Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകൾ നിർവീര്യമാക്കി നിലത്തിടും; പൊലീസിന്റെ ഡ്രോൺ കവചം ഈഗിൾ- ഐ റെഡി; എവിടെ നിർമ്മിച്ചെന്നും ആര് വാങ്ങിയെന്നുമൊക്കെ വിവരം കിട്ടും; ഭീകരാക്രമണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തടയാൻ കേരളാ പൊലീസ്

അനുമതിയില്ലാതെ പറത്തുന്ന ഡ്രോണുകൾ നിർവീര്യമാക്കി നിലത്തിടും; പൊലീസിന്റെ ഡ്രോൺ കവചം ഈഗിൾ- ഐ റെഡി; എവിടെ നിർമ്മിച്ചെന്നും ആര് വാങ്ങിയെന്നുമൊക്കെ വിവരം കിട്ടും; ഭീകരാക്രമണത്തിന് ഡ്രോണുകൾ ഉപയോഗിക്കുന്നത് തടയാൻ കേരളാ പൊലീസ്

സായ് കിരൺ

കൊച്ചി: നിരോധിത മേഖലയിൽ പറത്തുന്ന ഡ്രോണുകളെയും ഭീകരാക്രമണത്തിന് ശേഷിയുള്ള ഡ്രോണുകളെയും നിർവീര്യമാക്കാൻ പൊലീസിന്റെ ഡ്രോൺ കവചം റെഡി. കേരള പൊലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ- ഐ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഡ്രോണുകളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തി, അവയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ഡ്രോണുകളെ നിലത്തിറക്കാനുള്ള പ്രതിരോധ സംവിധാനമാണിത്. വാഹനത്തിൽ ഘടിപ്പിക്കാനാവുന്ന പ്രതിരോധ സംവിധാനത്തിലുള്ള റഡാറിന് അഞ്ച് കിലോമീറ്റർ പരിധിയിൽ താഴ്ന്നു പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനാവും.

ഓൺലൈനിൽ വാങ്ങാനാവുന്ന ചൈനാ നിർമ്മിത ഹൈക്വാളിറ്റി ഡ്രോണുകളാണ് അനധികൃതമായി പറത്തുന്നതിലേറെയും. ജി.പി.എസ്, കാമറാദൃശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി പറക്കുന്ന ഡ്രോണുകളെ റേഡിയോ ഫ്രീക്വൻസി, ലേസർ എന്നിവ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കും. ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ് ) അടക്കം മൂന്ന് സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് ഡ്രോൺ പ്രതിരോധം ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റേയോ, പൊലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും ഇതിലൂടെ സാധിക്കും.

പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പൊലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം.

സംശയകരമായ ഡ്രോണുകൾ നിലത്തിറക്കിയശേഷം വിദഗ്ദ്ധപരിശോധന നടത്താൻ ഡ്രോൺ ഫോറൻസിക് ലാബ് തിരുവനന്തപുരത്ത് സജ്ജമാക്കിയിട്ടുണ്ട്.മൊബൈലിന്റെ ഐ.എം.ഇ.ഐ നമ്പർ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പറുണ്ട്. എവിടെയാണ് നിർമ്മിച്ചതെന്നതടക്കം വിവരങ്ങൾ കിട്ടും. എവിടെ നിന്ന് ആരാണ് പറത്തിയതെന്ന് കണ്ടെത്താനുള്ള ഉപകരണങ്ങളും ലാബിനായി വാങ്ങുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന് തൊട്ടടുത്തായി രണ്ടുവട്ടം ഡ്രോണുകൾ പറത്തിയിരുന്നു.

രാത്രികാഴ്ചയുള്ള കാമറകൾ ഘടിപ്പിക്കാവുന്ന ഡ്രോണിന് രണ്ടുകിലോഗ്രാമിലേറെ ഭാരമുണ്ടാവും. ഡ്രോണുമായി കൂട്ടിയിടിച്ചാൽ വിമാനത്തിന് തീപിടിച്ചേക്കാം. വിമാനത്തിന്റെ നിയന്ത്രണം തെറ്റും. താഴ്ന്നുപറക്കുന്ന ഇവ വിമാനത്താവളത്തിലെ റഡാറിന്റെ കണ്ണിൽപെടില്ല. 80,000 രൂപയ്ക്ക് ഒരുകിലോ ഭാരം വഹിക്കാവുന്ന കാമറയുള്ള ഡ്രോൺ കിട്ടും. ഇതിന് ഒരു കിലോയുള്ള ബോംബ് വഹിക്കാനാവും. ഭീകരസംഘടനകൾ ഇത്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഡ്രോണുകൾ ആക്രമണത്തിന് ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവള സുരക്ഷയ്ക്കും പ്രതിരോധ സംവിധാനം ഉപയോഗിക്കാനാവും.

സംസ്ഥാനത്തെ തന്ത്‌റപ്രധാന മേഖലകളുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറപ്പിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 500 മീറ്ററായിരുന്നതാണ് രണ്ടു കിലോ മീറ്ററായാണ് വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാർ പരിധിയിൽ മാറ്റം വരുത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്തും പരിധി വർദ്ധിപ്പിക്കണമെന്ന് പൊലീസ് മേധാവി ശുപാർശ നൽകിയത്. ഇത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. രാജ്ഭവൻ, മന്ത്‌റി മന്ദിരങ്ങൾ എന്നിവയുൾപ്പടെ 82 കേന്ദ്രങ്ങളെയാണ് സംസ്ഥാനത്ത് തന്ത്‌റപ്രധാന മേഖലയായി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്.

രാജ്ഭവൻ, സെക്രട്ടേറിയറ്റ്, മന്ത്രി മന്ദിരങ്ങൾ, ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ, ദക്ഷിണ വ്യോമ കമാൻഡ്, വിമാനത്താവളം തുടങ്ങിയവ ഉൾപ്പെടുന്നു. നിലവിൽ വിമാനത്താവളങ്ങൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്‌റാലയത്തിന്റെ ഉത്തരവുണ്ട്. കൂടാതെ ചുവപ്പ്, മഞ്ഞ, പച്ച മേഖലകളായി എട്ട് കിലോമീറ്റർ മുതൽ 12 കിലോമീറ്റർ വരെ നിശ്ചയിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP