Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരി ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ച മിനികൂപ്പർ കാർ നികുതി വെട്ടിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തതും വ്യാജ വിലാസത്തിൽ; കാരാട്ട് ഫൈസൽ എന്നയാളെ അറിയുക പോലുമില്ലെന്ന് പോണ്ടിച്ചേരിയിലെ താമസക്കാരനായ ശിവകുമാർ; കള്ളക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട കാരാട്ട് ഫൈസലിനെതിരെ കേസെടുക്കാൻ പുതുച്ചേരി സർക്കാർ: അണികളുടെ നിർബന്ധം മൂലം കള്ളക്കടത്തുകാരന്റെ കാറിൽ കയറിയ സി.പി.എം പാർട്ടി സെക്രട്ടറിക്ക് നാണക്കേട് തുടരുന്നു

കോടിയേരി ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ച മിനികൂപ്പർ കാർ നികുതി വെട്ടിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്തതും വ്യാജ വിലാസത്തിൽ; കാരാട്ട് ഫൈസൽ എന്നയാളെ അറിയുക പോലുമില്ലെന്ന് പോണ്ടിച്ചേരിയിലെ താമസക്കാരനായ ശിവകുമാർ; കള്ളക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട കാരാട്ട് ഫൈസലിനെതിരെ കേസെടുക്കാൻ പുതുച്ചേരി സർക്കാർ: അണികളുടെ നിർബന്ധം മൂലം കള്ളക്കടത്തുകാരന്റെ കാറിൽ കയറിയ സി.പി.എം പാർട്ടി സെക്രട്ടറിക്ക് നാണക്കേട് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അത്യാഢംബര കാർ യാത്രയിലെ വിവാദം സിപിഎമ്മിനെ വിടാതെ പിന്തുടരുന്നു. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കള്ളക്കടത്തുകാരൻ ഉപയോഗിച്ച ആഡംബര വാഹനം ലക്ഷങ്ങൾ നികുതി വെട്ടിച്ചതാണെന്ന് തെളിവുകൾ പുറത്തുവന്നതോടെ വിവാദം പുതിയ തലത്തിലേക്ക് വളരുകയാണ്. കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പർ കാറിന്റെ രജിസ്‌ട്രേഷൻ വ്യാജമാണെന്നാണ് പുറത്തുവരുന്ന വാർത്ത. മാതൃഭൂമി ന്യൂസ് ചാനലിനെ ബിജു പങ്കജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ രജിസ്‌ട്രേഷന് പിന്നിലെ കള്ളക്കളി വെളിച്ചത്തായത്.

നികുതി വെട്ടിക്കുന്നതിനായി കാറുകൾ പോണ്ടിച്ചേരി രജിസ്‌ട്രേഷൻ ചെയ്യുന്നത് പതിവാണ്. ഇത്തരം തട്ടിപ്പുകൾ കേരളത്തിൽ പതിവാണ് താനും. എന്നാൽ, വ്യാജ വിലാസം നൽകിയാണ് കാർ രജിസ്റ്റർ ചെയ്തത് എന്നാണ് മാതൃഭൂമി വാർത്താസംഘം കണ്ടെത്തിയത്. വിഐപി തട്ടിപ്പു'കാർ' എന്ന പേരിലായിരുന്നു മാതൃഭൂമിയുടെ അന്വേഷണ പരമ്പര. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരിൽ തന്നെയാണ്. എന്നാൽ, നൽകിയിരിക്കുന്ന അഡ്രസാണ് വ്യാജം.

നമ്പർ-4, ലോഗമുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുത്ത്യൽപേട്ട് എന്നാണ് അഡ്രസ് നൽകിയിരിക്കുന്നത്. ഈ അഡ്രസ് ശരിയാണോ എന്നറിയാൻ വേണ്ടിയായിരുന്നു മാതൃഭൂമി യാത്ര നടത്തിയത്. എന്നാൽ അവിടെ ചെന്ന് ലേഖകൻ തിരക്കിയപ്പോൾ അറിയാൻ സാധിച്ചത് ആ വീട്ടിൽ കാറു പോലും ഇല്ലെന്നാണ്. മാത്രമല്ല, ഈ അഡ്രസിൽ താമസിക്കുന്നത് ശിവകുമാർ എന്ന അദ്ധ്യാപകനാണെന്നും വ്യക്തമായി. മിനി കൂപ്പറിനെ കുറിച്ചോ ഫൈസൽ കാരാട്ടിനെയോ അറിയില്ലെന്ന് ഇവിടെ അന്വേഷിച്ചെത്തിയ ശിവകുമാറിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

നിങ്ങളുടെ അഡ്രസിൽ ഒരു മിനി കൂപ്പർ കേരളത്തിലുണ്ടെന്ന വാർത്ത അറിഞ്ഞതോടെ ഇവർ ശരിക്കും ഞെട്ടി. 44 ലക്ഷം വിലയുള്ളതാണ് ബിഎംഡബ്ല്യു മിനി കൂപ്പർ കാർ. ഈ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്താൽ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ വാഹന ഉടമ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നൽകിയതും ഗുരുതരമായ കുറ്റമാണ്.

നേരത്തേ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയിൽ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പർ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസൽ കാരാട്ട് എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മിനി കൂപ്പർ വിവാദമാകുന്നത്.

അതേസമയം താൻ ഒരു കേസിലും പ്രതിയല്ല എന്ന് കാരാട്ട് ഫൈസൽ വാദിച്ചെങ്കിലും ഈ വാദം തെറ്റാണെന്നും ബോധ്യമായിരുന്നു. 2014 മാർച്ച് 27ന് ആണ് കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഷഹബാസ് എന്നയാളെയും എയർ ഹോസ്റ്റസ് മാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഷഹബാസിന്റെ കാർ അന്ന് കൊടുവള്ളി പഞ്ചായത്ത് അംഗവും ഇപ്പോൾ മുനിസിപ്പൽ അംഗവുമായ കാരാട്ട് ഫേസലിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇപ്പോഴും കാരാട്ട് ഫൈസലിനെതിരെ കേസ് നിലനിൽക്കുന്നുണ്ട് എന്നാണ് ഡിആർഐ വ്യക്തമാക്കിയതും.

 കൊടുവള്ളിയിലെ ഹവാല സംഘത്തിന്റെ സംവിധാനങ്ങളുടെ വ്യാപ്തി കൂടി വെളിച്ചത്തു കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കോടജിയേരിയുടെ കൂപ്പർയാത്ര വിവാദമായ പശ്ചാത്തലത്തിൽ സി.പി.എം എന്നി കൊടുവള്ളിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തുന്നുണ്ട്.

കാർയാത്രാ വിവാദത്തിൽ പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയതായി സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രനയങ്ങളെ വിമർശിച്ചും കോടിയേരി നടത്തിയ ജനജാഗ്രത യാത്ര കൊടുവള്ളിയിലെ കാർ യാത്രയോടെ പുതിയ വിവാദം തുറന്ന സാഹചര്യത്തിലാണ് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലു മണിക്ക് കൊടുവള്ളിയിൽ നടക്കുന്ന യോഗത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

ജനജാഗ്രത യാത്ര വിവാദമായതിന്റെ പൂർണ ഉത്തരവാദിത്തം പ്രാദേശിക നേതൃത്വത്തിനാണെന്നും കോടിയേരിയെ കുറ്റപ്പെടുത്താനാകില്ലെന്നും ഇന്നലെ ചേർന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ സി.പി.എം താമരശേരി ഏരിയ കമ്മിറ്റിയും ഇന്ന് യോഗം ചേരുന്നുണ്ട്. അതേസമയം, കാരാട്ട് റസാഖിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണത്തെ ശക്തമായി ചെറുക്കാനാണ് സി.പി.എം നീക്കം. റസാഖിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗിൽ നിന്ന് ഇടതുമുന്നണിക്കൊപ്പം ചേർന്നതാണ് മുസ്ലിം ലീഗിന്റെ പ്രകോപനത്തിന് കാരണമെന്നും സി.പി.എം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP