Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

സുരേന്ദ്രന്റെ മകനെ ധർമ്മരാജൻ പത്തു തവണ വിളിച്ചുവെന്നത് പച്ചക്കള്ളമോ? ഫോൺ രേഖകളിലൂടെ ഗൂഢാലോചന തെളിയിക്കുമെന്ന് ബിജെപി വെല്ലുവിളി; 50 കോടിയുടെ കള്ളപ്പണത്തിൽ തുടരന്വേഷണത്തിന് പൊലീസും; കൊടകരയിൽ ഇനി രാഷ്ട്രീയ യുദ്ധം

സുരേന്ദ്രന്റെ മകനെ ധർമ്മരാജൻ പത്തു തവണ വിളിച്ചുവെന്നത് പച്ചക്കള്ളമോ? ഫോൺ രേഖകളിലൂടെ ഗൂഢാലോചന തെളിയിക്കുമെന്ന് ബിജെപി വെല്ലുവിളി; 50 കോടിയുടെ കള്ളപ്പണത്തിൽ തുടരന്വേഷണത്തിന് പൊലീസും; കൊടകരയിൽ ഇനി രാഷ്ട്രീയ യുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊടകര കുഴൽപണ കേസിൽ പൊലീസ് അന്വേഷണം തുടരും. പണത്തിന്റെ ഉറവിടം കണ്ടെത്താനാകും ശ്രമം. ഇക്കാര്യം കോടതിയെ അറിയിക്കും. അല്ലാത്ത പക്ഷം ഇപ്പോഴുണ്ടാക്കിയ കുറ്റപത്രം നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് തുടരന്വേഷണം. കൊടകര കുഴൽപ്പണക്കവർച്ച കേസിൽ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അതിഗൗരവമായ ആരോപണങ്ങൾ പൊലീസ് ഉയർത്തുന്നു. എല്ലാം ബിജെപിക്ക് എതിരാണ്.

കവർച്ച നടന്നയുടൻ കെ സുരേന്ദ്രനെയും മകൻ ഹരികൃഷ്ണൻ, പ്രൈവറ്റ് സെക്രട്ടറി ദിപിൻ, ഡ്രൈവർ ലെബീഷ് എന്നിവരേയും പരാതിക്കാരൻ ധർമരാജൻ വിളിച്ചു. കവർച്ചാദിവസവും തലേന്നുമായി ഹരികൃഷ്ണന്റെ ഫോണിലേക്ക് 10 തവണയും ജില്ലാ ട്രഷറർ സുജയസേനന്റെ ഫോണിലേക്ക് 15 തവണയും വിളിച്ചു. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെ വിളിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. എന്നാൽ ഈ ഫോൺ വിളി ആരോപണത്തെ രേഖകളിലൂടെ പൊളിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ തന്നെ വിശദീകരിച്ചിട്ടുണ്ട്.

ഇഡി കേസിൽ സിപിഎം സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബംഗ്‌ളൂരുവിൽ ജയിലിലാണ്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ മകനെതിരെ സിപിഎം രംഗത്തു വരുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ബിനീഷിന് ജാമ്യം കിട്ടാനുള്ള കുറുക്കുവഴിയായി ഇത് മാറില്ലെന്നും ബിജെപി പറയുന്നു. അങ്ങനെ വാദ പ്രതിവാദങ്ങൾ പലവഴിക്ക് പോവുകയാണ്.

നിയമസഭാ -തദ്ദേശ- തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ധർമരാജൻവഴി ബിജെപി കേരളത്തിലെത്തിച്ചത് 52 കോടിയുടെ കുഴൽപ്പണം എന്നാണ് ആരോപണം. കർണാടകത്തിൽനിന്ന് 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന് 23 കോടിയും സമാഹരിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിന് 40കോടി ഇറക്കിയത്. തദ്ദേശതെരഞ്ഞെടുപ്പിന് ബംഗളൂരുവിൽനിന്നാണ് 12 കോടി എത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. ഇത് ബിജെപി നിഷേധിക്കുന്നു. കുറ്റപത്രത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.

ധർമ്മരാജന്റെ മൊഴി കണക്കിലെടുത്താണ് ഈ ആരോപണങ്ങൾ പൊലീസ് ഉയർത്തുന്നത്. എന്നാൽ പണം തന്റേതാണെന്നും മാർവാടിയിൽ നിന്ന് കിട്ടിയതാണെന്നും ധർമ്മരാജൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പണം തിരികെ കിട്ടാനായി നൽകിയ ഹർജിയിലാണ് ഈ പരാമർശമുള്ളത്. അതുകൊണ്ട് തന്നെ കുറ്റപത്രത്തെ കോടതി എങ്ങനെ പരിഗണിക്കുമെന്നത് നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം നടത്തുക. സേലത്തെ കവർച്ചയിലും കൂടുതൽ വ്യക്തത വരുത്താൻ ശ്രമിക്കും. ഇഡിക്ക് കേസ് കൈമാറാനുള്ള സാധ്യതകളും പൊലീസ് തേടും.

മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെയാണ് വിവിധ ജില്ലകളിലെ ബിജെപി നേതാക്കൾക്ക് പണം വിതരണം ചെയ്തത്. മാർച്ച് ആറിന് ബംഗളൂരുവിൽനിന്ന് ധർമരാജന്റെ സഹോദരൻ ധനരാജൻ വഴി കൊണ്ടു വന്ന 4.4 കോടി സേലത്തുവച്ച് കവർന്നതായും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തിൽ വ്യക്തമാക്കി. കൊടകരയിൽ കവർച്ച നടന്ന ദിവസം പിക്കപ്പ് വാനിൽ തൃശൂർ ബിജെപി ഓഫീസിൽ 6.3 കോടി രൂപ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലും 1.4 കോടി രൂപ വീതവും നേരത്തെ എത്തിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പരമാർശമുണ്ട്.

കുഴൽപ്പണക്കടത്തുകാരനായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജനുമായി ബിജെപി സംസ്ഥാനപ്രസിഡന്റ് സുരേന്ദ്രന് അടുത്ത ബന്ധമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കോന്നിയിലും ധർമരാജൻ പണം വിതരണംചെയ്തു. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം മൂന്നുതവണ കോന്നിയിലെത്തി. ഇതിന് പ്രത്യേക ഡ്രൈവറെ അനുവദിച്ചിരുന്നു. സുരേന്ദ്രൻ നിർദ്ദേശിച്ച പഞ്ചായത്ത് മെമ്പർമാരെയും ചുമതലക്കാരെയും കണ്ട് പണം കൈമാറിയെന്നും കുറ്റപത്രം പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP