Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും

കെവിൻ കൊല്ലപ്പെട്ടത് ഒരു പകലും രാത്രിയും നീണ്ട പീഡനത്തിന് ശേഷം; കൊലപാതകത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ഭാര്യ നേരിട്ടെത്തി പരാതി നൽകിയിട്ടും കുലുങ്ങാത്ത എസ്‌ഐക്ക് ഒടുവിൽ സസ്‌പെൻഷൻ; പൊലീസിന്റെ ക്രൂരതയിൽ നാടെങ്ങും പ്രതിഷേധം; കെവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും

കോട്ടയം: സ്വന്തം ഭർത്താവിനെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്നും അയാളുടെ ജീവൻ അപകടത്തിലാണെന്ന് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പറയുകയും ചെയ്തിട്ടും തന്റെ സഹോദരനും ബന്ധുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി എന്ന വാർത്തയാണ് നീനുവെന്ന പെൺകുട്ടിക്ക് കേൾക്കേണ്ടി വന്നത്. അതും വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിന് ശേഷം മാത്രമെ മറ്റ് അന്വേഷണം ഉള്ളു എന്ന പൈശാചികമായ ആ നിലപാട് എസ്‌ഐ സ്വീകരിക്കാതിരുന്നുവെങ്കിൽ വിവാഹത്തിന്റെ മൂന്നാം നാൾ നീനു വിധവയാകില്ലായിരുന്നു. ഉത്തരേന്ത്യയിൽ മാത്രം നാം കേട്ടിടുള്ള ദുരഭിമാന കൊലപാതകം നടന്നത് മതേതര മനസ്സുള്ള കേരളത്തിലാണെന്നത് മലയാളികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അവർ അത് അത്രവേഗം പൊറുക്കുകയുമില്ല.

ദളിതനായി പോയി എന്ന ഒരു കുറ്റം മാത്രമായിരുന്നു കെവിൻ ജോസഫ് എന്ന യുവാവ ചെയ്തത്. കുറ്റകൃത്യം നടത്താൻ മുന്നിട്ട് നിന്നത് മതനിരപേകഷതയുടെ കാവലാളുകൾ എന്ന് സ്വയം അഭിമാനിക്കുന്ന ഡിവൈഎഫ്‌ഐ എന്ന സംഘടനയുടെ പ്രാദേശിക നേതാക്കളും. എന്തൊക്കെ ന്യായം പറഞ്ഞാലും ഈ കൊടുംപാതകത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ അഭ്യന്തര വകുപ്പിനോ പൊലീസ് സേനയ്‌ക്കോ കഴിയുകയുമില്ല. ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധത്തിനൊടുവിൽ നാളെ കോട്ടയം ജില്ലയിൽ യുഡിഎഫ്- ബിജെപി എന്നിവർ ഹർത്താലിനും ആഹ്വാനം ചെയ്തിട്ുണ്ട്. നിയമപരമായി വിവാഹം ചെയ്ത രണ്ട്‌പേരിലെ സ്ത്രീയെ അവർക്കിഷ്ടമുള്ള ആളുടെ ഒപ്പം ജീവിക്കാൻ വിടുന്നതിന് പകരം പിണറായി പൊലീസ് ചെയ്തിരിക്കുന്നതാകട്ടെ ബലം പ്രയോഗിച്ച് അച്ഛനമ്മമാർക്കൊപ്പം പറഞ്ഞ് വിടുക എന്നതായിരുന്നു.

പോസ്റ്റ് മോർട്ടം നാളെ

ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് കെവിനെ ഭാര്യ സഹോദരനും സംഘവും ബന്ധുവീട് അടിച്ച് തകർത്ത ശഷം തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒപ്പം ബന്ധുവായ അനീഷിനേയും തട്ടിക്കൊണ്ട് പോയിരുന്നു. ഹോസ്റ്റലിൽ പാർപ്പിച്ചിരിക്കുന്ന നീനുവിനെ വിട്ടുകിട്ടണം എന്നായിരുന്നു ആവശ്യം. ഒരു പകലും രാത്രിയും മുഴുവൻ അവർ കെവിനെ കൊല്ലാക്കൊല ചെയ്ത ശേഷം തെന്മലക്ക് സമീപമുള്ള തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ദളിത് സംഘടനകളുടേയും പ്രതിപക്ഷ പാർട്ടികളുടേയും പ്രതിഷേധത്തിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി നാളെ ബന്ധുക്കൾക്ക് കൈമാറും

നീനുവിന് ഇപ്പോഴും ബോധം തിരികെ കിട്ടിയിട്ടില്ല

ഇന്നലെ ഒരു പകൽ മുഴുവൻ തന്റെ ഭർത്താവിനെ കാത്തിരുന്ന ശേഷം അയാൾക്ക് അപകടം സംഭിച്ചേക്കുമെന്ന മനസ്സിലാക്കിയ അവർ ഇപ്പോഴും ബോധ രഹിതയാണ്. തന്ഡറെ ഭർത്താവ് കൊല്ലപ്പെട്ടു എന്ന് മനസ്സിലാക്കിയ അവർക്ക് ഇനിയും സ്വബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. മരണ വാർത്ത അവരിൽ നി്‌നനും മറച്ച് വയ്ക്കാൻ ശ്രമിച്ചുവെങ്കിലും കേരളം മുഴുവൻ ഈ വിഷയം ചർച്ചയായതോടെ അവർ വിവരം അറിയുകയും ചെയ്തു.

പകൽ മുഴുവൻ പ്രതിഷേധം; നാളെ ഹർത്താൽ

ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ മരണം പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാകുന്നു. പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.പരാതി നൽകിയ ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷന് മുന്നിൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളും യുവമോർച്ചയും പ്രതിഷേധം നടത്തി

പൊലീസിന്റെ അനാസ്ഥയെ തുടർന്നുള്ള ദുരഭിമാന കൊലയാണ് ഇതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്. താഴ്ന്ന ജാതിയിൽ പെട്ട യുവാവായ കെവിനെ നീനു എന്ന സാമ്പത്തികമായി മെച്ചപെട്ട നിലയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിനെതുടർന്നാണ് ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലർച്ചയോടെയാണ് പെൺകുട്ടിയുടെ സഹോദരനും മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘവും ചേർന്ന് കെവിനെ കൊലപ്പടുത്തിയത്.നാളെ കോട്ടയം ജില്ലയിൽ യുഡിഎഫ്- ബിജെപി എന്നിവർ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

തട്ടിക്കൊണ്ട് പോകലിന് മുൻപ് പൊലീസ് ചോദ്യം ചെയ്തു

കെവിൻ ജോസഫിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുൻപ് അക്രമിംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇവരെ കണ്ടതിനെ തുടർന്നായിരുന്നു പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ ഒരു കല്യാണ വീട്ടിലേക്ക് പോകുന്ന വഴിയാണെന്നും തങ്ങൾക്ക് വഴിതെറ്റിയെന്നും പറഞ്ഞാണ് ഇവർ അപ്പോൾ അവിടെ നിന്നും തടിതപ്പിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ദുരൂഹ സാഹചര്യത്തിൽ രണ്ട് വാഹനത്തിൽ ഇത്രയും ചെറുപ്പക്കാരെ കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് വാഹന പരിശോധന ഉൾപ്പടെ നടത്തിയില്ലെന്ന സംശയവും ഉയരുന്നുണ്ട്.പൊലീസിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെയൊരു സംഭവം നടന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇത്.


എസ്‌ഐ ഷിബു സ്ഥിരം പ്രശ്‌നക്കാരൻ

കെവിൻ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന, ഭാര്യ നീനുവിന്റെയും മറ്റു ബന്ധുക്കളുടെയും പരാതി അവഗണിച്ച ഗാന്ധിനഗർ എസ്‌ഐ എം.എസ്. ഷിബു മുൻപും ആരോപണ വിധേയൻ. മോഷണക്കേസിൽ ആരോപണ വിധേയനായ ആളെ വഴിവിട്ടു സഹായിച്ചു എന്ന് ഇയാൾക്കെതിരെ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലാണ് എസ്‌ഐക്കെതിരെ റിപ്പോർട്ടുള്ളത്.

പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ജോലിയിലുണ്ടായിരുന്ന എസ്‌പിയുടെ സഹോദരന്റെ ബുള്ളറ്റ് മോഷണം പോയത് അഞ്ചു മാസങ്ങൾക്ക് മുൻപാണ്. ഇതു സംബന്ധിച്ച് വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമായും എസ്‌ഐ ഷിബുവുമായും അടുപ്പമുള്ളയാളാണ് ബുള്ളറ്റ് വാങ്ങിയത്. എൻജിൻ നമ്പരെല്ലാം മാറ്റിയ നിലയിലായിരുന്നു. ഒരു വർക്ഷോപ്പിൽനിന്ന് ബൈക്ക് വാങ്ങിയെന്നാണ് എസ്‌ഐ ഷിബുവിന്റെ അടുപ്പക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസ് ഒതുക്കിത്തീർക്കാൻ ഗാന്ധിനഗർ എസ്‌ഐ ഷിബു ശ്രമം നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്നാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്.

മൂന്ന് പ്രതികൾ പിടിയിൽ

കെവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന പേർ പിടിയിലായി. പ്രതികളായ നിയാസ്, റിയാസ്, ഇഷാൻ എന്നിവരാണ് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ വെച്ച് പിടിയിലായത്. കെവിൻ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ടു പേരാണ് തിരുനൽവേലിയിൽ അറസ്റ്റിലായത്. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ഇടമൺ യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്.

കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന. എന്നാൽ സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു. ഇരുവരെയും അൽപസമയത്തിനു ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും.കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്. ഇഷാൻ എന്നയാളാണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ് ആരോപിച്ചു. സ്ഥലത്തെത്തിച്ച് നൽകിയാൽ ഒന്നരലക്ഷം രൂപ നൽകാമെന്ന് പ്രതികൾ പറയുന്നത് കേട്ടു. പ്രതികൾ വാഹനത്തിൽ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ് അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മർദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോൾ ഇറക്കിവിട്ടെന്നും അനീഷ് വ്യക്തമാക്കി.

അന്വേഷണം ശക്തിപ്പെടുത്താൻ ഡിജിപിയുടെ നിർദ്ദേശം

കെവിന്റെ മരണം കോട്ടയം ഡിവൈഎസ്‌പിയാകും അന്വേഷിക്കുക. പൊലീസിന്റെ വീഴ്ചയാണ് കെവിൻ മരണപ്പെടാൻ കാരണമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനാൽ വകുപ്പുതല നടപടികളും നിയമ നടപടികളും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. 'ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് എസ്‌ഐ പറഞ്ഞതെന്നാണ് റിപ്പോർട്ട്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

ഞായറാഴ്ച പുലർച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ല. ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പൊലീസ്സ്‌റ്റേഷനിലെത്തി. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് പെൺകുട്ടിയുടെ വീട്ടുകാർ കെവിനെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയോടെ തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു.ഐജി മനോജ് എബ്രഹാമിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP