Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാനസിക രോഗം ആരോപിച്ചു പിതാവ് നീനുവിന് വേണ്ടി വാദിക്കുന്നത് കേസ് അനുകൂലമാക്കാനുള്ള ഏക വഴിയെന്ന് കണ്ട്; ആദ്യശ്രമം വിവാഹം അസാധുവെന്ന് പറഞ്ഞു കെവിന്റെ വീട്ടിൽ നിന്നും മാറ്റിപാർപ്പിക്കാൻ

മാനസിക രോഗം ആരോപിച്ചു പിതാവ് നീനുവിന് വേണ്ടി വാദിക്കുന്നത് കേസ് അനുകൂലമാക്കാനുള്ള ഏക വഴിയെന്ന് കണ്ട്; ആദ്യശ്രമം വിവാഹം അസാധുവെന്ന് പറഞ്ഞു കെവിന്റെ വീട്ടിൽ നിന്നും മാറ്റിപാർപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സ്വന്തം മകൾക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ചാക്കോ ജോൺ രംഗത്തെത്തിയത് കേസിൽ നിന്നും തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായെന്ന് തന്നെ സൂചന. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ലെന്ന് വാദിച്ച് മകളെ ഒപ്പം ചേർത്തു നിർത്താൻ നടത്തിയ ആദ്യ ശ്രമം വിജയിക്കില്ലെന്ന സൂചന പുറത്തുവന്നതോടെയാണ് നീനുവിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കാനും പിതാവ് രംഗത്തെത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളായ ചാക്കോയെയും സാനുവിനെയും ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇതിനിടെയാണ് നീനുവിനെ വിട്ടുകിട്ടണമെന്ന് പിതാവ് ചാക്കോയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ പരാതി നൽകിയത്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ലെന്നും ഇതനുസരിച്ച് നീനു ഇപ്പോൾ അന്യവീട്ടിലാണു താമസിക്കുന്നതെന്നു കണക്കാക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. നീനുവിന്റെ നിയമപരമായ രക്ഷിതാവ് പിതാവ് ചാക്കോയാണെന്നും ചാക്കോ ജയിലിലായതിനാൽ നീനുവിനെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാക്കണമെന്നും അഭിഭാഷകൻ വാദിച്ചു. നീനുവിന് ചികിൽസ ആവശ്യമുണ്ടെങ്കിൽ ഉറപ്പാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി പരാതി ഫയലിൽ സ്വീകരിച്ചു. വാദം കേൾക്കാനായി മാറ്റി.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീട് മാറി നിൽക്കുന്നതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടർ ചികിത്സ നടത്താൻ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹർജിയിൽ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഇപ്പോൾ താൻ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതുകൊണ്ടും മകൾ അന്യവീട്ടിൽ നിൽക്കുന്നതുകൊണ്ടുമാണ് തുടർചികിത്സ നടത്താൻ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെൽറ്റർ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടർചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹർജി. കെവിൻ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോൺ.

അതിനിടെ കേസിൽ അറസ്റ്റ് ഭയന്ന് നീനുവിന്റെ അമ്മ രഹന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. നീനുവിന്റെ മാതാവ് രഹനെ കണ്ടെത്തുന്നിനായി പൊലീസ് നടത്തി വരുന്ന തിരച്ചിൽ ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കേസിൽ ഇപ്പോൾ ഇവർ മുഖ്യ ഘടകമല്ലന്നും തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇവരെ ചോദ്യം ചെയ്യേണ്ട സാഹചര്യം പോലും ഉള്ളൂ എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്. ഇതിനിടെയാണ് നീനുവിന്റെ അമ്മ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും. നീനുവിന് മാനസിക രോഗമുണ്ടെന്ന് പിതാവ് ആരോപണം ഉന്നയിച്ചതും.

താൻ കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നാണ് രഹന ഹർജിയിൽ വ്യക്തമാക്കുന്നത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമാക്കി. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. സർക്കാരിന്റെ നിലപാടാകും നിർണ്ണായകം. ഈ കേസിൽ രഹനയെ ഇനിയും പൊലീസ് പ്രതി ചേർത്തിട്ടില്ല.

അച്ഛൻ ചാക്കോയും അമ്മ രഹനയും വിദേശത്തായിരുന്നതിനാൽ കൊല്ലത്തെ ബന്ധുവീടുകളിൽ മാറിമാറി നിന്നാണ് നീനു വളർന്നത്. ഇതിനിടെയാമ് കോട്ടയത്തെ പഠനത്തിനിടെ കെവിനുമായി പ്രണയത്തിലാകുന്നത്. കോട്ടയം അമലഗിരി കോളേജിൽ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. ബസ് സ്റ്റാൻഡിൽ വെച്ച് സ്ഥിരമായി കണ്ടുള്ള പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. കെവിനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതു മുതൽ വീട്ടുകാർ കടുത്ത എതിർപ്പുയർത്തി. ഇതിനിടെ എതിർപ്പ് അവഗണിച്ച് കെവിനുമായി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു നീനു. വീട്ടുകാർ പുതിയ വിവാഹ ആലോചനയുമായി നീങ്ങിയതിനിടെയാണ് ഇവരുടെ പ്രണയ വിവാഹം. ഇതിനെ തുടർന്നുള്ള സഹോദരന്റെ ഇടപെടലാണ് കെവിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP