Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

മട്ടൺ കൂടുതൽ ചോദിച്ച് തുടക്കം; ബ്ലൈഡ് ആവശ്യപ്പെട്ടതും പ്രകോപനം ഉണ്ടാക്കാൻ; അതീവ സുരക്ഷാ ജയിലിലെ പ്രശ്‌നങ്ങൾക്ക് കാരണം തടവുകാർ തമ്മിലെ പരസ്പര ഏറ്റുമുട്ടൽ അല്ല; കൊടി സുനിയും കാട്ടുണ്ണിയും ഭായി-ഭായി! വിയ്യൂരിലേത് തടവുകാരുടെ ജയിൽ കലാപ ശ്രമം

മട്ടൺ കൂടുതൽ ചോദിച്ച് തുടക്കം; ബ്ലൈഡ് ആവശ്യപ്പെട്ടതും പ്രകോപനം ഉണ്ടാക്കാൻ; അതീവ സുരക്ഷാ ജയിലിലെ പ്രശ്‌നങ്ങൾക്ക് കാരണം തടവുകാർ തമ്മിലെ പരസ്പര ഏറ്റുമുട്ടൽ അല്ല; കൊടി സുനിയും കാട്ടുണ്ണിയും ഭായി-ഭായി! വിയ്യൂരിലേത് തടവുകാരുടെ ജയിൽ കലാപ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ഞായറാഴ്ച നടന്നത് തടവുകാർ തമ്മിലുള്ള പരസ്പര ഏറ്റുമുട്ടലല്ലെന്ന് റിപ്പോർട്ട്. കൊടി സുനിയും തിരുവനന്തപുരത്തെ ജീവപര്യന്തം തടവുകാരൻ കാട്ടുണ്ണിയും ആസൂത്രണംചെയ്ത കലാപമായിരുന്നു അതെന്നാണ് റിപ്പോർട്ട്. ജയിൽ അടുക്കളയിൽ ജോലിചെയ്യുന്ന ജോമോൻ എന്ന തടവുകാരൻ ഇറച്ചിവിഭവങ്ങൾ നൽകുന്നതിൽ പക്ഷഭേദം കാണിച്ചുവെന്ന് പരാതി നൽകിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പരാതി കേൾക്കുന്ന ഡയറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഞായറാഴ്ചകളിലാണ് എത്തുക. ഇത് മനസ്സിലാക്കിയായിരുന്നു കലാപ നീക്കമെന്നാണ് പൊലീസ് കണ്ടെത്തുന്നത്. അന്തേവാസികളെ സംഘങ്ങളാക്കി സിനിമയ്ക്ക് കൊണ്ടുപോകുന്ന വേളയിലാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തൽ.

ഞായറാഴ്ച പരാതി കേൾക്കാൻ എത്തിയപ്പോൾ പരാതിക്കാരായ കാട്ടുണ്ണിയും 'ഗുണ്ട് അജി'യും പരാതി പറയാനായി ഓഫീസിലെത്തി. പരാതി കേൾക്കുന്നതിനിടെ ഇരു കുറ്റവാളികളും ചേർന്ന് അവിടെയുള്ള ഫോൺ നശിപ്പിച്ചു. പിന്നീട് മേശയും കസേരയും തല്ലിപ്പൊളിച്ചു. ബഹളം കേട്ട് സുനിയും സംഘവും ഓഫീസിലേക്ക് പാഞ്ഞെത്തി. പ്രധാന ഗേറ്റ് അടച്ചെങ്കിലും ചെറിയ ഗേറ്റിലൂടെ ചാടി കടന്നു. അവിടെയുണ്ടായിരുന്ന വസ്തുക്കളെല്ലാം നശിപ്പിച്ചു. ജീവനക്കാരുടെ ഫോണുകൾ എറിഞ്ഞുടച്ചു. ലാൻഡ്ഫോൺ ബന്ധം വിച്ഛേദിച്ചു. കുറ്റവാളികൾ പുറത്തേക്ക് വിളിക്കുന്ന ഫോണും തകർത്തു. ജയിൽ ജീവനക്കാരെ ആക്രമിച്ചു.

ഞായറാഴ്ചയായിരുന്നതിനാൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് തുടങ്ങിയവർ ജയിലിലുണ്ടായിരുന്നില്ല. ജീവനക്കാരും കുറവായിരുന്നു. അതിസുരക്ഷാജയിലിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതറിഞ്ഞ് തൊട്ടടുത്തുള്ള ജയിലുകളിൽനിന്ന് ജീവനക്കാരെത്തിയാണ് പ്രതികളെ കീഴ്‌പ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. നേരത്തെ കിട്ടുണ്ണിയുടെ സംഘവും കൊടി സുനിയുടെ സംഘവും തമ്മിലുള്ള ചേരി തിരിവാണ് അടിയായതെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ഇതെല്ലാം തന്ത്രപരമായി പുറത്തേക്ക് തടവു പുള്ളികൾ തന്നെ പ്രചരിപ്പിച്ചതാണെന്നാണ് സൂചന. ജയിലിൽ നിന്നും ഇപ്പോൾ ക്വട്ടേഷൻ ഏറ്റെടുക്കാൻ ആർക്കും കഴിയുന്നില്ല. ഇതാണ് കലാപത്തിന് പിന്നിലെ പ്രേരക ഘടകമെന്നാണ് വിലയിരുത്തൽ.

രണ്ടു പേരും കൂടി ജയിൽ ജീവനക്കാരെ ആക്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എല്ലാ അക്രമണങ്ങൾക്കും തടവുകാർക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജയലിനുള്ളിൽ അക്രമം നടക്കുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു അതി സരുക്ഷാ ജയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യത്തേത് എന്നായിരുന്നു അവകാശ വാദം. അതിനുള്ളിലാണ് അക്രമം നടന്നത്. കൊടി സുനി ഉൾപ്പടെ പത്ത് പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുള്ള വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റു. തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ , ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരൻ കുപ്പിഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽ കയറ്റാൻ നോക്കി.

തടയാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തടവുകാർ സംഘം ചേർന്ന് അടുക്കളയിൽ പോയി പാചകത്തിൽ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മർദ്ദിച്ചു. അവിടെ നിന്നും ഓഫീസിൽ കയറി തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തല്ലിപ്പൊളിച്ചു. കസേര, ക്‌ളോക്ക്, ഫയലുകൾ, ഇന്റർ കോം ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിൽ അധികൃതർക്ക് ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊടി സുനിയുടെ നിർദ്ദേശാനുസരണം പ്രതികൾ അക്രമം തുടർന്നുവെന്നാണ് സൂചന. ജയിലിന്റെ ഉള്ളിൽ നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാർ സെല്ലിൽ കയറണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. പെരിയ കേസിലെ പ്രതികൾ,

മാവോയിസ്റ്റ് തടവുകാർ, പി.എഫ്.ഐ, ഐസിസ് തടവുകാർ എന്നിവർ സെല്ലിൽ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല. കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു. ഇരുസംഘങ്ങളായി തിരിഞ്ഞ് അക്രമം നടത്തി, തടയാനെത്തിയ ജയിൽ ജീവനക്കാരേയും മർദിച്ചു എന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. വിയ്യൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഘം തിരിഞ്ഞതും ആസൂത്രണമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, നിബുരാജ്, ഗുണ്ട് അരുൺ, താജുദ്ദീൻ, ചിഞ്ചു മാത്യു, ടിട്ടു ജെറോം, ഇപ്പി ഷെഫീഖ്, ജോമോൻ എന്നിവരാണ് കേസിലെ പ്രതികൾ. കാട്ടുണ്ണി രഞ്ജിത്താണ് ഒന്നാം പ്രതി. കൊടി സുനി അഞ്ചാം പ്രതി. ജയിൽ ജീവനക്കാരെ മർദിച്ചത് കമ്പിവടികൊണ്ടാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

അതിസുരക്ഷാജയിലിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തുനിന്ന് എത്തിച്ച കൊലക്കേസ് പ്രതികളും തമ്മിലാണ് ഏറ്റുമുട്ടിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP