Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെവിനെ തട്ടിക്കൊണ്ട് പോയപ്പോൾ കോട്ടയത്തും പരിസരപ്രദേശത്തും റോഡിൽ ഉണ്ടായിരുന്നത് 38 പൊലീസ് വാഹനങ്ങൾ; ഒരു തവണ തടഞ്ഞെങ്കിലും പരിശോധിക്കാതെ വിട്ടു; തട്ടിക്കൊണ്ട് പോയ വിവരം എഎസ്‌ഐ മേലധികാരികളെ അറിയിച്ചത് തട്ടിക്കൊണ്ട് പോയവർ തന്നെ തിരികെ കൊണ്ട് വിടുമെന്ന് പറഞ്ഞ്; കൊലപാതകം നടത്തിയ ശേഷം കുറ്റം മറയ്ക്കാൻ പൊലീസിനെ വിളിച്ച് ചാടി പോയെന്ന് പറഞ്ഞ സംഭവവും പുറത്ത്; ദുരഭിമാനക്കൊലയിൽ നാണംകെട്ട് കേരളാ പൊലീസ്

കെവിനെ തട്ടിക്കൊണ്ട് പോയപ്പോൾ കോട്ടയത്തും പരിസരപ്രദേശത്തും റോഡിൽ ഉണ്ടായിരുന്നത് 38 പൊലീസ് വാഹനങ്ങൾ; ഒരു തവണ തടഞ്ഞെങ്കിലും പരിശോധിക്കാതെ വിട്ടു; തട്ടിക്കൊണ്ട് പോയ വിവരം എഎസ്‌ഐ മേലധികാരികളെ അറിയിച്ചത് തട്ടിക്കൊണ്ട് പോയവർ തന്നെ തിരികെ കൊണ്ട് വിടുമെന്ന് പറഞ്ഞ്; കൊലപാതകം നടത്തിയ ശേഷം കുറ്റം മറയ്ക്കാൻ പൊലീസിനെ വിളിച്ച് ചാടി പോയെന്ന് പറഞ്ഞ സംഭവവും പുറത്ത്; ദുരഭിമാനക്കൊലയിൽ നാണംകെട്ട് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊലയിൽ നാണം കെടുന്നത് കേരളാ പൊലീസാണ്. ഗാന്ധിനഗർ എസ് ഐ ബിജുവിന്റെ തലയിലേക്ക് എല്ലാം വച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന ഭീഷണിയും. എന്നാൽ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുന്നത് പോലെയല്ല. ആഭ്യന്തരവകുപ്പിന് കീഴിലെ പൊലീസിന്റെ വമ്പൻ വീഴ്ചകളാണ് ചർച്ചയാകുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ കാട്ടിയ പൊലീസ് അലംഭാവത്തോളം വലുതാണ് സംഭവിച്ചത്. ഇത് തന്നെയാണ് കെവിന്റെ ജീവനെടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതി കോട്ടയത്ത് വൻ പൊലീസ് പട റോന്ത് ചുറ്റുമ്പോഴായിരുന്നു പ്രണയിച്ച് വിവാഹം ചെയ്ത കുറ്റം ചുമത്തി കെവിനെ പീഡിപ്പിച്ച് കൊന്നത്. വരാപ്പുഴയിൽ നിരപരാധിയെ പൊലീസ് അടിച്ചു കൊന്നുവെങ്കിൽ ഇവിടെ അറിഞ്ഞോ അറിയാതെയോ പാവം യുവാവിന്റെ ജീവനെടുക്കാൻ അവസരം ഒരുക്കുകയായിരു്‌നു പൊലീസ്.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഞായറാഴ്ച പുലർച്ചെ നടത്തിയ ഫോൺ സംഭാഷണം പുറത്തായത് തന്നെ കുറ്റവാളികളും പൊലീസും തമ്മിലെ അടുത്ത ബന്ധത്തിന് തെളിവാണ്. ഞായറാഴ്ച പുലർച്ചെ 5.35 നാണ് ഷാനുവിനോട് പൊലീസ് സംസാരിച്ചത്. കെവിൻ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം. കെവിൻ ചാടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞുവച്ച് കൊലക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ക്രിമിനൽ ബുദ്ധിയാണ് കെവൻ പയറ്റുന്നത്. തട്ടിക്കൊണ്ട് പോകുന്നതിനിടെയിൽ കെവിൻ ചാടി രക്ഷപ്പെട്ടാൽ റിസ്‌കുണ്ടെന്ന് പറഞ്ഞ് പൊലീസിനെ എന്തിന് കുറ്റവാളി വിളിച്ചുവെന്നതിന് ഉത്തരം നൽകാൻ കേരളാ പൊലീസിന്റെ ഉന്നതർക്ക് പോലും കഴിയുന്നില്ല. കേരളാ പൊലീസിനെ വലിയ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഓഡിയോ.

മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനത്തിന്റെ സുരക്ഷാനടപടികളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 38 മൊബൈൽ പൊലീസ് വാഹനങ്ങൾ ജില്ലയിൽ പരിശോധന നടത്തിയ ഞായർ രാത്രിയാണ് അക്രമിസംഘം കെവിനെ തട്ടിക്കൊണ്ടുപോയത്. അതായത് പൊലീസ് റോന്ത് ചുറ്റുമ്പോഴും അതൊന്നും ക്രിമിനലുകൾക്ക് പ്രശ്‌നമേ ആയിരുന്നില്ല. ഇവർ എങ്ങനെ മുഖ്യമന്ത്രിക്ക് പഴുതുകൾ അടച്ചുള്ള സുരക്ഷ ഒരുക്കുമെന്ന സംശയവവും ബാക്കി. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലർച്ചെ ഗാന്ധിനഗർ പൊലീസ് പരിശോധിച്ചിരുന്നതായി വിവരവും പുറത്തുവന്നു. പൊലീസ് ചോദിച്ചപ്പോൾ 'മാന്നാനത്ത് ഒരു കല്യാണമുണ്ടെന്നും വീട് അന്വേഷിക്കുകയാണ്' എന്നുമായിരുന്നു മറുപടി. ഇത് മുഖവിലയ്‌ക്കെടുത്ത് കുറ്റവാളികളെ വിട്ടയച്ചു. എഎസ്‌ഐയ്ക്ക് കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കെവിനെ കൊലപ്പെടുത്തിയ ശേഷം ഷാനു ചാക്കോ പൊലീസിനെ വിളിച്ചതെന്നാണ് സൂചന.

കെവിൻ കൊല്ലപ്പെട്ടതല്ലെന്നും അപകടത്തിൽ മരിച്ചതാണെന്നും വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം പൊലീസും നടത്തി. അതിനുള്ള സഹായം തേടലായിരുന്നു ഷാനുവിന്റെ ഫോൺ സംഭാഷണം. ഇതോടെ കേസിൽ പൊലീസുകാരേയും പ്രതിയാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇത് ചെയ്യില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.

എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം-ക്രിമിനലിന് പൊലീസ് കൊടുത്ത ഉറപ്പ് ഇങ്ങനെ

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ ഷാനു ചാക്കോയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണത്തിൽ ആഭ്യന്തര വകുപ്പും ഞെട്ടിയിരിക്കുകയാണ്. ക്രിമനലുകൾക്ക് പൊലീസിലുള്ള സ്വാധീനത്തിന് തെളിവാണ് ഇത്. എഎസ്‌ഐയുമായാണ് സംഭാഷണമെന്നാണ് പുറത്തുവരുന്ന സൂചന. എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാമെന്നാണ് പൊലീസ് ഷാനുവിന് കൊടുക്കുന്ന ഉറപ്പ്.

സംഭാഷണത്തിൽനിന്ന്:

ഷാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ (?) കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: (നീരസത്തോടെ) ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യിൽ എത്തിച്ചു തരാം. ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ... തരിക. ഞാൻ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, ഷാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.

ഷാനു : ഓകെ.

തട്ടിക്കൊണ്ട് പോയവർ തിരികെ കൊണ്ട് വിടുമെന്ന് പൊലീസ്

കെവിനെ തട്ടിക്കൊണ്ട് പോയ വിവരം നാട്ടുകാർ പുലർച്ചെ മൂന്നിനു ഗാന്ധിനഗർ സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവിടെയുണ്ടായിരുന്ന എഎസ്‌ഐ സണ്ണിമോൻ, എസ്‌ഐയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നു പൊലീസ് വയർലെസ് കേന്ദ്രത്തിൽ വിവരം അറിയിക്കാമായിരുന്നെങ്കിലും എഎസ്‌ഐ അതു ചെയ്തില്ല. ഇതോടെ കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം തടയാനുള്ള സാധ്യത നഷ്ടപ്പെട്ടു. കെവിനെ തട്ടിക്കൊണ്ടുപോയവർതന്നെ തിരികെ കൊണ്ടുവന്നു വിടുമെന്നാണു ഗാന്ധിനഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്. തിരികെ എത്തിക്കാൻ വൈകിയെങ്കിലും അന്വേഷണം തുടങ്ങിയതുമില്ല.

ഞായറാഴ്ച രാവിലെ 5.35ന് അനീഷ് സ്റ്റേഷനിൽ വിളിച്ചിരുന്നു. അനീഷ് തിരികെ എത്തിയശേഷം മൊഴി രേഖപ്പെടുത്തി കേസെടുക്കാമെന്നാണു പൊലീസ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ അന്വേഷണം വൈകിച്ചു. പൊലീസിന്റെ ഫോൺവിളികൾ, സ്റ്റേഷനിലെ രേഖകൾ എന്നിവ പരിശോധിച്ചുവരികയാണ്. ഐജി വിയജ് സാഖറേ ഇന്നലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. പ്രതികളെ പൊലീസ് സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലർച്ചെ ഗാന്ധിനഗർ പൊലീസ് പരിശോധിച്ചിരുന്നതായി വിവരം. പൊലീസ് ചോദിച്ചപ്പോൾ 'മാന്നാനത്ത് ഒരു കല്യാണമുണ്ടെന്നും വീട് അന്വേഷിക്കുകയാണ്' എന്നുമായിരുന്നു മറുപടി. നീനുവിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെ കെവിനു നേരെ ബലം പ്രയോഗിക്കാനുള്ള തീരുമാനവുമായി വന്ന തെന്മല സംഘത്തിന്റെ വാഹനമാണു പൊലീസിനു മുന്നിൽപ്പെട്ടത്.

മൂന്നു കാറുകളിലായി ശനിയാഴ്ച രാത്രി കോട്ടയത്ത് എത്തിയ സംഘം മെഡിക്കൽ കോളജിനു സമീപം മുറിയെടുത്തു. ഞായർ പുലർച്ചെ 1.35നു മുറി വിട്ടു മാന്നാനത്ത് അനീഷിന്റെ വീടു ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെയാണു ഗാന്ധി നഗർ എഎസ്‌ഐയുടെ രാത്രി പട്രോളിങ്ങിനു മുന്നിൽ പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP