Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ബൈക്കിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറിൽ കയറ്റുന്നത് റിട്ടയേഡ് എസ്‌ഐ കണ്ടത് നിർണായകമായി; സംഘം കവർന്നെടുത്തത് നാലുലക്ഷം രൂപ; എഞ്ചിനീയറിങ് വിദ്യാർത്ഥി അടക്കം രണ്ടുപേർ പിടിയിൽ

ബൈക്കിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറിൽ കയറ്റുന്നത് റിട്ടയേഡ് എസ്‌ഐ കണ്ടത് നിർണായകമായി; സംഘം കവർന്നെടുത്തത് നാലുലക്ഷം രൂപ; എഞ്ചിനീയറിങ് വിദ്യാർത്ഥി അടക്കം രണ്ടുപേർ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാലു ക്ഷം രൂപ കവർച്ച ചെയ്തകേസിൽ എൻജിനിയറിങ് വിദ്യാർത്ഥിയടക്കം രണ്ടു പേർ പിടിയിൽ. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി കൂടിയായ തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ് (26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നാലിനു വൈകിട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം.

പെരിന്തൽമണ്ണയ്ക്കടുത്തു അരക്കുപറമ്പ് പുത്തൂരിൽ വച്ച് ബൈക്കിലെത്തിയ പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും രണ്ടു ബൈക്കുകളിലുമായി വന്ന പത്തോളം പേർ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നു യുവാവിന്റെ കയ്യിലുണ്ടായിരുന്ന നാലു ലക്ഷം രൂപ കവർച്ചചെയ്ത് യുവാവിനെ ഭീമനാട് സ്‌കളിനു സമീപം ഇറക്കിവിട്ടു.യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതു കണ്ട സമീപവാസി കൂടിയായ റിട്ടയേർഡ് എസ്ഐ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ആക്രമി സംഘം രക്ഷപ്പെട്ടിരുന്നു.

Stories you may Like

തുടർന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പെരിന്തൽമണ്ണ എ.എസ്‌പി .രീഷ്മ രമേശൻ, ഡിവൈ.എസ്‌പി: പി.പി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ സിഐ: വി. ബാബുരാജ്, എസ്ഐമാരായ മഞ്ജിത്ലാൽ, ബിനോയ് എന്നിവരെയുൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കവർച്ചാ സംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളെയും കേന്ദ്രീകരിച്ചും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മുമ്പു ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കേരളത്തിലും പുറത്തുമായി വിവിധയിടങ്ങളിൽ താമസിച്ച് കവർച്ചകൾ നടത്തുന്ന കണ്ണൂർ, എറണാകുളം, കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവർച്ചാ സംഘത്തെകുറിച്ച് പൊലീസിനു വിവരം ലഭിച്ചു. ഇത്തരത്തിൽ പണവുമായി പേകുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി കൈമാറാൻ സംഘത്തിൽ ആളുകളുണ്ടെന്നു വ്യക്തമായി.

അറസ്റ്റ് ചെയ്ത പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ സംസ്ഥാനത്തെ പ്രധാന ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരുമായി ഇവർക്കു നേരിട്ടു ബന്ധമുള്ളതായും കൂടുതൽ കവർച്ചകൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും വിവരംലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തലവന്മാരായ എ.എസ്‌പി രീഷ്മ രമേശൻ, ഡിവൈ.എസ്‌പി: പി.പി.ഷംസ് എന്നിവർ അറിയിച്ചു. പണവുമായി യുവാവ് വരുന്ന വിവരം കൈമാറി കവർച്ച ആസൂത്രണം ചെയ്തവരുൾപ്പടെയുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായും അവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും തിരിച്ചറിയൽ പരേഡ് ഉൾപ്പടെയുള്ള തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്‌പി ഷംസ് അറിയിച്ചു.

പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാപൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ എ.എസ്‌പി .രീഷ്മ രമേശൻ, ഡിവൈ.എസ്‌പി: പി.പി ഷംസ്, സിഐ വി. ബാബുരാജ്, എസ്‌ഐമാരായ മഞ്ജിത്ലാൽ, ബിനോയ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, എൻ.ടി കൃഷ്ണകുമാർ, എം. മനോജ്കുമാർ, ഉല്ലാസ്, ആസിഫ് അലി, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP