Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക അന്തരവും ജാതിയും മൂലം തന്റെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ട് തട്ടിക്കൊണ്ട് പോയി കൊന്നതാണ് എന്ന വാദത്തിൽ ഉറച്ച് നീനു; ഓടിരക്ഷപ്പെടുമ്പോൾ വെള്ളത്തിൽ വീണ് മരിച്ചതെന്ന് പൊലീസും; പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി കൊലപാതക ചാർജ്ജ് പിൻവലിച്ചേക്കും; ഒരുങ്ങുന്നത് കെവിനെ കൊന്നവർക്ക് ഉടൻ ജാമ്യം ലഭിക്കാനുള്ള അവസരം; കൈക്കൂലിക്കേസ് മാത്രം ചാർജ്ജ് ചെയ്തു കൊലയ്ക്ക് കൂട്ടു നിന്ന പൊലീസുകാരേയും രക്ഷപ്പെടുത്തി

സാമ്പത്തിക അന്തരവും ജാതിയും മൂലം തന്റെ അച്ഛനും അമ്മയും അറിഞ്ഞു കൊണ്ട് തട്ടിക്കൊണ്ട് പോയി കൊന്നതാണ് എന്ന വാദത്തിൽ ഉറച്ച് നീനു; ഓടിരക്ഷപ്പെടുമ്പോൾ വെള്ളത്തിൽ വീണ് മരിച്ചതെന്ന് പൊലീസും; പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി കൊലപാതക ചാർജ്ജ് പിൻവലിച്ചേക്കും; ഒരുങ്ങുന്നത് കെവിനെ കൊന്നവർക്ക് ഉടൻ ജാമ്യം ലഭിക്കാനുള്ള അവസരം; കൈക്കൂലിക്കേസ് മാത്രം ചാർജ്ജ് ചെയ്തു കൊലയ്ക്ക് കൂട്ടു നിന്ന പൊലീസുകാരേയും രക്ഷപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെവിൻ കൊലപാതക കേസിൽ ഡിവൈഎഫ് ഐ നേതാവ് അടക്കമുള്ള മുഖ്യപ്രതികൾക്ക് ഉടൻ ജാമ്യം കിട്ടിയേക്കും. ഇതിനുള്ള കളികൾ അണിയറയിൽ സജീവമാണ്. കെവിന്റേത് സ്വാഭാവിക മുങ്ങി മരണമാക്കി മാറ്റാനാണ് നീക്കം. ഇതിലൂടെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കും. തട്ടിക്കൊണ്ട് പോകൽ മാത്രമായി കെവൻ കേസ് ഒതുങ്ങും. തട്ടിക്കൊണ്ട് പോകുന്നതിനിടെയിൽ ഇറങ്ങി ഓടിയ കെവിൻ കനാലിൽ അറിയാതെ വീണു മുങ്ങി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. കെവിനെ ബോധപൂർവ്വം കൊലപ്പെടുത്താൻ ഷാനു ചാക്കോയും അച്ഛൻ ചാക്കോയും ശ്രമിച്ചിട്ടില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തുകയാണ്. അറസ്റ്റിലായ രണ്ട് പൊലീസുകാർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസുകാരെ കൈക്കൂലി കേസിൽ മാത്രമാണ് പെടുത്തിയത്. ഈ സാഹചര്യത്തിലായിരുന്നു പൊലീസുകാർക്ക് ജാമ്യം കിട്ടിയത്. ഇതിന് സമാനമായി അറസ്റ്റിലായ എല്ലാവർക്കും ഉടൻ കോടതി ജാമ്യവും അനുവദിച്ചേക്കും.

കെവിന്റേത് മുങ്ങിമരണമെന്ന് അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കിട്ടിക്കഴിഞ്ഞു. ഡോക്ടർമാർ അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മെഡിക്കൽ ബോർഡ് രൂപവത്കരിക്കുന്നതിനുവേണ്ടി അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടറെ സമീപിക്കും. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച അക്രമി സംഘത്തിൽനിന്ന് രക്ഷപെട്ട് ഓടുംവഴി കെവിൻ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം എത്തിയിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ലഭിക്കാനുണ്ട്. ഇതെല്ലാം പ്രതികളെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയെടുക്കുന്ന തരത്തിൽ വ്യാഖ്യാനിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ദുരഭിമാനക്കൊല. അതുകൊണ്ട് തന്നെ പ്രതികൾക്ക മേൽ ഈ കുറ്റം ചുമത്തിയാൽ വധശിക്ഷ കിട്ടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് കൊലപാതകത്തെ കേസിൽ നിന്ന് ഒഴിവാക്കുന്നത്. തട്ടിക്കൊണ്ട് പോകലിന് പരമാവധി ശിക്ഷ ഏഴ് വർഷം തടവാണ്. അതായത് കെവിന്റെ കൊലപാതകികളെ ഏഴ് വർഷം മാത്രം ജയിലിൽ അടയ്ക്കാനേ പൊലീസിന് താൽപ്പര്യമുള്ളൂ.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാസഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കെവിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് കേസിലെ ഒന്നാംപ്രതി. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കേസിൽ അഞ്ചാംപ്രതിയാണ്. പ്രധാന പ്രതികളെയെല്ലാം പിടികൂടിയിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഷാനുവിന്റെ അമ്മ രഹന ഒളിവിലാണ്. പൊലീസുകാരാണ് രഹനയെ സഹായിക്കുന്നതെന്ന ആരോപണം ശക്തമാണ്. രഹന പൊലീസിന പിടികൊടുക്കാത്തതും ജയിലിൽ കഴിയാതിരിക്കാനാണ്. ഷാനുവിനും ചാക്കോയ്ക്കും ജാമ്യം കിട്ടുന്നതോടെ രഹനയെ കേസിൽ പ്രതി ചേർക്കാതെ രക്ഷപ്പെടുത്താനാണ് തന്ത്രം. മൊഴികളെല്ലാം സൂചിപ്പിക്കുന്നത് ഷാനുവിനെ തട്ടിക്കൊണ്ട് പോയ ഗൂഢാലോചനയിൽ രഹനയ്ക്ക് പങ്കുണ്ടെന്നാണ്. എന്നാൽ മൊഴികളുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ്‌ചെയ്യില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതും ദുരൂഹമാണ്.

ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. ആന്തരികാവയവങ്ങളുെട പരിശോധനാഫലം ലഭിച്ചശേഷം അന്തിമറിപ്പോർട്ട് നൽകും. രക്ഷപെടാൻ ചാടിയപ്പോൾ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തിൽ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു. തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിൻ കാറിൽനിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഭാഷ്യം.

എന്നാൽ പകൽ പോലും ഇവിടെ എത്തിപ്പെടാൻ എളുപ്പമല്ല. വാഹനത്തിൽനിന്നു ചാടിയ കെവിൻ താഴ്ചയിലേക്കു വീണു കനാലിൽ പതിച്ചതാകാമെന്നു കരുതിയാൽത്തന്നെ ശരീരത്തിൽ മുറിവുകൾ കാണണം. മൃതദേഹത്തിൽ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവർക്കേ ഇവിടെ എത്താനാകൂ എന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യ തെളിവൊന്നും പൊലീസ് കാര്യമായെടുക്കുന്നില്ല. കൊലപാതക കേസ് അട്ടിമറിക്കാൻ പിന്നിൽ ആളുണ്ടെന്ന സംശയത്തെയാണ് ഇത് ബലപ്പെടുത്തുന്നത്.

അതിനിടെ കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയാണെന്ന് ഭാര്യ നീനു അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ ആവർത്തിച്ചു. തന്റെ അച്ഛന്റെയും അമ്മയുടെയും അറിവോടെയല്ലാതെ കെവിൻ കൊല്ലപ്പെടില്ല. സാമ്പത്തിക അന്തരവും കെവിന്റെ ജാതിയും തങ്ങളുടെ ബന്ധത്തിന് തടസമായെന്നും നീനു മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തികമായ അന്തരമാണ് വീട്ടിലെ എതിർപ്പിന് പ്രധാനകാരണം. ചെറുപ്പംമുതൽ വീട്ടുകാരിൽനിന്ന് സ്‌നേഹം കിട്ടിയിട്ടില്ല. വഴക്ക് പതിവായിരുന്നു. കേസിലെ പ്രതിയും അമ്മ രഹനയുടെ ബന്ധുവുമായ നിയാസിനെ സഹോദരതുല്യനായാണ് കണ്ടിരുന്നതെന്നും മൊഴിയിൽ പറയുന്നു. 34 പേജുള്ള മൊഴി വെള്ളിയാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടുമെടുത്തത്. കേസിനാസ്പദമായ സംഭവം നടന്ന ഞായറാഴ്ച രാവിലെ നീനുവിന്റെ മൊഴി ഗാന്ധിനഗർ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവിനായി സംഭവം പൊലീസ് പുനഃരാവിഷ്‌കരിക്കും. പ്രധാനപ്പെട്ട പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് സൂചന. സംഭവം നടന്ന പുലർച്ചെ, അതേസമയത്ത് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്ന് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തതവരുത്താനാണ് പൊലീസ് നീക്കം. ഇതിൽ എല്ലാ പ്രതികളും കെവിൻ ഓടി വീണതാണെന്ന നിലപാട് എടുത്താൽ അതാകും പിന്നെ പൊലീസും നിഗമനമായി അവതരിപ്പിക്കുക. മാന്നാനത്തുനിന്ന് തെന്മലയിൽ എത്തുന്നതുവരെ എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് പൊലീസിന് ഇതോടെ വ്യക്തമാകും. പ്രതികൾ ഓരോ സ്ഥലത്തും എത്തിയതിന്റെ സമയം, സന്ദർഭം തുടങ്ങിയുടെയെല്ലാം സ്‌കെച്ച് സഹിതം തയ്യാറാക്കാനാണ് പൊലീസിന്റെ പദ്ധതി. സ്‌കെച്ച് തയ്യാറാക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സംഘവും തെളിവെടുപ്പ് സംഘത്തിനോടൊപ്പമുണ്ടാകും. ഇതിനുള്ള എല്ലാ പദ്ധതിയും തയ്യാറായി.

മാന്നാനത്തും തെന്മലയിലും തെളിവെടുപ്പിന് എത്തുമ്പോൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമെന്നുള്ളതിനാൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. പുലർച്ചെയാകുമ്പോൾ പൊതുജനങ്ങൾ അധികമുണ്ടാവില്ലെന്നും പൊലീസ് കണക്കുകൂട്ടുന്നു. കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥർക്കു ജാമ്യം ലഭിച്ചു. എഎസ്‌ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവർ. ഇവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ കോടതി തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP