Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിരണിന്റെ മാതാവും കമല വിജയനും മുൻ സഹപ്രവർത്തകർ; സുഹൃദ് ബന്ധം കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമായി മാറി; സ്ഥാപന ഉദ്ഘാടനത്തിന് പിണറായിയും കമലയും എത്തിയത് ഈ അടുപ്പത്തിന്റെ പേരിൽ; കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ വിശദീകരണത്തിന് പോയ ആലപ്പുഴ എസ്‌പിയും വെട്ടിലായി; താൻ കിരണിന്റെ വീട്ടിൽ പോയെന്നും ചായ കുടിച്ചുവെന്നും ഒപ്പം ചേർത്തല ഡിവൈഎസ്‌പി സുഭാഷുമുണ്ടായിരുന്നുവെന്നും പിഎസ് സാബു

കിരണിന്റെ മാതാവും കമല വിജയനും മുൻ സഹപ്രവർത്തകർ; സുഹൃദ് ബന്ധം കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമായി മാറി; സ്ഥാപന ഉദ്ഘാടനത്തിന് പിണറായിയും കമലയും എത്തിയത് ഈ അടുപ്പത്തിന്റെ പേരിൽ; കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ വിശദീകരണത്തിന് പോയ ആലപ്പുഴ എസ്‌പിയും വെട്ടിലായി; താൻ കിരണിന്റെ വീട്ടിൽ പോയെന്നും ചായ കുടിച്ചുവെന്നും ഒപ്പം ചേർത്തല ഡിവൈഎസ്‌പി സുഭാഷുമുണ്ടായിരുന്നുവെന്നും പിഎസ് സാബു

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: സ്വർണ കടത്ത് കേസിൽ പുതിയതായി ആരോപണ വിധേയനായ ചേർത്തല അന്ധകാരനഴിയിലെ കിരൺ മാർഷലിന് പിണറായിക്കും കുടുംബത്തിനും എങ്ങനെ അടുപ്പമുണ്ടായി എന്നതാണ് ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം. പിണറായി വിജയന്റെ ഭാര്യ കമലയും കിരണിന്റെ മാതാവും സഹപ്രവർത്തകർ ആയിരുന്നുവെന്നതാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ അടുപ്പത്തിലൂടെയാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം വളർന്നത്.

പിണറായി മുഖ്യമന്ത്രിയാകുന്നതിനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് കിരണിന്റെ കുടുംബവുമായുള്ള അടുത്ത ബന്ധം. ഇരുവരും അദ്ധ്യാപകരായി ഒരേ സ്‌കൂളിൽ കുറേ നാൾ ജോലി ചെയ്തിരുന്നുവത്രേ. അന്നു തുടങ്ങിയ അടുപ്പമാണ് കുടുംബ ബന്ധമായി മാറിയത്. ഈ അടുപ്പത്തിന്റെ പേരിലാണ് കിരണിന്റെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ കമല വിജയൻ എത്തിയത്. ഇതേ പരിചയമാണ് കിരണിന്റെ മേൽനോട്ടത്തിലുള്ള റൈഫിൾ ക്ലബിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പിണറായിയെ എത്തിച്ചതും.

അരൂരിൽ തെരഞ്ഞെടുപ്പ് പര്യടനത്തിന് വന്ന പിണറായി വിശ്രമിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം കിരണിന്റെ വീട്ടിലാണ്. പിണറായി മുഖ്യമന്ത്രിയാകുന്നതിനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് കുടുംബ ബന്ധമെന്നും ഇവർ പറയുന്നു. സ്വപ്നയും സന്ദീപും തന്റെ വീട്ടിൽ താമസിച്ചുവെന്ന വാർത്ത കിരൺ നിഷേധിക്കുകയാണ്. ആലപ്പുഴഎസ്‌പി അടുത്തെങ്ങും തന്റെ വീട്ടിൽ വന്നിട്ടില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ, തന്റെ രഹസ്യ സന്ദർശനം മറുനാടൻ വാർത്തയാക്കിയതോടെ ആലപ്പുഴ എസ്‌പി പിഎസ് സാബു പരിഭ്രാന്തനായി. താൻ കിരണിന്റെ വീട്ടിൽ പോയെന്നും ചായ കുടിച്ചുവെന്നും ഒപ്പം ചേർത്തല ഡിവൈഎസ്‌പി സുഭാഷുമുണ്ടായിരുന്നുവെന്നും പിഎസ് സാബു പറഞ്ഞു.

തന്റെ വീട്ടിൽ എസ്‌പി വന്നിട്ടില്ല എന്ന കിരണിന്റെ നിഷേധം ഇതോടെ പൊളിഞ്ഞു. ആറ്, ഏഴ് തീയതികളിലാണ് സ്വപ്നയും സന്ദീപും കിരണിന്റെ വീട്ടിൽ തങ്ങിയതെന്നും അന്നു തന്നെ ആലപ്പുഴ എസ്‌പി ഇവിടെ എത്തിയെന്നുമായിരുന്നു മറുനാടൻ റിപ്പോർട്ട് ചെയ്തിത്. സന്ദർശന വാർത്ത അദ്ദേഹം നിഷേധിക്കുന്നില്ല. സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി ഒപ്പിടുവിക്കാനാണ് എസ്‌പി അഭിഭാഷകനൊപ്പം ഇവിടെ എത്തിയതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് സൂചന. എന്നാൽ, ഈ റിപ്പോർട്ട് പൂഴ്‌ത്തിയെന്നാണ് മറുനാടന് കിട്ടിയ വിവരം.

കേസിൽ താനും കുടുങ്ങുമെങ്കിലോ എന്ന് കരുതിയാണ് എസ്‌പി ഇന്നലെ വിശദീകരണവുമായി രംഗത്ത് എത്തിയത്. കണ്ടെയ്ന്മെന്റ് സോണായതിനാൽ അവിടം പരിശോധിക്കാൻ ചെന്നുവെന്നും ആ സമയത്ത് കിരണിന്റെ വീട്ടിൽ കയറി ചായ കുടിച്ചുവെന്നുമാണ് എസ്‌പി പറയുന്നത്. എന്നാൽ ഈ വിവരം തന്റെ ട്രാവൽ ഡയറിയിൽ എസ്‌പി രേഖപ്പെടുത്താത്തത് ദുരൂഹത പടർത്തുന്നുണ്ട്. വീടിന്റെ മുന്നിൽ നിന്ന കിരൺ ചായകുടിക്കാൻ വിളിച്ചപ്പോൾ അവിടേക്ക് കയറി. ഏഴിന് രാവിലെ 11.45 നാണ് ഇതെന്നും എസ്‌പി ഓർത്തെടുക്കുന്നു. ഈ സമയത്ത് സ്വപ്നയും സുരേഷും അവിടെ ഉണ്ടായിരുന്നോ എന്നാണ് ഇനി അറിയാനുള്ളത്.

എസ്‌പി പറയുന്നതിന് വിരുദ്ധമാണ് കിരൺ പറയുന്നത്. ആറ്, ഏഴ് തീയതികളിൽ സ്വപ്നയും സന്ദീപും കിരണിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് തെളിയുകയും ഈ സമയത്താണ് എസ്‌പി അവിടെ എത്തിയിരുന്നത് എങ്കിൽ പിഎസ് സാബുവിനെതിരേ നടപടി എടുക്കേണ്ടി വരും. പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ പിഎസ് സാബു കൺഫേർഡ് ഐപിസുകാരനാണ്. ഈ സർക്കാർ തന്നെയാണ് അദ്ദേഹത്തെ ഐപിഎസിന് ശുപാർശ ചെയ്തത്. നിലവിൽ കരുനാഗപ്പള്ളിയിലാണ് താമസം.

മഹേശന്റെ ആത്മഹത്യാ വിവാദത്തിലും ഇദ്ദേഹത്തിന് എതിരേ ആരോപണം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയാണ് സാബുവിനെ ആലപ്പുഴയിൽ പോസ്റ്റ് ചെയ്തത് എന്നും അന്വേഷണം അട്ടിമറിക്കാൻ ഇത് കാരണമാകുമെന്നുമാണ് അന്ന് ആരോപണം ഉയർന്നത്. തിരുവനന്തപുരത്ത് നിന്ന് കിരണിന്റെ കാറിലാണ് സ്വപ്നയും സന്ദീപും പുറപ്പെട്ടതെന്നും അതിന് ഒത്താശ ചെയ്തത് പൊലീസാണെന്നും പറയുന്നു. ഇവരുടെ യാത്രയ്ക്ക് വേണ്ട മുഴുവൻ സൗകര്യവും ചെയ്തു കൊടുത്തത് ഒരു ഡിവൈഎസ്‌പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP