Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വല്യ ജാഢ കാണിച്ചു നടന്നാൽ ജിം ബോഡിയുടെ ഷെയ്‌പ്പ് മാറ്റിക്കളയും.. എന്നു പറഞ്ഞു ഭീഷണി മുഴക്കി; തലങ്ങും വിലങ്ങും അടിച്ച ശേഷം താഴെയിട്ട് ചവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തു; മസിലുരുട്ടി ജിമ്മനായി പെൺകുട്ടികളുടെ ആരാധാന പാത്രമായതിനാൽ അസൂയ മൂത്ത സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചു; റാഗിംഗിന്റെ പേരിൽ നടുക്കുന്ന മറ്റൊരു വാർത്ത കൂടി

വല്യ ജാഢ കാണിച്ചു നടന്നാൽ ജിം ബോഡിയുടെ ഷെയ്‌പ്പ് മാറ്റിക്കളയും.. എന്നു പറഞ്ഞു ഭീഷണി മുഴക്കി; തലങ്ങും വിലങ്ങും അടിച്ച ശേഷം താഴെയിട്ട് ചവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തു; മസിലുരുട്ടി ജിമ്മനായി പെൺകുട്ടികളുടെ ആരാധാന പാത്രമായതിനാൽ അസൂയ മൂത്ത സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചു; റാഗിംഗിന്റെ പേരിൽ നടുക്കുന്ന മറ്റൊരു വാർത്ത കൂടി

ആർ പീയൂഷ്

കാസർഗോഡ്: ജിംനാസ്റ്റിക്കായതിനാലും കോളേജിലെ പെൺകുട്ടികളുടെ ആരാധാന പാത്രമായതിനാലും സീനിയർ വിദ്യാർത്ഥികൾ ബിരുദ വിദ്യാർത്ഥിയെ റാഗിങ്ങ് നടത്തി തല്ലി ചതച്ചു. വല്യ ജാഡ കാണിച്ചു നടന്നാൽ ജിം ബോഡിയുടെ ഷെയ്‌പ്പ് മാറ്റിക്കളയും എന്ന് ഭീഷണിയും മുഴക്കി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സീതാംഗോളി മാലിക് ദിനാർ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മേൽപ്പറമ്പ് ഒറവൻ കര മൊയ്തീന്റെ മകൻ അബ്ദുള്ളയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങ് നടത്തി മർദ്ദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പത്തോളം പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ തല്ലി ചതച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാസർകോടിനെ നടുക്കി മറ്റൊരു റാഗിങ്ങ് വാർത്തകൂടി പുറത്ത് വരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ട്രാവൽ ആൻഡ് ടൂറിസം മാനേജ് മെന്റ് ഒന്നാം വർഷ വിദ്യാർത്ഥിയായ അബ്ദുള്ളയും സുഹൃത്തുക്കളും ഉച്ച ഭക്ഷണത്തിന് ശേഷം ക്ലാസ്സ് മുറിയുടെ വരാന്തയിൽ ഇരിക്കുകയായിരുന്നു. ഈ സമയം സീനിയർ വിദ്യാർത്ഥികൾ സംഘടിച്ചെത്തുകയും ഇവിടെ ഇരിക്കുന്നതെന്തിനാടാ, അകത്ത് കേറി പോകൂ എന്നും ആജ്ഞാപിച്ചു. ഇതേ തുടർന്ന് ഇവർക്ലാസ്സ് മുറിയിലേക്ക് കയറിപ്പോയി. ഈ സമയം ഒരു സീനിയർ വിദ്യാർത്ഥി അബ്ദുള്ളയെ പുറത്തേക്ക് വിളിക്കുകയും നിനക്ക് വലിയ ജാഡയാണ് അല്ലേ എന്ന് ചോദിച്ച് ഷർട്ടിൽ കുത്തി പിടിക്കുകയും ചെയ്തു. ഇതോടെ തമ്മിൽ ഉന്തു തള്ളുമായി. നീ ഇവിടെ ജിം ബോഡി കാണിച്ച് അങ്ങനെ വിലസണ്ട എന്ന് പറഞ്ഞായിരുന്നു ആദ്യ അടി. പിന്നെ തലങ്ങും വിലങ്ങും അടിയിയായിരുന്നു. താഴെ ഇട്ട് ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. പിന്നെ മുഖത്ത് കൈ ചുരുട്ടി ഇടിക്കുകയും ചെയ്തു. പെൺപിള്ളേരുടെ മുന്നിൽ ഇനി നീ ഷൈൻ ചെയ്യുന്നതൊന്നു കാണണം എന്ന് പറഞ്ഞ് പുറകിലേക്ക് തള്ളി സംഘം പോവുകയായിരുന്നു.

മർദ്ദനത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ അബ്ദുള്ള കുഴഞ്ഞു വീണു. മൂക്കിൽ നിന്നും ചോരയും വന്നു. ഇതോടെ വിദ്യാർത്ഥികൾ അദ്ധ്യാപകരെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ആശുപത്രിയിലെത്തി വിദഗ്ദ്ധ പരിശോധനയിലാണ് മുഖത്തെ എല്ലിന് പൊട്ടലുണ്ട് എന്ന് കണ്ടെത്തി. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ അബ്ദുള്ളയുടെ സഹോദരൻ ബദിയടുക്ക പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. റാഗിങ്ങ് ആണോ എന്ന് വിവരം ലഭിച്ചിട്ടില്ല എന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ എന്നുമാണ് ബദിയടുത്ത എസ്‌ഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. അതേ സമയം സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് മാലിക് ദിനാൽ കോളേജ് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ 21 നാണ് കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. പ്ലസ്ടു വിദ്യാർത്ഥികൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിക്കാതിരുന്നതിലും ഷൂ ധരിച്ചു വന്നതിനും പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നിൽക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയോട് തങ്ങൾ പറഞ്ഞ രീതിയിൽ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ചു പ്ലസ് ടു വിദ്യാർത്ഥി വാക്കേറ്റമുണ്ടാക്കി. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടി വന്ന പ്ലസ് വൺ വിദ്യാർത്ഥിയെ പിൻതുടർന്നെത്തിയ സീനിയർ വിദ്യാർത്ഥികൾ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെൺകുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. മുളക് പൊടി വിദ്യാർത്ഥിയുടെ മുഖത്തേക്ക് എറിയുകയും മുഖത്തടിച്ച് താഴെയിട്ട് ചവിട്ടുകയും ക്ലാസ്സിലുണ്ടായിരുന്ന മേശ എടുത്തുയർത്തി ദേഹത്തേക്ക് ഇടുകയുമായിരുന്നു. പിന്നാലെ കസേര എടുത്തടിക്കുകയും ചെയ്തു.

ഈ സമയം പത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വൺ വിദ്യാർത്ഥിയെ താഴെയിട്ട് ചവിട്ടിയത്. ഉച്ചത്തിൽ കരഞ്ഞു വിളിച്ചിട്ടും വിദ്യാർത്ഥിയെ അവർ വെറുതെ വിട്ടില്ല. താഴെ നിന്നും എഴുന്നേറ്റ വിദ്യാർത്ഥിയെ വീണ്ടും കമ്പിവടിയും കോമ്പസും ഉപയോഗിച്ച് ആക്രമിച്ചു. ക്ലാസ്സിലുണ്ടായിരുന്ന മറ്റ് ആൺകുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണം കണ്ട് ഭയന്ന പെൺകുട്ടികൾ നിലവിളിച്ചതോടെ അദ്ധ്യാപകർ എത്തിയപ്പോഴാണ് വിദ്യാർത്ഥികൾ അക്രമം നിർത്തിയത്.

അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കാഞ്ഞങ്ങാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്ലാസ്സ് മുറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളടക്കം വിദ്യാർത്ഥികൾക്കെതിരെ സ്‌ക്കൂൾ അധികൃതർ പരാതി നൽകി. കൂടാതെ മർദ്ദനമേറ്റ വിദ്യാർത്ഥിയും പരാതി നൽകി. ഇതോടെ ഹൊസ്സ്ദുർഗ് പൊലീസ് ആറു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.

റാഗിങ്ങ് നടത്തി ആക്രമണം നടത്തിയ വിദ്യാർത്ഥികളെ അന്നു തന്നെ സ്‌ക്കൂൾ അധികൃതർ പുറത്താക്കി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകുകയും വിദ്യാഭ്യാസ വകുപ്പിന് കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നും അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP