Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

സൗഹൃദം കാട്ടി മദ്യത്തിൽ മയക്കുഗുളിക കലർത്തി അബോധാവസ്ഥയിലാക്കി; കസേരയിൽ ഇരുത്തി കെട്ടിവച്ച് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊല; മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കാൻ ആകാശിന്റെ ഫോണുമായി കൊല്ലത്തും പോയി; സ്‌കോർപ്പിയോയിൽ ശുചീന്ദ്രത്തെത്തി മൃതദേഹം കത്തിച്ചു; എഫ്ബിയിൽ പത്തനംതിട്ടയിലെ യാത്രാ സ്റ്റാറ്റസും ഗൂഢാലോചന; വലിയതുറയിലെ കൊലയിൽ കൂടുതൽ ശാസ്ത്രീയ പരിശോധന; കൊച്ചുമോൻ കൊലയിൽ പ്രതികൾ ഊരാക്കുടുക്കിലേക്ക്

സൗഹൃദം കാട്ടി മദ്യത്തിൽ മയക്കുഗുളിക കലർത്തി അബോധാവസ്ഥയിലാക്കി; കസേരയിൽ ഇരുത്തി കെട്ടിവച്ച് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊല; മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കാൻ ആകാശിന്റെ ഫോണുമായി കൊല്ലത്തും പോയി; സ്‌കോർപ്പിയോയിൽ ശുചീന്ദ്രത്തെത്തി മൃതദേഹം കത്തിച്ചു; എഫ്ബിയിൽ പത്തനംതിട്ടയിലെ യാത്രാ സ്റ്റാറ്റസും ഗൂഢാലോചന; വലിയതുറയിലെ കൊലയിൽ കൂടുതൽ ശാസ്ത്രീയ പരിശോധന; കൊച്ചുമോൻ കൊലയിൽ പ്രതികൾ ഊരാക്കുടുക്കിലേക്ക്

അഡ്വ നാഗരാജ്‌

തിരുവനന്തപുരം: ഇരുപത്തിരണ്ടുകാരനെ തലസ്ഥാനത്തെ വലിയതുറയിൽ വച്ച് ഷാൾ മുറുക്കി കൊലപ്പെടുത്തി ശേഷം കാറിൽ കടത്തിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ച കേസിൽ യുവാവിന്റെ ശേഷിച്ച തലയോട്ടി ഡി എൻ എ ഫിംഗർപ്രിന്റിംഗും സൂപ്പർ ഇമ്പോസിഷൻ ടെസ്റ്റുകളും നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്.

കേസന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസി.കമ്മീഷണറുടെ അപേക്ഷ അനുവദിച്ചുകൊണ്ടാണ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടത്. സത്യം പുറത്തു കൊണ്ടു വരുന്നതിലേക്കായുള്ള ഹർജി അനുവദിക്കുന്നത് പ്രതികൾക്ക് യാതൊരു തരത്തിലുമുള്ള മുൻവിധിയുണ്ടാക്കുന്നില്ലെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ അനുവദിച്ച കോടതി യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹത്തിൽ നിന്ന് ലഭിച്ച തലയോട്ടിയും മറ്റവശിഷ്ടങ്ങളും പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിക്കും ഫിംഗർപ്രിന്റ് ബ്യൂറോക്കും അയക്കാൻ ഉത്തരവിട്ടു. പരിശോധനാ ഫലം കാലവിളംബം വരുത്താതെ കോടതിയിൽ സമർപ്പിക്കാൻ ഫോറൻസിക് ഡയറക്ടർക്കും ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്ടർക്കും ഔദ്യോഗിക മെമോറാണ്ടത്തിലൂടെ നിർദ്ദേശം നൽകി.

Stories you may Like

കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം മണക്കാട്ട് വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ആകാശിനെ ( 22 ) യാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 2018 മാർച്ച് 30 നാണ് കേസിനാസ്പദമായ നിഷ്ഠൂരമായ കൊലപാതകം വലിയതുറയിൽ നടന്നത്. തമിഴ്‌നാട് അഞ്ചു ഗ്രാമം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിന് സമീപത്ത് കത്തിക്കരിഞ്ഞ് മുഖം വികൃതമായ നിലയിൽ ഏപ്രിൽ 1 ന് കണ്ടെത്തിയ അജ്ഞാത മൃതശരീരം തലസ്ഥാനത്ത് നടന്ന അരുംകൊലയാണെന്ന് തെളിയുകയായിരുന്നു. 2018 സെപ്റ്റംബർ 14 ന് വലിയതുറ പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്ത് സെപ്റ്റംബർ 15ന് തലസ്ഥാനത്തെ കോടതിയിൽ എഫ് ഐ ആർ സമർപ്പിക്കുകയായിരുന്നു.

സംഭവത്തിൽ 3 സ്ത്രീകളടക്കം 5 പേർ ഇതിനോടകം അറസ്റ്റിലായി. വലിയതുറ സ്വദേശിയും ബൈക്ക് മോഷണക്കേസിൽ പ്രതിയും വർക്ക്‌ഷോപ്പുടമയുമായ അനു എന്ന അനു അജു ( 27 ) , ബൈക്ക് മോഷണ കേസുകളിലെ പ്രതിയും ഇയാളുടെ കൂട്ടാളിയുമായ കഴക്കൂട്ടം സ്വദേശി ജിത്തുവെന്ന ജിതിൻ ( 22 ) , അനു അജുവിന്റെ ഭാര്യ മണക്കാട് സ്വാഗത് നഗറിൽ രേഷ്മാ ബീഗം ( 27 ) , അനുവിന്റെ മാതാവ് വലിയതുറ വാട്ട്‌സ് റോഡിൽ അൽഫോൻസ ( 45 ) , ഫെജിന ( 40 ) എന്നിവരാണ് കൊലക്കേസിൽ അറസ്റ്റിലായ ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ. മോഷണ ബൈക്കുകൾ അനുവിന്റെ വർക്ക്‌ഷോപ്പിലെത്തിച്ച് നമ്പർ പ്ലേറ്റ് മാറ്റി വിൽപന നടത്തുകയായിരുന്നു അനുവും സംഘവും ചെയ്തു പോന്നത്.

പ്രതികൾ ഗൂഢാലോചന നടത്തി മാർച്ച് 30ന് ആകാശിനെ കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ ഒന്നാം തീയതിയാണ് ശുചീന്ദ്രം കൊറ്റയടി ഭാഗത്തുള്ള വിജനമായ പ്രദേശത്തെ കുളത്തിന് സമീപത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതശശീരം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്. അതു വഴി പോയ വാഹനത്തിലെ യാത്രക്കാരാണ് റോഡ് സൈഡിൽ കുളത്തിനോട് ചേർന്ന ഭാഗത്ത് ഒരു മനുഷ്യ ശരീരം കത്തുന്നതായുള്ള വിവരം പൊലീസിനെ അറിയിച്ചത്. അഞ്ചു ഗ്രാമം പൊലീസ് അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ കന്യാകുമാരി ജില്ലാ സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതി (ആർ ഡി ഒ) മുമ്പാകെ സമർപ്പിച്ചു.

ബൈക്ക് മോഷണക്കേസിലെ പ്രതികളായ അനുവും ആകാശും മോഷണമുതൽ വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയുള്ള തർക്കവും മോഷണവിവരം പൊലീസിനെ അറിയിക്കുമെന്ന ആകാശിന്റെ ഭീഷണിയെയും തുടർന്നാണ് അനുവിന്റെ നേതൃത്വത്തിൽ ആകാശിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. അനുവും കൂട്ടാളി ജിത്തുവും ചേർന്ന് കൊല ചെയ്യുന്നതിനായി മുൻകൂട്ടി പദ്ധതി തയ്യാറാക്കി 2018 മാർച്ച് 30 ന് ആകാശിനെ രേഷ്മയുടെ ഫോണിൽ അനുവിന്റെ വലിയതുറയിലുള്ള ബൈക്ക് വർക്ക്‌ഷോപ്പിൽ സൗഹൃദം നടിച്ച് വിളിച്ചു വരുത്തി മദ്യത്തിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് കസേരയിൽ ഇരുത്തി കെട്ടിവച്ച ശേഷം ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം വർക്ക്‌ഷോപ്പിന്റെ ഒരു ഭാഗത്ത് ഷീറ്റ് ഇട്ട് മൂടിയിട്ട ശേഷം ആകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മറ്റൊരു സ്ഥലത്ത് കാണിക്കുന്നതിനായി അനുവും രേഷ്മയും ജിത്തുവും ചേർന്ന് ആകാശിന്റെ ഫോണുമായി കൊല്ലത്ത് പോവുകയും ആകാശിന്റെ ഫേയ്ബുക്കിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന രീതിയിലുള്ള സ്റ്റാറ്റസ് ഇടുകയും ചെയ്തു. തുടർന്ന് തിരിച്ചെത്തിയ മൂവരും മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞ് കെട്ടിവച്ച ശേഷം ഒരു സ്‌കോർപ്പിയോ വാഹനം വാടകക്കെടുത്ത് കാറിന്റെ ഡിക്കിയിൽ മൃതദേഹം കയറ്റി. തുടർന്ന് കാറിൽ കയറി പൊലീസ് ചെക്കിംഗിന് സാധ്യതയുള്ള റോഡുകൾ ഒഴിവാക്കി തമിഴ് നാട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ വിജനമായ ഒരു സ്ഥലം കണ്ടെത്തി മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

വെളുപ്പിന് അഞ്ചു മണിയോട് കൂടി ശുചീന്ദ്രം ഭാഗത്തെത്തിയ സംഘം അവിടെ വിജനമായതും ആ സമയത്ത് മറ്റു വാഹനങ്ങൾ ഇല്ലാത്ത തക്കം നോക്കി റോഡ് സൈഡിന് സമീപം വിജനമായ പ്രദേശത്തെ കുളത്തിന് സമീപം മൃതദേഹം വലിച്ചിറക്കി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് തിരികെയെത്തിയ സംഘം വർക്ക്‌ഷോപ്പിലെത്തി അവിടെയുണ്ടായിരുന്ന തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. മൃതദേഹത്തിൽ കാണപ്പെട്ട ഒരു റ്റാറ്റു ആണ് ആകാശിനെ തിരിച്ചറിയാൻ സാധിച്ചത്. 2018 സെപ്റ്റംബർ 15 ന് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. വേളാങ്കണ്ണിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞ അനുവിനെ സെപ്റ്റംബർ 21 ന് അറസ്റ്റ് ചെയ്തു. മറ്റൊരു വാഹനമോഷണക്കേസിൽ റിമാന്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന ജിത്തുവിനെയും അറസ്റ്റ് ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 ( കൊലപാതകം ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മരണ്ടുറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP