Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

നാടുമായും വീട്ടുകാരുമായും ബന്ധമില്ല; കഞ്ചാവുകേസിൽ പെട്ടതോടെ വരുമാനത്തിന് മണിചെയിനും, ക്രിപ്‌റ്റോ കറൻസി ഇടപാടും; മറൈൻഡ്രൈവിലെ ഫ്ളാറ്റിന് മാസം തോറും നൽകിയത് അരലക്ഷം; നയിച്ചത് ആഡംബരജീവിതം; മാർട്ടിൻ ജോസഫ് ഇപ്പോളും ഒളിവിൽ; ജീവനിൽ ഭയന്ന് യുവതി; അന്വേഷണം തുടരുന്ന് പൊലീസും

നാടുമായും വീട്ടുകാരുമായും ബന്ധമില്ല; കഞ്ചാവുകേസിൽ പെട്ടതോടെ വരുമാനത്തിന് മണിചെയിനും, ക്രിപ്‌റ്റോ കറൻസി ഇടപാടും; മറൈൻഡ്രൈവിലെ ഫ്ളാറ്റിന് മാസം തോറും നൽകിയത് അരലക്ഷം; നയിച്ചത് ആഡംബരജീവിതം; മാർട്ടിൻ ജോസഫ് ഇപ്പോളും ഒളിവിൽ; ജീവനിൽ ഭയന്ന് യുവതി; അന്വേഷണം തുടരുന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ യുവതി പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാൻ കഴിയാതെ അന്വേഷണ സംഘം. കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്.പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവിൽ കഴിയുകയാണ്.

മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രതിയും യുവതിയും ലിവിങ് ടുഗെതറായി 2020 ഫെബ്രുവരി മുതൽ കൊച്ചിയിൽ വിവിധ ഫ്‌ളാറ്റുകളിലായി താമസിച്ചു വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. 2021 ഏപ്രിൽ എട്ടിന് പരാതി കിട്ടിയ ദിവസംതന്നെ കേസെടുത്തു. ഏപ്രിൽ 10, 12, 13 തീയതികളിൽ അന്വേഷണ സംഘം തൃശ്ശൂരിലെത്തി പ്രതിയുടെ വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും ഒളിവിലായിരുന്നു.

പ്രതിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രതി എറണാകുളം സി.ജെ.എം. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും പൊലീസ് ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ജാമ്യഹർജി തള്ളിയ അന്നുതന്നെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. മെയ്‌ 31-ന് ഹൈക്കോടതിയിൽ പ്രതി നൽകിയ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അതിനിടെ, തൃശ്ശൂർ മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് എറണാകുളത്ത് ആഡംബര സൗകര്യങ്ങളോടെയാണ് ജീവിതം നയിച്ചിരുന്നതെന്നാണ് വിവരം. കൊച്ചി മറൈൻഡ്രൈവിൽ മാസം അര ലക്ഷം രൂപ വാടകയുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. തൃശ്ശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ല.

എറണാകുളത്ത് ബിസിനസാണെന്ന് മാത്രമാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ എന്ത് ബിസിനസാണെന്നോ മറ്റോ ആർക്കും അറിയില്ല. നേരത്തെ ചില കഞ്ചാവ് കേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇതിനെത്തുടർന്നാണ് എറണാകുളത്തേക്ക് താമസം മാറ്റിയത്. കൊച്ചി നഗരത്തിൽ ആഡംബരജീവിതം നയിച്ചിരുന്ന മാർട്ടിന് മണിചെയിൻ, ക്രിപ്‌റ്റോ കറൻസി ഇടപാടുകളുണ്ടെന്നും പൊലീസിന് സംശയമുണ്ട്.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ടു വരെയുള്ള ദിനങ്ങളിലായിരുന്നു ഇത്.

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്‌ളാറ്റിന് പുറത്തു പോകുകയോ പീഡനവിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഒടുവിൽ മാർട്ടിന്റെ കണ്ണു വെട്ടിച്ച് യുവതി രക്ഷപ്പെട്ടു. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

മുൻകൂർ ജാമ്യം തേടി പ്രതി ഹൈക്കോടതിയിൽ

യുവതിയെ ഫ്‌ളാറ്റിൽ തടങ്കലിൽവെച്ച് പീഡിപ്പിച്ച കേസിലെ പ്രതി തൃശ്ശൂർ പുറ്റേക്കര പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യഹർജിയിൽ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് വി. ഷെർസിയാണ് ഹർജി പരിഗണിച്ചത്.

എറണാകുളത്ത് ഒന്നിച്ച് താമസിക്കുകയായിരുന്ന യുവതിയെ ലൈംഗികമായും ശാരീരികമായും കഠിനമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് മാർട്ടിൻ ജോസഫ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

എറണാകുളം അഡിഷണൽ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം അകന്നതിലുള്ള പ്രതികാരം തീർക്കാനായി കെട്ടിച്ചമച്ചതാണ് പരാതിയെന്നാണ് ജാമ്യഹർജിയിൽ പറയുന്നത്.

പരാതിക്കാരിയായ കണ്ണൂർ സ്വദേശിനി മുൻപ് വിവാഹിതയായിരുന്നുവെന്ന വിവരമടക്കം മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. 27-കാരിയായ യുവതിയെ പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. തുടർന്ന് ഒന്നിച്ചുതാമസിക്കാൻ തുടങ്ങി. പ്ലസ്ടു വിദ്യാഭ്യാസമുള്ള യുവതി ഒരു ഫാഷൻ ഡിസൈനറുടെ അസിസ്റ്റന്റ് ആണെന്ന് പിന്നീട് മനസ്സിലായി. ഇതിനിടയിലാണ് യുവതി വിവാഹിതയാണെന്ന വിവരം അറിയുന്നത്. ആരാഞ്ഞപ്പോൾ വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണെന്നും ഉടൻ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.

യുവതി തനിക്ക് പണം തന്നുവെന്ന അവകാശവാദം തെറ്റാണ്. താനാണ് യുവതിയുടെ ആവശ്യങ്ങൾക്കായി പണം നല്കിയത്. ബെംഗളരൂവിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുന്നതിനുള്ള പണം നല്കിയതും താനാണ്. തന്നോടു പറയാതെ യുവതി യാത്രപോകുന്നത് പതിവായിരുന്നു. ഫോണിൽപ്പോലും കിട്ടുമായിരുന്നില്ല. ഇതിനെ തുടർന്ന് സുഹൃത്തുക്കൾ ഇടപെട്ട് ബന്ധം രമ്യമായി അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.ഇതിനിടയിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ തനിക്കെതിരേ യുവതി പരാതി നല്കുന്നത്.

ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്നത്. പരാതിക്കാരി ഹാജരാക്കിയ വ്യാജ ഫോട്ടോഗ്രാഫ് മാത്രം കണക്കിലെടുത്താണ് സെഷൻസ് കോടതി തന്റെ ജാമ്യാപേക്ഷ തള്ളിയത്. ശാരീരികമായി ഉപദ്രവിച്ചതിന്റെ വൈദ്യപരിശോധനാ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയിരുന്നില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP