Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച ചിക്കൻകറിയിൽ കലർത്തിയത് വീട്ടിലുണ്ടായിരുന്ന എലിവിഷം; വിഷം കലർന്ന കറി കഴിച്ചിട്ടും അച്ഛനും അമ്മയും സഹോദരിയും മരിക്കാതായതോടെ വകവരുത്താൻ കൂടുതൽ അന്വേഷണവും; വിഷത്തിന്റെ സാധ്യതകൾ തേടി ഗൂഗിളിൽ പരതിയതും വിനയായി; ഉറ്റവരെ ഇല്ലാതാക്കാൻ ആൽബിൻ ബെന്നി വിഷം വാങ്ങി സൂക്ഷിച്ചത് സ്വന്തം കിടക്കയ്ക്കടിയിലും; 22 കാരൻ സുഖജീവിതത്തിനായി ചെയ്ത കൊടുംക്രൂരതകൾ എണ്ണിപ്പറഞ്ഞ് കുറ്റസമ്മതം

പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച ചിക്കൻകറിയിൽ കലർത്തിയത് വീട്ടിലുണ്ടായിരുന്ന എലിവിഷം; വിഷം കലർന്ന കറി കഴിച്ചിട്ടും അച്ഛനും അമ്മയും സഹോദരിയും മരിക്കാതായതോടെ വകവരുത്താൻ കൂടുതൽ അന്വേഷണവും; വിഷത്തിന്റെ സാധ്യതകൾ തേടി ഗൂഗിളിൽ പരതിയതും വിനയായി; ഉറ്റവരെ ഇല്ലാതാക്കാൻ ആൽബിൻ ബെന്നി വിഷം വാങ്ങി സൂക്ഷിച്ചത് സ്വന്തം കിടക്കയ്ക്കടിയിലും; 22 കാരൻ സുഖജീവിതത്തിനായി ചെയ്ത കൊടുംക്രൂരതകൾ എണ്ണിപ്പറഞ്ഞ് കുറ്റസമ്മതം

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: 16-കാരിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സഹോദരൻ നേരത്തെയും കൊലപാതകശ്രമം നടത്തിയതായി പൊലീസ്. വെള്ളരിക്കുണ്ട് ബളാൽ അരീങ്കലിൽ ആൽബിൻ ബെന്നി(22) സഹോദരി ആന്മേരി (16) യെ ആദ്യം കൊലപ്പെടുത്താൻ നോക്കിയത് ചിക്കൻ കറിയിൽ വിഷം ചേർത്ത്. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പാണ് ആൽബിൻ ആദ്യം കൊലപാതക ശ്രമം നടത്തുന്നത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലായിരുന്നു ആദ്യം വിഷംകലർത്തിയത്. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച കറിയിൽ വീട്ടിലുണ്ടായിരുന്ന എലിവിഷം കലർത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കൻ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ഒഴിഞ്ഞുമാറി. വിഷം കലർന്ന ചിക്കൻ കറി കഴിച്ചെങ്കിലും മാതാപിതാക്കൾക്കും സഹോദരിക്കും ചെറിയ വയറുവേദന അനുഭവപ്പെട്ടതല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആൽബിൻ പൊലീസിനോട് വ്യക്തമാക്കി.

വിഷം കലർത്തിയ ചിക്കൻകറി കഴിച്ചിട്ടും മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയതിന് പിന്നാലെ ആൽബിൻ എലി വിഷത്തെക്കുറിച്ച് കൂടുൽ അന്വേഷണം ആരംഭിച്ചു. ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്തി. തുടർന്ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ കൂടുതൽ അളവിൽ എലിവിഷം ചേർക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാൾ കടയിൽനിന്ന് എലിവിഷം വാങ്ങി കിടയ്ക്കടിയിൽ സൂക്ഷിച്ചു

30ാം തീയതിയാണു വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിഡ്ജിൽ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു. ഫ്രീസറിൽ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആൽബിൻ ഉൾപ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം തഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമിൽ ആൽബിൽ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേർത്തു.പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാൾ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.

ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആന്മേരി(16) യാണ് യുവാവിന്റെ സ്വത്ത് മോഹത്തിന്റെ ആദ്യ ബലിയാടായത്. ഓഗസ്റ്റ് അഞ്ചിനാണ് ആന്മേരി മരിക്കുന്നത്. ഐസ്‌ക്രീമിൽ യുവാവ് വിഷം ചേർത്ത് നൽകിയപ്പോൾ പിതാവ് ജീവച്ഛവമാകുകയും മാതാവ് അപകടനിലയിൽ തുടരുകയും ചെയ്യുകയാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂർ മിംസിലുമാണ് ചികിത്സയിൽ കഴിയുന്നത്. വീട്ടുകാർ ഇല്ലാതായാൽ കുടുംബത്തിന്റെ നാലേക്കറോളം ഭൂമി തന്റെ കയ്യിൽ വരുമെന്നും തുടർന്ന് സുഖജീവിതം നയിക്കാം എന്നുള്ള കണക്കുകൂട്ടലിലാണ് എല്ലാവരെയും ഒരുമിച്ച് തീർക്കാൻ ആൽബിൻ ശ്രമിച്ചത്. തനിക്ക് സുഖിച്ച് ജീവിക്കാൻ വേണ്ടിയാണ് എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചതെന്നാണ് ആൽബിൻ പൊലീസിനോട് വെളിപ്പെടുത്തിയത്.

പോൺ സൈറ്റുകൾ കാണുകയും പെൺകുട്ടികളുമായി ബന്ധം ഉണ്ടാക്കുകയുമായിരുന്നു ആൽബിന്റെ ഹോബി. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതവും. വെറുതെയിരിക്കുന്നതിനാൽ വീട്ടുകാർ എന്തെങ്കിലും ജോലിക്ക് പോകാൻ നിർബന്ധിക്കുമായിരുന്നു. ഇത് ആൽബിന് ഇഷ്ടമായിരുന്നില്ല. ജോലിയുടെ പേരിൽ പേരിൽ വീട്ടിൽ വഴക്കുകൾ പതിവായിരുന്നു. സുഖലോലുപതയിൽ ജീവിക്കാനാണ് യുവാവ് ആഗ്രഹിച്ചത്. ഇതിന്നിടയിൽ ഒരു പെൺകുട്ടിയുമായി അടുപ്പവും വെച്ചു. ഈ അടുപ്പം പക്ഷെ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

വീട്ടിൽ നാലഞ്ച് ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിയിൽ ആൽബിൻ കണ്ണ് വെച്ചു. വീട്ടുകാർ ഇല്ലാതായാൽ ഈ ഭൂമി മുഴുവൻ സ്വന്തമാക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കുന്നത്. എലി വിഷമാണ് ഐസ്‌ക്രീമിൽ ചേർത്ത് നൽകിയത്. പിതാവ് ബെന്നിയും മാതാവ് ബെസിയും ആന്മേരിയും ഐസ്‌ക്രീം കഴിച്ചു. എന്നാൽ ആൽബിൻ കഴിച്ചില്ല. ഈ ഐസ്‌ക്രീമിൽ യുവാവ് എലിവിഷം ചേർക്കുകയായിരുന്നു. വീട്ടുകാർക്ക് ഭക്ഷ്യവിഷബാധ വന്നപ്പോൾ തനിക്കും വിഷബാധ ഉണ്ടെന്നു കാണിച്ച് ആൽബിൻ ഡോക്ടറെ കണ്ടിരുന്നു. എന്നാൽ ഐസ്‌ക്രീം കഴിക്കാത്തതിനാൽ യുവാവിനു ഒന്നും സംഭവിച്ചില്ല.

ആന്മേരി മരിച്ച് കഴിഞ്ഞപ്പോൾ വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വെള്ളരിക്കുണ്ട് പൊലീസിന്റെ കൈവശമുണ്ടായിരുന്നു. എലി വിഷം ഉള്ളിൽ ചെന്നാണ് ആന്മേരി മരിച്ചത് എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. മാതാവ് ഗുരുതര നിലയിൽ, സഹോദരി മരിച്ചു. പിതാവ് മരണത്തോട് അടുക്കുന്നു. ആൽബിന് ഒന്നും സംഭവിച്ചുമില്ല. ഇതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങി. ഇതോടെയാണ് യുവാവ് കഞ്ചാവും മദ്യവും ഉപയോഗിക്കുമായിരുന്നെന്നും വീട്ടിൽ വഴക്ക് കൂടുന്ന സ്വഭാവമുണ്ടെന്നും പൊലീസ് മനസിലാക്കിയത്. കുടുംബത്തോടെ തന്നെ എല്ലാവരെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് താമസം വിനാ പൊലീസിനു ബോധ്യമായി. യുവാവിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. അത് പരിശോധിച്ചപ്പോൾ ചൈൽഡ്, റാറ്റ് പോയിസൺ, എന്നെല്ലാം സർച്ച് ചെയ്ത് പോയതായി പൊലീസ് കണ്ടെത്തി.

യുവാവ് സെക്‌സ് സൈറ്റുകളുടെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും പൊലീസ് മനസിലാക്കി. ഇതോടെ ആൽബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കിയ ശേഷം സ്വത്ത് മുഴുവൻ അനുഭവിക്കാൻ വേണ്ടിയാണ് കൊന്നത് എന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഒരു സഹോദരൻ വൈദികവൃത്തിയിൽ തുടരുകയായതിനാൽ സഹോദരന് സ്വത്ത് വേണ്ടി വരില്ലെന്നും കണക്കു കൂട്ടി. ഇതോടെയാണ് എല്ലാവർക്കും ആൽബിൻ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത്. പൊലീസ് ജാഗ്രതയോടെ പെരുമാറിയാതിനാൽ വെറും ഭക്ഷ്യവിഷബാധയിൽ ഒതുങ്ങിപ്പോകുമായിരുന്ന ആന്മേരിയുടെ മരണം കൊലപാതകം എന്ന് തെളിയിക്കാനും തിരുവനന്തപുരം നന്തൻകോട് രീതിയിലുള്ള വധശ്രമം തന്നെയാണ് കാസർകോടും നടന്നതെന്ന് പൊലീസ് മനസിലാക്കി. ഇതോടെയാണ് ആൽബിന് കെണിയോരുങ്ങിയത്. പൊലീസിന്റെ കസ്റ്റഡിയിലാണ് ആൽബിൻ ഇപ്പോൾ. നാളെ യുവാവിനെ റിമാൻഡ് ചെയ്യുമെന്ന് വെള്ളരിക്കുണ്ട് പൊലീസ് മറുനാടനോട് പറഞ്ഞു.

ആൽബിന്റെ വഴിവിട്ട രീതികളെക്കുറിച്ച് സഹോദരി ആന്മേരിക്ക് അറിയാമായിരുന്നു ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയവും യുവാവിന്റെ ഉള്ളിലുണ്ടായിരുന്നു. സ്വത്ത് മോഹം കൂടി വന്നപ്പോൾ എല്ലാവരെയും ഒരുമിച്ച് തീർക്കാൻ തീരുമാനിക്കുകയായിരുന്നു. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആൽബിൻ പറഞ്ഞിരുന്നു. തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതിനു ശേഷമാണ് പോസ്‌മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിക്കുന്നത്. ഇതോടെ പൊലീസും ജാഗ്രതയിലായി. ഒരാഴ്ച മുമ്പ് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്മേരിയും പിതാവ് ബെന്നിയും ധാരാളം കഴിച്ചു. ആൽബിനും മാതാവ് ബെസിയും ഫ്രിഡ്ജിൽ വെച്ചശേഷം പിറ്റേദിവസമാണ് കഴിച്ചത്. അന്നുമുതൽ തന്നെ ആന്മേരിക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. എന്നാൽ, അത് ഐസ്‌ക്രീം കഴിച്ചതു കൊണ്ടാണെന്ന് മനസ്സിലായില്ല. കട്ടൻചായയും ചെറുനാരാങ്ങാനീരുമായി രണ്ടുദിവസം നാടൻചികിത്സ നടത്തി. എന്നാൽ ആന്മേരിയുടെ ഛർദ്ദിയും വയറിളക്കവും കലശലായി തുടർന്നു. ഇതിനെ തുടർന്നാണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ പിതാവ് ബെന്നിക്കും അസുഖം തുടങ്ങി.

ചികിത്സയ്ക്കിടയിൽ ആന്മേരിക്ക് മഞ്ഞപ്പിത്തം പിടിപെടുകയും ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെ മരണപ്പെടുകയുമായിരുന്നു. ഓഗസ്റ്റ് ആറിന് തന്നെ ബെന്നിയുടെ നില ഗുരുതരമാവുകയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും രോഗകാരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിയിലും അവിടെനിന്നും കോഴിക്കോട് മിംസിലേക്കും മാറ്റിയ ബെന്നിയുടെ കിഡ്‌നിയുടെ പ്രവർത്തനം നിലച്ചിട്ടുണ്ട്. മരണപ്പെട്ട ആന്മേരിയുടെ മറ്റൊരു സഹോദരൻ ബിബിൻ ബെന്നി താമരശ്ശേരി സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ പ്രോംസദനൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP