Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ സംഗീതിനെ ഇടിച്ചിട്ടത് ടിപ്പർ ഉപയോഗിച്ച്; മറിഞ്ഞു വീണ യുവാവിനെ ജെസിബിയുടെ കൈകൊണ്ട് തള്ളിമാറ്റിയത് വിജിനും; സംഭവത്തെ കുറിച്ചറിഞ്ഞ പൊലീസ് എത്താൻ വൈകിയത് അന്വേഷിക്കുക ഡിവൈഎസ്‌പിയും; കാട്ടാക്കടയിൽ ഭൂ ഉടമയെ മണ്ണ് മാഫിയ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയടക്കം ഏഴുപേർ പിടിയിൽ

മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ സംഗീതിനെ ഇടിച്ചിട്ടത് ടിപ്പർ ഉപയോഗിച്ച്; മറിഞ്ഞു വീണ യുവാവിനെ ജെസിബിയുടെ കൈകൊണ്ട് തള്ളിമാറ്റിയത് വിജിനും; സംഭവത്തെ കുറിച്ചറിഞ്ഞ പൊലീസ് എത്താൻ വൈകിയത് അന്വേഷിക്കുക ഡിവൈഎസ്‌പിയും; കാട്ടാക്കടയിൽ ഭൂ ഉടമയെ മണ്ണ് മാഫിയ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതിയടക്കം ഏഴുപേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടാക്കടയിൽ ഭൂ ഉടമ സംഗീതിനെ മണ്ണ് മാഫിയ കൊലപ്പെടുത്തിയത് മണ്ണ് കടത്തുൽ തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ. സംഭവത്തിൽ പ്രധാന പ്രതിയക്കം ഏഴുപേർ അറസ്റ്റിലായി. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി.ബി. അശോകൻ പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പർ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തട്ടിമാറ്റിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് എത്താൻ വൈകിയെന്ന ആരോപണം ഡിവൈഎസ്‌പി അന്വേഷിക്കും.

നേരത്തേ സംഗീതിന്റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നു. വനം വകുപ്പിനായിരുന്നു ഇതിന് അനുമതിയുണ്ടായിരുന്നത്. ഇതിന്റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തി. വനം വകുപ്പിന് വേണ്ടിയല്ല മണ്ണെടുപ്പ് എന്ന് അറിഞ്ഞതോടെ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു. അർദ്ധരാത്രിയോടെ ലോറിയും വലിയ ജെസിബിയുമായാണ് സംഘമെത്തിയത്. എന്തിനാണ് അർദ്ധരാത്രി മണ്ണെടുക്കാൻ വന്നതെന്ന് ഇവരെ സംഗീത് ചോദ്യം ചെയ്തു. അപ്പോഴേക്ക് ലോറിയിൽ മണ്ണ് കയറ്റിത്തുടങ്ങിയിരുന്നു. മണ്ണെടുപ്പ് ഇപ്പോൾ നിർത്തണമെന്നും ഇനി മേലാൽ മണ്ണെടുക്കരുതെന്നും സംഗീത് ഇവരെ താക്കീത് ചെയ്തു.

അനുമതിയോടെ മണ്ണെടുത്തിരുന്ന ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചപ്പെടുത്തിയിരുന്ന ഒരാളും ഉത്തമൻ എന്ന മറ്റൊരാളും തന്നെയാണ് ഇന്നലെ അർദ്ധരാത്രിയും എത്തിയത്. ഇതുകൊണ്ട് തുടക്കത്തിൽ സംശയം ഉണ്ടായില്ല. എന്നാൽ സംഘത്തിൽ മറ്റാരേയും അറിയില്ലായിരുന്നു. മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോൾ സ്ഥലത്ത് വൻ ബഹളമായി. നാട്ടുകാർ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിർത്താമെന്ന് സമ്മതിച്ചു.

ലോറിയും ജെസിബിയും കൊണ്ടുപോവുകയാണെന്ന് ഈ സംഘം പറഞ്ഞു. അത് സമ്മതിക്കില്ലെന്നും, മണ്ണുള്ള ലോറി ഇവിടെ നിന്ന് കൊണ്ടുപോകാനാകില്ലെന്നും സംഗീത് വ്യക്തമാക്കി. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു. നാട്ടുകാർ സംഗീത് പറയുന്നത് കേൾക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിർത്തിയിട്ട് പോകാമെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് തർക്കം തീർന്നെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു.

ഇതിനിടെയാണ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം സംഗീത് കേട്ടത്. ഉടൻ പുറത്തിറങ്ങി സംഗീത് ലോറിയെടുക്കുന്നത് തടയാനായി അതിന് മുന്നിൽ നിന്നു. ഈ സമയത്താണ് ടിപ്പർ കൊണ്ട് കൊണ്ട് ഇടിച്ചിടുകയും ജെസിബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്ക് സംഘം അടിക്കുകയും ചെയ്തത്. ഇത്രയെല്ലാം സംഭവങ്ങൾ നടന്നിട്ടും സ്ഥലത്ത് പൊലീസ് എത്താൻ വൈകിയെന്ന് നാട്ടുകാരും ആരോപിക്കുന്നു.

മണ്ണെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സംഗീത് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ ഇവർ സംഗീതിനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്. ഇത് മണ്ണ് മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും നാട്ടുകാർ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഗീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് വന്ന് വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന വെപ്രാളത്തിലായിരുന്നു പ്രതികൾ. മുന്നിൽ നിന്ന് സംഗീതിനെ ഇവർ ആദ്യം ടിപ്പർക്കൊണ്ട് ഇടിപ്പിച്ചു. ലിനുവായിരുന്നു ടിപ്പർ ലോറി ഓടിച്ചിരുന്നത്. വീണയിടത്ത് എഴുന്നേറ്റ് നിന്ന സംഗീതിനെ വിജിനാണ് ജെസിബിക്കൊണ്ട് തള്ളി മാറ്റിയത്. ജെസിബിയുടെ ബക്കറ്റ്ക്കൊണ്ട് കൊണ്ട് സംഗീതിനെ സമീപത്തെ മതിലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. മതിലും തകർന്നു വീണു. ഇതുമൂലമുണ്ടായ പരിക്കിനെ തുടർന്നാണ് സംഗീതുകൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.

കൊലപാതക കുറ്റത്തിന് പുറമെ മോഷണ കേസും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്-നാല് പേരെ കൂടി പിടികൂടാനുണ്ട്. അവരെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും തിരുവനന്തപുരം റൂറൽ എസ്‌പി അറിയിച്ചു. ടിപ്പർ ഓടിച്ചയാളും ജെസിബി ഓടിച്ചയാളും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP