Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെവിൻ കൊലക്കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും കീഴടങ്ങിയത് കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി; കാറോടിച്ചിരുന്ന പ്രതി മനുവും പിടിയിൽ; കൃത്യത്തിന് ശേഷം ബാംഗ്ലൂരിലേക്ക് രക്ഷപെട്ട ഇവർ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് കീഴടങ്ങി; വലയിലാകാനുള്ളത് ഏഴ് പ്രതികൾ കൂടി

കെവിൻ കൊലക്കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി; മുഖ്യപ്രതികളായ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയും കീഴടങ്ങിയത് കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി; കാറോടിച്ചിരുന്ന പ്രതി മനുവും പിടിയിൽ; കൃത്യത്തിന് ശേഷം ബാംഗ്ലൂരിലേക്ക് രക്ഷപെട്ട ഇവർ പൊലീസ് പിന്നാലെ ഉണ്ടെന്നറിഞ്ഞ് കീഴടങ്ങി; വലയിലാകാനുള്ളത് ഏഴ് പ്രതികൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:കെവിൻ കൊലക്കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലക്കുറ്റമുൾപ്പെടെ അഞ്ച് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. നിയമവിരുദ്ധമായ സംഘംചേരലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതികളെ കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തിരുന്നു. റിയാസ്, നിയാസ്, ഇഷാൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്.

 കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ, പിതാവ് ചാക്കോ
എന്നിവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. ഇവർ ആദ്യം ബാംഗ്ലൂരിലേക്കാണ് രക്ഷപെട്ടത്. പൊലീസ് പിന്നാലെയുണ്ട് എന്നറിഞ്ഞ് ഒളിവിൽ പോകാനുള്ള ശ്രമം ഇവർ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തിരിച്ചുവരുമ്പോൾ ഇരിട്ടിയിൽ കരിക്കോട്ടുകരി പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. . പ്രതികളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തിട്ടുണ്ട്.വൈകുന്നേരത്തോടെ ക്വട്ടേഷൻ സംഘാംഗമായ കാറോടിച്ചിരുന്ന മനുരാജ് പിടിയിലായി. പുനലൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇതിനിടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കെവിൻ മരിച്ചതുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കാണിച്ചാണ് പ്രതികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്. എന്നാൽ ഷാനു കെവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്. തങ്ങൾക്കെതിരായ മറ്റ് ആരോപണങ്ങൾ തെറ്റാണെന്നാണ് ഇവർ വാദിച്ചത്. ചാക്കോ ജോൺ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആളാണെന്നും അതിനാൽ കസ്റ്റഡി ഒഴിവാക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഈ ഹർജി പരിഗണിച്ചാൽ തന്നെയും അനുകൂല വിധിയുണ്ടാകില്ലെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കീഴടങ്ങൽ. കേസുമായി ബന്ധപ്പെട്ട് 3 പേർ നേരത്തെ പിടിയിലായിരുന്നു. ഇനി 7 പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. പല പ്രതികളും നാടുവിട്ടു പോയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നിലവിൽ വീടുകയറി ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിൽ പ്രതികൾക്കെതിരേ എടുത്തിരിക്കുന്നത്. കൊലപാതകത്തിനുള്ള 302-ാം വകുപ്പ് ചേർത്തിട്ടില്ല. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഇക്കാര്യം തീരുമാനിക്കൂ.

നേരത്തെ, കേസിൽ പ്രതി ചേർത്തേക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഇവർക്കായി പൊലീസ് തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ, നീനുവിന്റെ മാതാപിതാക്കളെ തേടി പൊലീസ് പിറവന്തൂരിലുമെത്തി. ഇവർ ബന്ധുവീട്ടിലുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു ഇത്. ചാക്കോയുടെ ബന്ധുവിന്റെ വീടാണിത്. ഒറ്റക്കലിലെ വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വീട്ടിൽ ആരുമില്ലായിരുന്നു. അതിനിടെയാണ് ഇവർ കണ്ണൂരിൽനിന്ന് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം അഞ്ചായി.

ചാക്കോയുടെ തെന്മലയിലെ വീടാണ് പൊലീസ് വളഞ്ഞു പൂട്ട് പൊളിച്ചു അകത്തു കയറി പരിശോധന നടത്തിയത്. അതിനിടെ മാതാപിതാക്കളുടെ അറിവില്ലാതെ സഹോദരൻ ഷാനുവും സംഘവും കെവിനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്ന് നീനുവും മൊഴി നൽകിയിരുന്നു. കൂടാതെ, നിയാസ് കെവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു വ്യക്തമാക്കുകയുണ്ടായി. കെവിൻ താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ് കൊല നടത്തിയതെന്ന നീനുവിന്റെ ബന്ധുവും കേസിലെ പ്രതിയുമായ നിയാസിന്റെ ഉമ്മ ലൈലാ ബീവിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ചാക്കോയും രഹനയും. ഇരുവരും നേരിട്ടാണ് വാഹനം ഏർപ്പാടാക്കണമെന്ന് നിയാസിനോട് ആവശ്യപ്പെട്ടതെന്നും ലൈല പറഞ്ഞു.

കെവിൻ വധക്കേസിൽ 14 പേരെ പ്രതികളാക്കിയതായി പൊലീസ് അറിയിച്ചു. കെവിനെ കടത്തിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ട 13 പേരെ കൂടാതെ പദ്ധതി ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന നീനുയുടെ പിതാവ് ചാക്കോയും കേസിൽ പ്രതിപട്ടികയിൽ ഉണ്ട്.കേസിൽ ഒന്നാം പ്രതി ഷാനുചാക്കോ ആണ്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് നീനയുടെ മാതാപിതാക്കൾക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ ്‌പൊലീസ് പറയുന്നത്. ആസൂത്രകന്റെ റോളായിരുന്നു പിതാവ് ചാക്കോയ്ക്ക് എന്നാണ് പൊലീസ് പറയുന്നത്.

കെവിനെ വീട്ടിൽ നിന്ന് കൊണ്ടുപോയ ഐ20 കാറിൽ അറസ്റ്റിലായ നിയാസും റിയാസും ഉൾപ്പെടെ 6 പേർ പ്രതികൾ സഞ്ചരിച്ചിരുന്നു. കെവിന്റെ ബന്ധു അനീഷിനെ കയറ്റിയതടക്കം മറ്റു രണ്ട് കാറുകൾ കോട്ടയം എത്തും മുൻപേ ഈ ഐ20 കാറുകൾക്കൊപ്പം ചേർന്നു. കെവിൻ കൊല്ലപ്പെട്ട ശേഷം സംഘാംഗങ്ങൾ പലവഴിക്ക് പിരിയുകയും ചെയ്തു. കേസിലാകെ 14 പ്രതികളാണുള്ളതെന്ന് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഐജി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.

തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചിരുന്ന ഡിവൈഎഫ്‌ഐ നേതാവും നീനുവിന്റെ ബന്ധുവുമായ നിയാസ്, റിയാസ് എന്നിവരെ ഇന്നലെ വൈകിട്ട് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കുപുറമെ സംഘത്തിലുണ്ടായിരുന്ന ഇഷാനും കസ്റ്റഡിയിലുണ്ട്. നീനുവിന്റെ ബന്ധുക്കളായ റെനീസ്, സലാദ്, അപ്പു, ടിറ്റോ തുടങ്ങിയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ചയാണ് ഷാനു നാട്ടിലെത്തിയത്. സഹോദരിയുടെ വിവാഹ വിവരമറിഞ്ഞാണ് ഇയാൾ നാട്ടിലെത്തിയതെന്നാണ് പൊലീസ് നിഗമനം. അക്രമി സംഘത്തെ ഒന്നിപ്പിച്ചത് ഷാനുവാണെന്ന് കേസിൽ നേരത്തേ പിടിയിലായ നിയാസും റിയാസും മൊഴി നൽകിയിട്ടുണ്ട്. ഷാനുവിന്റെ മാതാപിതാക്കൾക്കും ഇതേക്കുറിച്ചറിയാമെന്നും ഇവരുടെ മൊഴിയുണ്ട്. ഇതേത്തുടർന്നാണ് നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെയും പൊലീസ് പ്രതി ചേർത്തത്.

കെവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്

പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചന. ശരീരത്തിൽ പരുക്കുകളേറ്റിട്ടുണ്ടെങ്കിലും അവയൊന്നും മരണകാരണമായിട്ടില്ലെന്നാണ് വിവരം. അതേസമയം, ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോർട്ട് തയാറാക്കൂ. വെള്ളം ഉള്ളിൽച്ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. കണ്ണിനും കാര്യമായ പരുക്കുണ്ട്.

ക്രൂരമർദ്ദനത്തിനുശേഷം വെള്ളത്തിലേക്ക് എറിഞ്ഞതോ പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ തോട്ടിൽ വീണതോ ആകാമെന്നാണ് അനുമാനിക്കുന്നത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം മരണകാരണമായോ എന്നു പരിശോധനാ ഫലം ലഭിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം വിലയിരുത്തും. കെവിനെ മുക്കിക്കൊന്നതാണെന്ന വാദമാണ് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP