Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സസ്‌പെൻഷൻ നടപടി സുഖവാസത്തിന് വഴിയൊരുക്കലെന്ന വിമർശനം കടുത്തപ്പോൾ കർശന നിലപാടിലേക്ക് നീങ്ങി മുഖ്യമന്ത്രി പിണറായി; കെവിന്റെ മരണത്തിൽ വീഴ്‌ച്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനോട് ആഭ്യന്തര വകുപ്പിന് അനുകൂല നിലപാട്; വിശദീകരണം വാങ്ങി അന്വേഷണം നടത്തി പിരിച്ചുവിടണോ തരംതാഴ്‌ത്തണോ എന്നു തീരുമാനിക്കും; ആരോപണ വിധേയർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും

സസ്‌പെൻഷൻ നടപടി സുഖവാസത്തിന് വഴിയൊരുക്കലെന്ന വിമർശനം കടുത്തപ്പോൾ കർശന നിലപാടിലേക്ക് നീങ്ങി മുഖ്യമന്ത്രി പിണറായി; കെവിന്റെ മരണത്തിൽ വീഴ്‌ച്ച വരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിനോട് ആഭ്യന്തര വകുപ്പിന് അനുകൂല നിലപാട്; വിശദീകരണം വാങ്ങി അന്വേഷണം നടത്തി പിരിച്ചുവിടണോ തരംതാഴ്‌ത്തണോ എന്നു തീരുമാനിക്കും; ആരോപണ വിധേയർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടപടി ക്രമങ്ങളിൽ വീഴ്‌ച്ചയുണ്ടാകുമ്പോൾ പൊലീസുകാർക്കെതിരെ സസ്‌പെൻഷൻ നടപടി മാത്രം സ്വീകരിക്കുക എന്നതാണ് പതിവു പരിപാടി. ഈ നടപടി ഉദ്യോഗസ്ഥർക്ക് സുഖവാസത്തിന് അവസരം ഒരുക്കലാണെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ മറ്റു നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി. കൈക്കൂലി വാങ്ങി കെവിൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിയമോപദേശം തേടി.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെപേരിൽ കെവിനെ തട്ടിക്കൊണ്ടുപോവുകയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതിന് നിയമതടസ്സമില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. പൊലീസുകാർക്കെതിരായ കോട്ടയം അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ.എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥരെ പിരിച്ചുവിടണോ തരംതാഴ്‌ത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പൊലീസിനും സർക്കാറിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കർശനനടപടി വേണമെന്ന നിലപാടാണ് സർക്കാറിന്.

അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ എസ്‌ഐയായിരുന്ന ഷിബു ഉൾപ്പെടെ നാലുപേർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകും. അവരുടെ വിശദീകരണംകൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാകും ഡിവൈ.എസ്‌പി സമർപ്പിക്കുക. കെവിനെ ഭാര്യാസഹോദരനായ ഷാനു ചാക്കോയുടെ നേതൃത്വത്തിലെത്തിയ സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് എസ്‌ഐ എം.എസ്. ഷിബു, എഎസ്ഐ ബിജു, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരായ ആരോപണം. സംഭവത്തിൽ കടുത്ത നടപടി വേണമെന്നാണ് സർക്കാർ നിലപാട്. അതിനുള്ള നിയമസാധുത പരിശോധിക്കാൻ സർക്കാർ ആഭ്യന്തര സെക്രട്ടറിയോടും ഡി.ജി.പിയോടും നിർദേശിച്ചിരുന്നു.

കേരള പൊലീസ് ആക്ടിൽ 2012ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പിരിച്ചുവിടാൻ സാധിക്കുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിയമോപദേശം. ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നതിനുമുമ്പ് ആരോപണവിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളേണ്ട നടപടികൾക്കാണ് തുടക്കമായത്. പൊലീസ് ഉദ്യോഗസ്ഥർക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും.

അതിനിടെ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാക്കുന്ന ഡിവൈഎസ്‌പി റിപ്പോർട്ട് ലഭിച്ച ശേഷം പിരിച്ചുവിടുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. സർക്കാരിനു നാണക്കേടുണ്ടാക്കുന്ന പൊലീസ് വീഴ്ചകൾ പതിവായതോടെ പരിഹാരമെന്ന നിലയിൽ കുറ്റക്കാരെ പിരിച്ചുവിടണമെന്നു മുഖ്യമന്ത്രി വിളിച്ച മുൻ ഡിജിപിമാരുടെ യോഗത്തിൽ അഭിപ്രായമുയർന്നതും കടുത്തനടപടികൾ വേഗത്തിലാക്കാൻ കാരണമായി. അതിനിടെ, കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. എഎസ്‌ഐ, ഡ്രൈവർ എന്നിവർക്കാണ് ഏറ്റുമാനൂർ കോടതി ജാമ്യം അനുവദിച്ചത്.

അതിനിടെ കെവിൻ വധക്കേസിൽ മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്ന ചാക്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കൊന്നും അറിയില്ലെന്നും കോട്ടയം ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തന്നെ പ്രതി ചേർത്തിട്ടില്ലെന്നും ഹർജിക്കാരി ബോധിപ്പിച്ചു.

തന്റെ മകൾ നീനുവിനെ കെവിൻ വിവാഹം ചെയ്തതറിഞ്ഞു ചില തർക്കങ്ങളുണ്ടായതായി അറിയാം. പിന്നീട് തെന്മലയിലെ പുഴയിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് അറിഞ്ഞത്. ആരോപിക്കപ്പെടുന്ന സംഭവം മെയ്‌ 27നായിരുന്നു. ഇതുവരെ 14 പേരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കേസിൽ തന്നെയും പ്രതിചേർക്കാൻ നീക്കമുണ്ടെന്നു മാധ്യമങ്ങളിൽ നിന്നറിഞ്ഞ സാഹചര്യത്തിലാണു മുൻകൂർ ജാമ്യത്തിനെത്തിയതെന്നും ബോധിപ്പിച്ചു.

അതിനിടെ പൊലീസിനെതിരെ ആരോപണം ഉയർന്ന കേസിൽ അട്ടിമറി നീക്കങ്ങളും സജീവമാണ്. തട്ടിക്കൊണ്ട് പോയവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെവിൻ ആറ്റിൽ വീണതാകുമെന്നാണ് പൊലീസ് അനുമാനം. എന്നാൽ, അതിനുള്ള സാധ്യതയില്ലെന്ന് കെവിനൊപ്പം ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയ അനീഷ് ഉറപ്പിച്ചുപറയുന്നു. തന്റെ വീട്ടുകാരുടെ പകയെ കുറിച്ച് കെവിന്റെ ഭാര്യ നീനുവും പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സ്വാഭാവിക മുങ്ങി മരണമായി കേസിനെ മാറ്റാനാണ് പൊലീസിന്റെ ശ്രമം. അന്ന് നടന്ന തട്ടിക്കൊണ്ട് പോകലിൽ അനീഷ് പറയുന്നതൊന്നും പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല.

പൊലീസ് വീഴ്ചയുടെ ക്ഷീണം സർക്കാരിനെന്ന് ഒടുവിൽ മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. മുൻ ഡിജിപിമാരുടെ യോഗത്തിൽ സർക്കാരിനെ തകർക്കാൻ ചില പൊലീസുകാർ ശ്രമിക്കുന്നുണ്ടെന്ന് ടിപി സെൻകുമാറാണ് വിശദീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ മുഖ്യമന്ത്രി എടുത്തു. കെവിൻ കേസിൽ കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടാനും നിയമ നടപടി തുടങ്ങി. അപ്പോഴും മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വില കൊടുക്കാതെയാണ് പൊലീസ് ദുരഭിമാനക്കൊലയിൽ അന്വേഷണം തുടരുന്നത്. കെവിന്റേത് സ്വാഭാവിക മരണമാക്കി മാറ്റി തട്ടിക്കൊണ്ട് പോകൽ കേസ് മാത്രം പ്രതികളിൽ ചുമത്താനാണ് നീക്കം. ഇതിലൂടെ പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് ഒഴിവാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് അനീഷിന്റെ മൊഴിയും വെളിപ്പെടുത്തലും വീണ്ടും ചർച്ചയാകുന്നത്.

മാന്നാനത്തുനിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോയത് രണ്ട് കാറിലാണ്. പിന്നീട് കാറിലിരുന്ന് അനീഷിനെ ഈ സംഘം കഴുത്ത്, തല, മുഖം എന്നിവിടങ്ങളിൽ പലതവണ അടിച്ചു. തെന്മല അടുത്തപ്പോൾ ''ദാ കാഴ്ചകൾ കണ്ടോ. തെന്മലയിലെ കാഴ്ചകളാണ്. ഇനി ജീവിതത്തിൽ കാണാൻ കഴിഞ്ഞില്ലെങ്കിലോ''യെന്ന് സംഘാംഗം പറഞ്ഞതിൽനിന്നാണ് തെന്മലയാണെന്ന് അറിഞ്ഞത്. ഛർദിക്കണമെന്ന് അനീഷ് പറഞ്ഞു. അതനുസരിച്ച് കാർ ഒരിടത്ത് നിർത്തി. അതിൽനിന്ന് അനീഷിനെ വലിച്ചിഴച്ചിറക്കി താഴെ ഇരുത്തി. അല്പംകഴിഞ്ഞ് നിർത്തിയിട്ട കാറിന് മുന്നിൽ മറ്റൊരു കാർ വളച്ചുകൊണ്ട് നിർത്തി. അതിൽനിന്ന് കെവിനെ വലിച്ചിഴച്ച് താഴെയിരുത്തുന്നത് അനീഷ് കണ്ടതാണ്. ഇരിക്കുന്നിടത്തുനിന്ന് അല്പം മാറിയിരിക്കാൻപോലും പറ്റാത്തത്ര ക്ഷീണിതനായിരുന്നു.

ആ അവസ്ഥയിൽ ഓടിരക്ഷപ്പെടാൻ പറഞ്ഞാലും കെവിന് ഒരടി ഓടാൻ പറ്റില്ല. അവനെ വീണ്ടും ആരോ തല്ലാൻ തുടങ്ങിയപ്പോൾ ഒരാൾ ''ഇനിയവനെ തല്ലണ്ട, ചത്തുപോകു''മെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് അനീഷിനെ കാറിൽ വലിച്ചുകയറ്റി. ഇത്തരത്തിലൊരു വ്യക്തി എങ്ങനെ ഓടി രക്ഷപ്പെടുമെന്നാണ് അനീഷ് ചോദിക്കുന്നത്. കേസിൽ ഗുരുതര വീഴ്ചവരുത്തിയെന്ന് ആരോപണമുള്ള ഗാന്ധിനഗർ എസ്ഐ. ഷിബു, എഎസ്‌ഐ. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെ പിരിച്ചുവിടാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയിലും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP