Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയിൽ സംഘർഷങ്ങൾക്ക് പിന്നാലെ കൊടി സുനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടി എറിഞ്ഞ് ജയിലർമാർ മർദ്ദിച്ചതെന്ന് കുടുംബം; ജയിൽ ആക്രമണണത്തെ ഗൗരവത്തോടെ കണ്ട് ജയിൽ വകുപ്പ്‌; വിയ്യൂരിൽ രാജാവായി വിലസുന്ന സുനിയെ പേടിച്ച് ഉദ്യോഗസ്ഥരും

ജയിൽ സംഘർഷങ്ങൾക്ക് പിന്നാലെ കൊടി സുനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടി എറിഞ്ഞ് ജയിലർമാർ മർദ്ദിച്ചതെന്ന് കുടുംബം; ജയിൽ ആക്രമണണത്തെ ഗൗരവത്തോടെ കണ്ട് ജയിൽ വകുപ്പ്‌; വിയ്യൂരിൽ രാജാവായി വിലസുന്ന സുനിയെ പേടിച്ച് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ വീണ്ടും സംഘർഷമെന്ന് പരാതി. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് മർദ്ദനമേറ്റതായാണ് പരാതി ഉയർന്നിരിക്കുന്നത്. വിയ്യൂർ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനം ഏറ്റെന്നാണ് പരാതി. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബം പരാതി നൽകിയത്. ഇന്ന് ഉച്ചയോടെ കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടന്നത് കലാപശ്രമമെന്ന് വ്യക്തമാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ നാല് ജീവനക്കാർക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്‌ത്തി മർദ്ദിച്ചു.

പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് റൂം അടിച്ച് തകർത്തു. കസേരകളും മേശയും ഫോണും വയർലെസ് ഉപകരണങ്ങളും ടെലഫോൺ ബൂത്തും തകർത്തു. ജയിലിലെ കിച്ചനിൽ ജോലി ചെയ്തിരുന്ന ജോമോനെന്ന തടവുകാരനെയും പ്രതികൾ ആക്രമിച്ചു. കലാപം തടയാനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, മറ്റ് ജീവനക്കാരായ വിനോദ് കുമാർ, ഓം പ്രകാശ്, അർജുൻ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു.

കാട്ടുണ്ണി രഞ്ജിത്ത് ഒന്നാം പ്രതിയായ കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്. ആക്രമണം നിയന്ത്രണം വിട്ടതോടെ ജയിലിലുണ്ടായിരുന്ന ജീവനക്കാർ തൊട്ടടുത്ത സെൻട്രൽ ജയിലിലെയും ജില്ലാ ജയിലിലെയും ജീവനക്കാരുടെ സഹായം തേടിയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്.

രാജ്യത്തെ ആദ്യ അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ നടന്നത് കലാപശ്രമമെന്ന് എഫ്‌ഐആർ വരുമ്പോൾ ചർച്ചയാകുന്നത് ജയിലിലെ ക്രിമിനലുകളുടെ തേരോട്ടമായിരുന്നു. വിയ്യൂർ ജയിലിൽ രണ്ട് വിഭാഗങ്ങൾ സജീവമാണ്. ഈ രണ്ട് വിഭാഗങ്ങൾ തമ്മിലെ അടിയിൽ പെട്ടത് ജയിൽ ഉദ്യോഗസ്ഥരും. അവസാനം രണ്ടു പേരും കൂടി ജയിൽ ജീവനക്കാരെ ആക്രമിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന. എല്ലാ അക്രമണങ്ങൾക്കും തടവുകാർക്ക് പിന്തുണ കൊടി സുനിയുടേതായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ജയലിനുള്ളിൽ അക്രമം നടക്കുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു അതി സരുക്ഷാ ജയിൽ അവതരിപ്പിച്ചത്. രാജ്യത്തെ ആദ്യത്തേത് എന്നായിരുന്നു അവകാശ വാദം. അതിനുള്ളിലാണ് അക്രമം നടന്നത്. ഇന്നലെ നടന്ന സംഭവത്തിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പടെ പത്ത് പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും എതിരെയുള്ള വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

രാവിലെ ഉദ്യോഗസ്ഥരുടെ ജയിൽ സന്ദർശനത്തിനിടെ രണ്ട് തടവുകാർ മട്ടൻ കൂടുതൽ അളവിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മട്ടൻ നിശ്ചിത അളവിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ സംഘർഷം ആരംഭിച്ചു. പിന്നീട് ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്നായി ആവശ്യം. അതും ജയിൽ നിയമ പ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞതോടെ , ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനായി ശ്രമം. ഇതോടെ, ഒരു തടവുകാരൻ കുപ്പിഗ്ലാസ് പൊട്ടിച്ച് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അർജുൻദാസിന്റെ കഴുത്തിൽ കയറ്റാൻ നോക്കി.

തടയാൻ ശ്രമിച്ചപ്പോൾ മറ്റ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് തടവുകാർ സംഘം ചേർന്ന് അടുക്കളയിൽ പോയി പാചകത്തിൽ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മർദ്ദിച്ചു. അവിടെ നിന്നും ഓഫീസിൽ കയറി തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തല്ലിപ്പൊളിച്ചു. കസേര, ക്‌ളോക്ക്, ഫയലുകൾ, ഇന്റർ കോം ഉൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊളിച്ചു. ജയിൽ അധികൃതർക്ക് ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊടി സുനിയുടെ നിർദ്ദേശാനുസരണം പ്രതികൾ അക്രമം തുടർന്നു.

ജയിലിന്റെ ഉള്ളിൽ നിന്നും മതിൽക്കെട്ടിനകത്തേക്ക് കടക്കുന്ന ഗേറ്റ് തള്ളിത്തുറന്നു. അപ്പോഴേക്കും മറ്റ് ജയിലുകളിൽ നിന്നും ഉദ്യോഗസ്ഥരെത്തി തടവുകാർ സെല്ലിൽ കയറണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. പെരിയ കേസിലെ പ്രതികൾ, മാവോയിസ്റ്റ് തടവുകാർ, പി.എഫ്.ഐ, ഐസിസ് തടവുകാർ എന്നിവർ സെല്ലിൽ കയറിയിട്ടും കൊടി സുനിയും സംഘവും കയറിയില്ല.

കയറാത്ത അക്രമികളായ തടവുകാരെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി സെല്ലിലാക്കുകയായിരുന്നു. കൊടി സുനി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു വിയ്യൂർ സെൻട്രൽ ജയിൽ അടക്കി വാഴുന്ന അവസ്ഥയാണ്. ഇപ്പോൾ ജയിൽ ഉദ്യോഗസ്ഥരുമായി സംഘർഷം കൂടി ഉണ്ടായതോടെ സുനിയെ പേടിച്ചു സ്ഥലം മാറേണ്ട അവസ്ഥയിൽ ജയിൽ ഉദ്യോഗസ്ഥരും. അതേസമയം ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചത് ഗൗരവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥരും കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP