Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേടിക്കേണ്ട, ബാലികയെ പീഡിപ്പിച്ച ഇമാമിനൊപ്പം സർക്കാറുണ്ട്; മുങ്ങി നടക്കുന്ന ഇമാമിനെ രക്ഷിക്കാൻ ഓശാന പാടി പ്രോസിക്യൂട്ടറും പൊലീസും! പെൺകുട്ടിയെ വിട്ടു കൊടുക്കണം എന്ന ബന്ധുക്കളുടെ വാദത്തെ ശരിവച്ച് പ്രോസിക്യൂഷൻ കോടതിയിൽ എത്തിയപ്പോൾ അനുകൂല നിലപാടുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിയും; കുടുംബശ്രീക്കാർ കുടുക്കിയ ഇമാമിനെ എങ്ങനെയും രക്ഷിക്കാൻ നീക്കങ്ങളുമായി അന്വേഷകരും സർക്കാരുമെന്ന് ആക്ഷേപം; മാതാപിതാക്കൾക്ക് എതിരെ പോലും മൊഴി ഉണ്ടായ കേസ് അട്ടിമറിക്കാൻ ശ്രമം ഇങ്ങനെ

പേടിക്കേണ്ട, ബാലികയെ പീഡിപ്പിച്ച ഇമാമിനൊപ്പം സർക്കാറുണ്ട്; മുങ്ങി നടക്കുന്ന ഇമാമിനെ രക്ഷിക്കാൻ ഓശാന പാടി പ്രോസിക്യൂട്ടറും പൊലീസും! പെൺകുട്ടിയെ വിട്ടു കൊടുക്കണം എന്ന ബന്ധുക്കളുടെ വാദത്തെ ശരിവച്ച് പ്രോസിക്യൂഷൻ കോടതിയിൽ എത്തിയപ്പോൾ അനുകൂല നിലപാടുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിയും; കുടുംബശ്രീക്കാർ കുടുക്കിയ ഇമാമിനെ എങ്ങനെയും രക്ഷിക്കാൻ നീക്കങ്ങളുമായി അന്വേഷകരും സർക്കാരുമെന്ന് ആക്ഷേപം; മാതാപിതാക്കൾക്ക് എതിരെ പോലും മൊഴി ഉണ്ടായ കേസ് അട്ടിമറിക്കാൻ ശ്രമം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീഖ് അൽ ഖാസിമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിലും സജീവമായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംരക്ഷിക്കുന്ന ബാലപീഡകനെ ഏതുവിധേനെയും രക്ഷിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുമുണ്ട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് വരുന്നതിനിടെ പീഡകരെ സംരക്ഷിക്കാനാണ് സർക്കാർ തലത്തിൽ തന്നെ നീക്കം നടക്കുന്നത്.

സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറിലെ ചിലരാണ് പീഡന വീരനായ ഇമാമിനെ രക്ഷിക്കാൻ സകല ശ്രമങ്ങളും നടത്തുന്നതെന്നത് ഞെട്ടിക്കുന്നതാണ്. സിപിഎം നേതാക്കളിൽ ചിലർ തന്നെ ഇമാമിനെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നതെന്നാണ് സൂചന. ഇമാമിനെ രക്ഷിച്ചാൽ പോപ്പുലർ ഫണ്ടിൽ നിന്നും രാഷ്ട്രീയ പ്രത്യുപകാരം ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് സിപിഎം നേതാക്കൾ ഈ വിഷയത്തിൽ ഇടപെടുന്നത്. പക്ഷേ, കുടുംബശ്രീക്കാർ തന്നെ ഇടപെട്ട് ഈ കൊടിയ പീഡനം പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചതാണ്. എന്നിട്ടും അവരെപ്പോലും തള്ളിപ്പറഞ്ഞാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം. പ്രതിയെ രക്ഷിക്കാൻ ആവതെല്ലാം പയറ്റുന്നു.

ഷെഫീഖ് അൽ ഖാസിമി പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ മൊഴി മാറ്റി കേസിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിൽ ആരോപണ വിധേയരായത് പ്രോസിക്യൂട്ടറും ഡിവൈഎസ്‌പിയുമാണ്. ഇതിനെല്ലാം ഒത്താശയും ചെയ്ത് എല്ലാവരെയും കണ്ടു നടക്കുന്നത് പെൺകുട്ടിയുടെ മാതാവിന്റെ ബന്ധുവാണ്. കേസിൽ അകപ്പെട്ട ഇമാമിനൊപ്പം രാഷ്ട്രീയ പിന്തുണ ഉള്ളവരും ഉണ്ടെന്നതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ഈ സംരക്ഷണയിൽ നിന്നും പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ച് മൊഴി മാറ്റി ഇമാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെ സഹായിക്കുന്ന വിധത്തിലാണ് കലക്ടർ മുമ്പാകെ വിഷയം വന്നപ്പോൾ ഡിവൈഎസ്‌പി കൈക്കൊണ്ട നിലപാട്.

പെൺകുട്ടിയെ വീട്ടുകാർക്ക് വിട്ടുകൊടുക്കാമെന്നും എല്ലാ പൊലീസ് നടപടിയും കഴിഞ്ഞെന്നുമാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി അനിൽ പറഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ വാദത്തെയും എതിർത്തു കൊണ്ടായിരുന്നു ഡിവൈഎസ്‌പിയുടെ വാദങ്ങൾ. ഈ വിഷയത്തിൽ കലക്ടറെ പ്രത്യേകം കാണാനും ശ്രമിച്ചു. എന്നാൽ, അനൗദ്യോഗികമായി ഒന്നും സംസാരിക്കാനില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയതോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കം പൊളിഞ്ഞു. ഇതിന് ശേഷമാണ് ഹൈക്കോടതിയിലേക്ക് കേസ് എത്തിയത്.

പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പെൺകുട്ടിയെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, ഇതിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ പ്രോസിക്യൂട്ടറുടെ നിലപാടും കാരണമായി. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു കൊടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു പ്രോസിക്യൂട്ടർക്കും ഉണ്ടായിരുന്നത്. ഈ നിലപാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായിരുന്നു. പെൺകുട്ടിയെ കൊണ്ട് മൊഴി മാറ്റ് കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്നിൽ കണ്ടാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പെൺകുട്ടിയെ വിട്ടു നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ, സംഘടിതമായി ഇമാമിനെ രക്ഷിക്കാനുള്ള ശ്രമത്തിന് മുമ്പിൽ ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.

പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം സഹോദരങ്ങൾക്കും രക്ഷിതാക്കൾക്കും പെൺകുട്ടിയെ സന്ദർശിക്കാൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനാൽ പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കി നൽകണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെൺകുട്ടിക്ക് പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യവും ഒരുക്കാമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. കോടതി വിധി പ്രകാരം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു നൽകേണ്ട അവസ്ഥ വന്നാൽ പെൺകുട്ടിയെ അയക്കേണ്ടത് മുമ്പ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത കൊടുത്തവർക്കൊപ്പം തന്നെയായിരുന്നു.

കുട്ടിയുടെ മാതാവും ബന്ധുവുമാണ് കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളുമായി എങ്ങും ഓടി നടക്കുന്നത്. ഇമാം ഷഫീഖ് അൽ ഖാസിമിക്കെതിരെയാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്. കാറിൽ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ പരാതി ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ, ഇമാമുമായി അടുപ്പമുണ്ടായിരുന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. ഈ അടുപ്പം ഉപയോഗിച്ച് ഊരിപ്പോരാമെന്ന പ്രതീക്ഷയിലാണ് ഇമാം ഒളിവിൽ തുടരുന്നത്. അതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

ഇമാമിനൊപ്പം ഒളിവിൽ ആയിരുന്ന സഹോദരൻ നൗഷാദ് പൊലീസ് അറസ്റ്റു ചെയ്തെന്ന് വരുത്തിയ ശേഷം വിട്ടയക്കുന്ന നിലപാടാണ് ഡിവൈഎസ്‌പിയും കൈക്കൊണ്ടത്. ഇതെല്ലാം താൻ കേസ് നേരായി അന്വേഷിക്കുന്നു എന്നു വരുത്താനാണെന്ന ആക്ഷേപത്തിനും ഇടയാക്കുന്നതാണ്. ഇമാമിനൊപ്പം അപ്രത്യക്ഷനായിരുന്ന ആളാണ് സഹോദരൻ. അതുകൊണ്ട് തന്നെ ഇമാമിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും നൗഷാദിന് അറിയാം. എന്നാൽ, പൊലീസുമായി ചേർന്ന് ഒത്തുകളി തുടരുന്നു എന്ന് വ്യക്തം.

പീഡനത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മൊഴി മാറ്റിക്കാനായി ബാഹ്യ ഇടപെടലുകൾക്ക് സാധ്യതകൾ ഏറെയാണ്. ഇത് കണക്കിലെടുത്ത് അവരുടെ ഉത്തരവാദിത്തം സ്റ്റേറ്റിനും കോടതിക്കുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതിനാലാണ് സുരക്ഷിത താവളം എന്ന നിലയിൽ നിർഭയയിൽ തന്നെ കുട്ടികളെ പാർപ്പിക്കണം എന്ന ആവശ്യമുയരുന്നത്. സാധാരണ പോക്‌സോ കേസുകളിൽ സംഭവിക്കാത്തതുപോലെ മാതാപിതാക്കൾക്ക് ഈ കുട്ടിയെ എല്ലാ ദിവസവും വന്നു കാണാനും അനുമതി നൽകിയിട്ടുണ്ട്.

ദിവസവും വൈകിട്ട് നിശ്ചിത സമയം കുട്ടിയുടെ മാതാവിനും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ സന്ദർശിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. സംശായാസ്പദമായ ഒരു നീക്കമായാണ് സാമൂഹ്യ നിരീക്ഷകർ ഈ അനുമതിയെ കാണുന്നത്. മാതാവിന്റെ ഭീഷണി കാരണം ഒരു ഘട്ടത്തിൽ ഇമാമിനെതിരെ മൊഴി നൽകാൻ പെൺകുട്ടി മടിച്ചിരുന്നു. പിന്നെ പൊലീസിന്റെയും സിഡബ്‌ള്യുസിസിയുടെയും ഇടപെടൽ കാരണമാണ് പെൺകുട്ടി വീണ്ടും മൊഴി നൽകിയത്.

ബന്ധുക്കൾക്കൊപ്പം കുട്ടിയെ വിട്ടുനൽകുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു. അതേ പെൺകുട്ടിയെ സന്ദർശിക്കാനാണ് കുട്ടിയുടെ മാതാവിനും മറ്റുള്ളവർക്കും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിൽ പെൺകുട്ടി മൊഴി മാറ്റുമോ എന്ന കാര്യത്തിലുള്ള ആശങ്കയും ശക്തമാണ്. അതേസമയം പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്ന സുരക്ഷാഹോമിനെക്കുറിച്ചും സംശയങ്ങൾ ഉണ്ട്. നിർഭയയാണ് ഇത്തരം കുട്ടികൾക്കുള്ള സുരക്ഷിത ഇടം എന്ന വിലയിരുത്തലാണ് ഉള്ളത്. പക്ഷെ പെൺകുട്ടി നിർഭയയിലുമല്ല ഉള്ളത്. ഒട്ടനവധി പോക്‌സോ കേസുകൾ പെൺകുട്ടികളുടെ മൊഴി മാറ്റൽ കാരണം തള്ളിപ്പോയിട്ടുണ്ട്. നിർഭയയിൽ തന്നെ കുട്ടികൾ ഇപ്പോൾ കുട്ടികൾ എണ്ണത്തിൽ അധികവുമാണ്. 25 കുട്ടികൾ വേണ്ടിടത്ത് അമ്പതിൽ അധികം കുട്ടികൾ നിർഭയയിലുമുണ്ട്.

കേസിൽ ഇമാം ഇപ്പോഴും ഒളിവിൽ തുടരുകയുമാണ്. ഇമാം ഇപ്പോൾ തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഒളിവിൽ കഴിഞ്ഞു എന്നാണ് ഇമാമിനോപ്പം ഉണ്ടായിരുന്ന സഹോദരൻ നൗഷാദ് മൊഴി നൽകിയിരിക്കുന്നത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും അറസ്റ്റ് ചെയ്യാനും പൊലീസ് ഇതുവരെ തയ്യാറായിട്ടുമില്ല.

ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിയാണ് ഇമാമിന്റെ സഞ്ചാരം എന്നൊക്കെയാണ് പൊലീസ് പറയുന്ന കഥ. എന്നാൽ, പോപ്പുലർ ഫ്രണ്ടിന് വേണ്ടപ്പെട്ടവനായ ഇമാമിനെ രക്ഷിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത് എന്ന് വ്യക്തമാണ്. ആരോപണങ്ങൽ ഉയരുമ്പോഴും കുട്ടിയുടെ മൊഴിമാറ്റത്തെക്കുറിച്ചും സംശയം വേണ്ടെന്നന്നാണ് ഡിവൈഎസ്‌പി പറയുന്നത്. അതെല്ലാം ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP