Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ പിടിയിലായ ആഫ്രിക്കക്കാരൻ കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ കൺങ്കണ്ട ദൈവം; അനേകം പാസ്‌പോർട്ടുകളിൽ കേരളത്തിൽ നിന്നും കൊറിയർ ഏജൻസികൾ വഴി കടത്തിയത് കോടികളുടെ മയക്കുമരുന്ന്; കുറ്റകൃത്യം ഫുട്‌ബോൾ കളിക്കാരനായി

കൊച്ചിയിൽ പിടിയിലായ ആഫ്രിക്കക്കാരൻ കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ കൺങ്കണ്ട ദൈവം; അനേകം പാസ്‌പോർട്ടുകളിൽ കേരളത്തിൽ നിന്നും കൊറിയർ ഏജൻസികൾ വഴി കടത്തിയത് കോടികളുടെ മയക്കുമരുന്ന്; കുറ്റകൃത്യം ഫുട്‌ബോൾ കളിക്കാരനായി

കൊച്ചി : കസ്റ്റംസ് വിഭാഗം കൊച്ചിയിൽ എട്ടുകോടി രൂപയുടെ ലഹരി മരുന്നുമായി പിടികൂടിയ ആഫ്രിക്കൻ പൗരൻ അന്തർദേശീയ ലഹരിമരുന്ന് മാഫിയലിലെ മുഖ്യ കണ്ണിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കളിപ്പാട്ടങ്ങൾ, സ്ത്രീകളുടെ കമ്മൽ, വള എന്നിവയിൽ ഒളിപ്പിച്ചായിരുന്നു ലഹരി മരുന്ന് കടത്ത്. പരിശോധന കുറവാണെന്ന പ്രതീക്ഷയിലാണ് ഇയാൾ കൊച്ചി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തിയതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. എട്ടു കോടി രൂപയുടെ മയക്കുമരുന്നുമായി അറസ്റ്റിലായ ആഫ്രിക്കൻ സ്വദേശി ജൂഡി മൈക്കിൾ (48) ഫുട്‌ബോൾ കളിക്കാരനായാണ് കേരളത്തിൽ എത്തിയത്. എന്നാൽ പ്രധാന ലക്ഷ്യം മയക്കുമരുന്ന് കടത്തായിരുന്നു. കേരളത്തിലെ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

പായ്ക്കറ്റുകളിലാക്കിയ 4.05 കിലോ ഹെറോയിൻ, 300 ഗ്രാം മെത്താഫെറ്റാമിൻ എന്നിവയാണ് പിടിച്ചെടുത്തത്. വിലപിടിപ്പുള്ള ലഹരിവസ്തുവാണ് ഐസ് എന്ന വിളിപ്പേരുള്ള മെത്താഫെറ്റാമിൻ. സിരകളെ ഉത്തേജിപ്പിക്കാൻ ഉപയോഗിക്കുന്ന മയക്കുമരുന്നായ ഐസ്, വിദേശങ്ങളിൽ പണക്കാരാണ് ഉപയോഗിക്കുന്നത്. 300 ഗ്രാമിന് തന്നെ ഒരു കോടി രൂപയിലേറെ വിദേശത്ത് ലഭിക്കും. ഭൂരിപക്ഷം വിദേശരാജ്യങ്ങളും നിരോധിച്ച വസ്തുവാണിത്.

രണ്ടു പാസ്‌പോർട്ടുകൾ ജൂഡിമൈക്കിളിനുള്ളതായും കസ്റ്റംസ് കണ്ടെത്തി. കൊറിയർ കമ്പനി വഴി മയക്കുമരുന്ന് അയയ്ക്കാൻ ശ്രമിക്കുമ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ജൂഡിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. നെതർലാന്റസ്, ഗ്രീസ്, സ്‌പെയിൻ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അയയ്ക്കാൻ എട്ടു പെട്ടികളാണ് കൊറിയർ ഓഫീസിൽ കൊണ്ടുവന്നത്. വളകൾ, പേഴ്‌സുകൾ, വസ്ത്രങ്ങൾ, ഹെയർ ക്‌ളിപ്പ്, ഹെഡ് ഫോണുകൾ എന്നിവയാണ് പെട്ടികളിലെന്നാണ് അറിയിച്ചത്. പരിശോധനയിലാണ് ഇവയ്ക്കിടയിൽ ചെറിയ പാക്കറ്റുകളിലാക്കി മയക്കുമരുന്ന് ഒളിപ്പിച്ചത് കസ്റ്റംസ് കണ്ടെത്തിയത്.

ബെനിൻ റിപ്പബ്‌ളിക്കിൽനിന്ന് അനുവദിച്ച പാസ്‌പോർട്ടാണ് ജൂഡിയുടെ പക്കലുണ്ടായിരുന്നത്. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലെ പാസ്‌പോർട്ട് ഉപയോഗിച്ച് മുമ്പൊരിക്കൽ പാഴ്‌സൽ ബുക്ക് ചെയ്തതായും കണ്ടെത്തി. ബോബ്‌സൺ സേസേയ് എന്നാണ് ഇതിലെ പേര്. പാസ്‌പോർട്ടുകൾ സ്ഥിരീകരിക്കാൻ ആഫ്രിക്കൻ എംബസിയുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് ജൂഡി കൊച്ചിയിലെത്തിയത്. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മുമ്പ് ഡൽഹി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിനും ജൂഡി പിടിയിലായിട്ടുണ്ട്.

2011ൽ ഇതേ പേരിൽ ഇയാൾ ബാംഗ്ലൂരിൽ നിന്ന് യുഎസിലേക്കു 2.50 കോടി രൂപ വിലമതിക്കുന്ന ലഹരികടത്താൻ ശ്രമിച്ചിരുന്നു.വിവരം കിട്ടിയ ബെംഗളൂരു പൊലീസ് കൊറിയർ ഏജൻസിയിലെത്തും മുൻപ് ഇയാൾ കടന്നു കളഞ്ഞു. ഇത്രയും വർഷങ്ങൾക്കിടയിൽ ഇന്ത്യ വഴി എത്ര തവണ ഇയാൾ ലഹരി കടത്തിയെന്നു വ്യക്തമാകാൻ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കൊച്ചിയിലെ കൊറിയർ ഏജൻസി വഴി നെതർലാൻഡ്‌സ്, ഗ്രീസ്, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് മയക്കുമരുന്ന് അയച്ചിട്ടുള്ളത്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ നൽകിയ പാസ്‌പോർട്ടിലാണ് ജൂഡീ മിച്ചൽ എന്നപേരുള്ളത്. മറ്റൊരു ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നു ബോബ്‌സൺ സിസേയെന്ന പേരിൽ നേടിയ മറ്റൊരു പാസ്‌പോർട്ടുമായെത്തി ഇയാൾ തന്നെ വിദേശത്തേക്കു കൊറിയർ അയച്ചതായി ഏജൻസിയിലെ ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബോബ്‌സൺ സിസേ ആഫ്രിക്കയിലെ അറിയപ്പെടുന്ന ഫുട്‌ബോൾ കളിക്കാരനാണ്. ഈ പേരുപയോഗിച്ചാണ് ഫുട്‌ബോൾ കളിക്കാരന്റെ റോൾ എടുത്തത്. ഇന്ത്യയിലെ ഫുട്‌ബോൾ ക്ലബുകളിൽ കളിക്കാൻ അവസരം തേടിയെത്തിയതാണെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്. കസ്റ്റംസിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ജൂഡി മിച്ചൽ നൽകുന്നില്ല.

രഹസ്യാന്വേഷണ ഏജൻസികൾക്കു സംശയം തോന്നാതിരിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നു പല പേരുകളിലാണ് ഇയാൾ ലഹരി കടത്തിയിട്ടുള്ളത്. കേരളത്തിലെ ഏതെല്ലാം ഭാഗങ്ങളിലാണു വിദേശത്തേക്ക് അയയ്ക്കാനുള്ള ലഹരിവസ്തുക്കൾ ഒളിപ്പിച്ചിട്ടുള്ളതെന്ന് ഇയാൾക്ക് അറിയാമെങ്കിലും ചോദ്യം ചെയ്യലിൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP