യത്തിന് ഉപയോഗിച്ച കല്ല് വീണ്ടെടുക്കണമെന്ന്; റിമാൻഡ് റിപ്പോർട്ടിൽ കല്ല് കസ്റ്റഡിയിൽ എടുത്തതായി പറയുന്നുണ്ടല്ലോയെന്ന് മജിസ്ട്രേറ്റ്; രണ്ടു കല്ല് കൃത്യത്തിന് ഉപയോഗിച്ചോ എന്നും ചോദ്യം; കൊടുമൺ കൊലക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം കോടതി തള്ളി: വെളിവാകുന്നത് പൊലീസിന്റെ അനാസ്ഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൊടുമൺ കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നുള്ള പൊലീസിന്റെ ആവശ്യം ജുവനൈൽ കോടതി തള്ളി. കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ച ആവശ്യങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കൊടുമൺ എസ്എച്ച്ഓയ്ക്ക് ജുവനൈൽ ഹോമിലെത്തി സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ വേണമെങ്കിൽ പ്രതികളെ ചോദ്യം ചെയ്യാം. വിരലടയാളവും രക്തസാമ്പിളും ശേഖരിക്കുകയുമാകാം.

ജുവനൈൽ കോടതി ചുമതലയുള്ള മജിസ്ട്രേറ്റ് രശ്മി ബി ചിറ്റൂർ ആണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം പൊലീസ് നൽകിയ അപേക്ഷ മജിസ്ട്രേറ്റ് മടക്കി അയച്ചിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെ നൽകിയ അപേക്ഷ അതു പാലിച്ച് വീണ്ടും സമർപ്പിക്കാനാണ് ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തിൽ കൊടുമൺ എസ്എച്ച്ഓ ശ്രീകുമാറിനെ സ്പെഷൽ ജുവനൈൽ ഓഫീസർ ആയി ജില്ലാ പൊലീസ് മേധാവി നിയമിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും സംഭവ സ്ഥലത്തുകൊണ്ടു പോയി തെളിവെടുക്കുന്നതിനും കൃത്യത്തിന് ഉപയോഗിച്ച് കല്ല് കണ്ടെടുക്കുന്നതിനും വേണ്ടി കസ്റ്റഡിയിൽ വിടണം എന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്.

എന്നാൽ, കൃത്യത്തിന് ഉപയോഗിച്ച കല്ല് കണ്ടെടുത്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ എന്നും അപ്പോൾ രണ്ടു കല്ലുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചു. രണ്ടാമതൊരു കല്ലിന്റെ കാര്യം പ്രതികളുടെ മൊഴിയിൽ പറയുന്നില്ലെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. അതു കൊണ്ട് കല്ല് കണ്ടെടുക്കേണ്ട കാര്യമില്ലെന്നും അപേക്ഷ തള്ളുന്നുവെന്നും കോടതി അറിയിച്ചു. എന്നാൽ, പ്രതികളെ ചോദ്യം ചെയ്യാനും വിരലടയാളവും രക്തസാമ്പിളും ശേഖരിക്കാനും കോടതി അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകി. കൊല്ലം ബാലമന്ദിരം സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ മാത്രമാകണം മൊഴി എടുക്കുന്നതും രക്തസാമ്പിളും വിരലടയാളവും ശേഖരിക്കുന്നത് എന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം പൊലീസ് നൽകിയ അപേക്ഷ മജിസ്ട്രേറ്റ് തള്ളിയതിനെ തുടർന്ന് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. ഇതിനായി സ്പെഷൽ ജുവനൈൽ ഓഫീസർ എന്ന തസ്തിക സൃഷ്ടിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇതനുസരിച്ചാണ് കൊടുമൺ ഇൻസ്പെക്ടറെ സ്പെഷൽ ജുവനൈൽ ഓഫീസർ ആക്കിയത്. എന്നാൽ, കസ്റ്റഡിയിൽ കിട്ടുന്നതിന് വേണ്ടി നൽകിയ അപേക്ഷയിൽ പൊലീസ് ഉന്നയിച്ചിരുന്നത് ബാലിശമായ ആവശ്യമായിരുന്നു. ഇതാണ് അപേക്ഷ തള്ളാൻ കാരണമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP