Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതെന്ന് പൊലീസ്; ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ; കുഴൽപണ കേസിൽ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം

കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതെന്ന് പൊലീസ്; ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ; കുഴൽപണ കേസിൽ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസിന്റെ റിപ്പോർട്ട്. ഇത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഇരിങ്ങാലക്കുട കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കവർച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് ധർമ്മരാജനും സുനിൽ നായിക്കും സമർപ്പിച്ച ഹർജിയിൽ മറുപടി നൽകവേയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പണം കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇത് കുഴൽപ്പണം തന്നെയാണെന്നും കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിലുണ്ട്.

കമ്മീഷൻ അടിസ്ഥാനത്തിലാണ് ധർമ്മരാജനും സുനിൽ നായിക്കും ഉൾപ്പെടെയുള്ളവർ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ് പി വി.കെ. രാജു കോടതിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു. പണം യാതൊരു കാരണവശാലും ധർമരാജനോ സുനിൽ നായിക്കിനോ വിട്ട് നൽകാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് കോടതിയിൽ സ്വീകരിച്ചത്.

ആദായനികുതി വകുപ്പിന്റേയോ എൻഫോഴ്‌സ്‌മെന്റിന്റേയോ അന്വേഷണം കഴിയാതെ ധർമരാജന് പണം തിരിച്ചുകൊടുക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ പൊലീസ് കണ്ടെടുത്ത ഒന്നേക്കാൽ കോടി തിരിച്ചു നൽകണമെന്നായിരുന്നു ധർമരാജന്റെ ഹർജി.

കണക്കിൽപ്പെടാത്ത തുകയാണെന്ന് വ്യക്തമായിരിക്കെ, ആദായനികുതി വകുപ്പിന്റേയോ എൻഫോഴ്‌സ്‌മെന്റിന്റേയോ അന്വേഷണം വേണം. ഇതു പൂർത്തിയാകാതെ, തുക തിരിച്ചു കൊടുക്കരുത്. ഈ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മജിസ്‌ട്രേറ്റ് കോടതി പറയും.

അതേസമയം, ധർമരാജനും ഷംജീറും സുനിൽ നായിക്കും പണത്തിന്റെ ഉറവിടം വ്യക്തമാക്കാമെന്ന് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ഡൽഹിയിലെ ബിസിനസുകാരൻ നൽകിയ പണമാണിതെന്ന് ഇരുവരും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇതു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യൽ ഇനിയും പൂർത്തിയായിട്ടില്ല. നഷ്ടപ്പെട്ട പണം കണ്ടെത്താൻ കണ്ണൂർ കേന്ദ്രീകരിച്ച് ഇപ്പോഴും പരിശോധന തുടരുകയുമാണ്. റിമാൻഡിലായ ഇരുപത്തിയൊന്നു പ്രതികളേയും മാറിമാറി പൊലീസ് ചോദ്യംചെയ്തു വരികയാണ്. രണ്ടു കോടി രൂപ കൂടി കൊടകര കേസിൽ ഇനി കണ്ടെത്താനുണ്ട്.

അതേ സമയം കൊടകര കുഴൽപണ കവർച്ചാക്കേസിൽ ഇനി പൊലീസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കാർക്കും ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിട്ടില്ല. ഫോൺ മുഖേന ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ നേതാക്കൾ അന്വേഷണവുമായി സഹകരിച്ച് പൊലീസിന് മുൻപാകെ ഹാജരായി.

എന്നാൽ, ഇനി പാർട്ടിയുമായി ബന്ധപ്പെട്ട ആരും പൊലീസുമായി സഹകരിക്കേണ്ടെന്ന് ബിജെപി കോർകമ്മിറ്റി യോഗം തീരുമാനിച്ചു. നോട്ടിസ് നൽകിയാൽ നിയമ ഉപദേശം തേടിയ ശേഷം തുടർതീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP