Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

സമ്പന്നനായ പെൺവീട്ടുകാരെ ചൊടിപ്പിച്ചത് കെവിൻ മതംമാറിയ ദളിത് ക്രിസ്ത്യാനി ആയത്; കൊലപാതകത്തിൽ കലാശിച്ചത് പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അംഗീകരിക്കാൻ വയ്യാത്ത സവർണ മനോഭാവം; തട്ടിക്കൊണ്ടു പോയത് ദളിതനായ ബന്ധുവിന്റെ വീട്ടിൽ നിന്നും; കേരളത്തെ നടുക്കിയ കൊലപാതകം ദുരഭിമാനക്കൊല തന്നെ

സമ്പന്നനായ പെൺവീട്ടുകാരെ ചൊടിപ്പിച്ചത് കെവിൻ മതംമാറിയ ദളിത് ക്രിസ്ത്യാനി ആയത്; കൊലപാതകത്തിൽ കലാശിച്ചത് പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചെങ്കിലും അംഗീകരിക്കാൻ വയ്യാത്ത സവർണ മനോഭാവം; തട്ടിക്കൊണ്ടു പോയത് ദളിതനായ ബന്ധുവിന്റെ വീട്ടിൽ നിന്നും; കേരളത്തെ നടുക്കിയ കൊലപാതകം ദുരഭിമാനക്കൊല തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഉത്തരേന്ത്യയിൽ ദുരഭിമാന കൊലപാതകങ്ങൾ നടക്കുമ്പോൾ അത് നോക്കി ആ സംസ്ഥാനങ്ങളെ കുറ്റം പറയുന്നത് മലയാളികളുടെ സ്ഥിരം പരിപാടിയാണ്. കേരളം ഉത്തരേന്ത്യയിൽ നിന്നും വ്യത്യസ്തമാണെന്ന് പറഞ്ഞ് പുച്ഛഭാവത്തിൽ കാര്യങ്ങൾ വിലയിരുത്തുന്ന കേരള സമൂഹത്തിന്റെ കരണത്തേറ്റ അടി കൂടിയാണ് കോട്ടയത്ത് പ്രണയത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം. പ്രണയ വിവാഹം അംഗീകരിക്കാത്ത നല്ലൊരു ശതമാനം ആളുകൾ കേരളത്തിലുണ്ടെന്നത് വ്യക്തമാണ്. എന്നാൽ, ആ കൊലപാതകത്തിലേക്ക് നയിച്ചത് കെവിൻ ഉൾപ്പെടുന്ന വിഭാഗത്തോടുള്ള അയിത്തതിന്റെ ബാക്കിപത്രമാണെന്നത് കേരളത്തെ ശരിക്കും ഞെട്ടിക്കുന്നതാണ്.

സമ്പന്നയായ നീനുവിന്റെ വീട്ടുകാർ കെവിനെ കൊലപ്പെടുത്താൻ കാരണമായത് ദളിതരോടുള്ള പുച്ഛം തന്നെയാണ്. ഹിന്ദു ചേരമർ വിഭാഗത്തിൽപെട്ട കെവിന്റെ വീട്ടുകാർ പിന്നീട് ക്രിസ്തു മതം സ്വീകരിച്ചിരുന്നവരാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിൻ. നീനു റോമൻ കാത്തലിക് വിഭാഗത്തിൽപ്പെട്ടവരാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആ രീതിയിലുള്ള ആരോപണമാണ് കെവിന്റെ വീട്ടുകാർ ഉന്നയിക്കുന്നത്.

മതം മാറയാലും ദളിത് ക്രിസ്ത്യാനിയെ അംഗീകരിക്കാൻ കൂട്ടാക്കാത്ത സവർണ മനോഭാവം ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്നത് വ്യക്തമാണ്. കോട്ടയം കുമാരനല്ലൂർ പ്ലാത്തറയിൽ സ്വദേശിയാണ് കെവിൻ. മാന്നാർ അടങ്ങുന്ന ഈ മേഖലയിൽ കൂടുതലും ദളിത് ക്രിസ്ത്യാനികളാണ് താമസിക്കുന്നത്. നീനു ചാക്കോ എന്ന സമ്പന്ന ക്രൈസ്തവ പെൺകുട്ടിയെ കെവിൻ പ്രണയിച്ചപ്പോൾ ഒരേ സമുദായം ആണെങ്കിലും പ്രണയ വിവാഹത്തിന് സമ്മതിക്കാതിരുന്നത് യുവാവിന്റെ ദളിത് സത്വമായിരുന്നു.

മൂന്ന് കൊല്ലമായി നീനുവുമായി പ്രണയത്തിലായിരുന്നു കെവിൻ. വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം ചെയ്തതോടെയാണ് പെൺവീട്ടുകാർക്ക് കടുത്ത അമർഷത്തിലായി. ദളിത് ക്രൈസ്തവനെ വിവാഹം ചെയ്തത് അംഗീകരിക്കാൻ ആ വീട്ടുകാർക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പെൺകുട്ടിയെ അവളുടെ വഴിയിൽ വിടാതെ പണമെറിഞ്ഞ് പൊലീസിനെ സ്വാധീനിച്ചും അവരെ ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കാതിരുന്നത്. സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ മാത്രം വൈരാഗ്യം ആ യുവാവിനോട് നീനുവിന്റെ വീട്ടുകാർക്ക് രൂപപ്പെട്ടിരുന്നു.

പൊലീസ് ദളിതരോട് എങ്ങനെ പെരുമാറുന്നു എന്നതിനും തെളിവാണ് ഈ ദുരഭിമാനക്കൊല. കെവിനെ ബന്ധുവിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് വീട് ആക്രമിച്ച ശേഷമാണ്. വീട്ടിലെ സാമഗ്രികളെല്ലാം തല്ലിത്തകർത്ത് ബന്ധുവായ അനീഷ് സെബാസ്റ്റ്യനെയും സംഘം തട്ടിക്കൊണ്ടുപോയി. ഈ സംഭവം അറിഞ്ഞ് പരാതി നൽകാൻ അതിരാവിലെ തന്നെ കെവിന്റെ പിതാവ് ജോസഫ് ജേക്കബ് ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെത്തി. എന്നാൽ, പുലർച്ചെയാണെന്ന കാരണം പറഞ്ഞ് പൊലീസ് പരാതി സ്വീകരിച്ചില്ല. സമ്പന്നനായ പെൺവീട്ടുകാരോട് മമത കാണിച്ച പൊലീസ് ഈ സാധു കുടുംബത്തെ വേട്ടയാടുകയാണ് ചെയ്തത്. ദളിത് ക്രൈസ്തവൻ സവർണ ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം ചെയ്തത് തെറ്റായി എന്ന വിലയിരുത്തലിൽ പരാതിയുമായി ചെന്നവരെയും പെൺകുട്ടിയെയും പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്.

ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഇന്നലെ 11 മണിക്ക് നീനുവും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു. എന്നാൽ, ആ സാധു ജീവൻ രക്ഷിക്കാൻ പൊലീസിന്് താൽപ്പര്യമുണ്ടായരുന്നില്ല. എസ് ഐ എംഎസ് ഷിബു പ്രതികളിൽ നിന്നം പണം വാങ്ങിയെന്നും ആരോപണമുണ്ട്. സമ്പന്ന കുടുംബത്തോടുള്ള കൂറാണ് എസ്‌ഐ പുലർത്തിയത്.

ഉത്തരേന്ത്യൻ ദുരഭിമാന കൊലപാതകങ്ങളെ നാണിപ്പിക്കുന്ന കൊലപാതകം തന്നെയാണ് ഇത്. ഇലക്ട്രീഷ്യനാണ് കൊല്ലപ്പെട്ട കെവിൻ. ഈ യുവാവുമായുള്ള വിവാഹമാണ് പെൺവീട്ടുകാരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തിക അന്തരത്തേക്കാൽ ജാതിയായിരുന്നു ഇവിടെ വില്ലനായി ഘടകം. ദളിതനായ കെവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് നീനു പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, വീട്ടുകാർക്കൊപ്പം പോകാൻ പൊലീസ് നിർദ്ദേശിച്ചെന്നും നീനു പ്രതിഷേധിച്ചപ്പോഴാണ് ഭർത്താവിനൊപ്പം പോകാൻ അനുവദിച്ചതും. ഇതും പൊലീസ് വീഴ്‌ച്ച ചൂണ്ടിക്കാട്ടുന്നതാണ്.

മാന്നാനം ദളിത് ക്രൈസ്തവ ചരിത്രം

മാന്നാനം കേരള കത്തോലിക്കാ ചരിത്രത്തിൽ അതിപ്രധാനമായ ഒരു പ്രദേശമാണ്. ദളിത് ക്രൈസ്തവർ കൂട്ടത്തോടെ താമസിക്കുന്ന ഈ പ്രദേശത്താണ് കൊല്ലപ്പെട്ട കെവിന്റെയും കുടുംബ വീടുകൾ ഉണ്ടായിരുന്നത്. കേരള കർമ്മലീത്താ സഭയുടെ തലസ്ഥാനമെന്ന നിലയിൽ മാത്രമല്ല മാന്നാനംകുന്ന് അറിയപ്പെടുന്നത്. കത്തോലിക്കാ കോൺ ഗ്രിന്റെ രൂപീകരണം മുതൽ ദീപികപത്രത്തിന്റെ ആദ്യ ആസ്ഥാനം വരെ മാന്നാനത്തായിരുന്നു. കോട്ടയത്തുനിന്നും വളരെ അകലെയല്ലാത്ത ഈ പ്രദേശത്ത ദളിത് ക്രൈസ്തവർ കൂട്ടത്തോടെ താമസിക്കുന്നവരാണ്. പുലയ വിഭാഗത്തിൽ നിന്നും ക്രൈസ്തവ മതം സ്വീകരിച്ചവർ അനേകം മാന്നാനത്തുണ്ട്. ഇവരോട് മറ്റു ക്രൈസ്തവ വിഭാഗക്കാർ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

മാന്നാനത്ത് ആദ്യമായി സ്ഥാപിക്കുന്നത് ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള പള്ളി ആയിരുന്നു. മാന്നാനം ഇടവക ദളിത് ക്രൈസ്തവരുടേതു മാത്രമായിരുന്നു. ദളിത് ക്രൈസ്തവർക്കുമാത്രമായുള്ള ഒരു സെമിത്തേരിയും ഈ പള്ളിയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ അതിപ്രധാന സ്ഥാനം നേടിയ മാന്നാനം കുന്നും മാന്നാനം കുന്നിലെ ആശ്രമത്തിന്റെയും ഇടവകക്കാർ ദളിത് ക്രൈസ്തവരായിരുന്നു. കുറെ വർഷങ്ങൾക്കുമുമ്പ് മാന്നാനം ഇടവകയിൽനിന്നും ദളിത് ക്രൈസ്തവരെ മറ്റ് ഇടവകകളിലേക്ക് മാറ്റുന്നതിന് ഒരു ശ്രമം നടന്നിരുന്നു. അതിനെ ദളിത് ക്രൈസ്തവർ അതിനെ ചെറുത്തു നിന്നു ചരിത്രവും ഈ പ്രദേശത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP