Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം

അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം

സ്വന്തം ലേഖകൻ

ഹരിപ്പാട്: 2015 മുതൽ കരുവാറ്റയിൽ മോഷണ പരമ്പര നടത്തി വന്ന പ്രതിയെ പൊലീസ് അറസ്റ്റഅ ചെയ്തു. നേരം പാതിരായാകുന്നതോടെ എറണാകുളത്ത് നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങുന്ന കരുവാറ്റ സ്വദേശിയായ കുമാരപുരം താമല്ലാക്കൽ മാണിക്കേത്ത് വീട്ടിൽ അജിത് തോമസിനെ(43) യാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. അതിസമർത്ഥമായി മോഷണം ആസൂത്രണം ചെയ്ത ഇയാൾ പലേടത്തുനിന്നായി 80 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ചിട്ടുണ്ട്.

2015 മുതൽ മോഷണം നടന്ന എല്ലാ വീടുകളും സന്ദർശിച്ച് മോഷണ രീതികളും പ്രതിയുടെ വിവരങ്ങളും ശേഖരിച്ചു നടത്തിയ ഓപ്പറേഷൻ നൈറ്റ് റൈഡറിലൂടെയാണ് പ്രതിയെ കുടുക്കിയത്. തലയിലൂടെ ലുങ്കി മൂടി സിസിടിവിയിൽ പതിയാത്ത വിധം മോഷണത്തിനെത്തിയ അജിത്തിനെ അതിസമർത്ഥമായാണ് പൊലീസ് കുരുക്കിയത്. കത്തി വീശി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇയാളെ കുരുക്കുക ആയിരുന്നു.

ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് കരുവാറ്റയെ ഭീതിയിലാക്കിയ കള്ളനെ കുടുക്കിയത്. കെവി ജെട്ടി റോഡിലുള്ള വീടുകളിൽ മോഷണ ശ്രമം നടത്തി മടങ്ങുമ്പോൾ കരുവാറ്റ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപം അന്വേഷണ സംഘം മോഷ്ടാവിനെ വളഞ്ഞു. മുഖം മൂടി അഴിച്ചപ്പോൾ കരുവാറ്റയിലെ സമ്പന്നകുടുംബാംഗമായ അജിത് തോമസ് ആണെന്ന് മനസ്സിലായി. 2015ൽ അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ചു കടന്ന് വീട്ടമ്മയുടെ മാല പൊട്ടിച്ചാണ് കവർച്ച തുടങ്ങിയതെന്നു പൊലീസ് പറയുന്നു. തുടർന്ന് കുടുംബസമേതം എറണാകുളത്തെ ഫ്‌ളാറ്റിലേക്ക് താമസം മാറി. ബൈക്കിൽ കരുവാറ്റയിലെ കുടുംബവീട്ടിലെത്തും, തുടർന്ന് മോഷണം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു രീതി.

സ്ത്രീകൾ ധരിക്കുന്ന ലെഗിൻസ് വെട്ടിയാണ് മുഖംമൂടി നിർമ്മിച്ചിരുന്നത്. അതിനാൽ കള്ളന്റെ മുഖം ഒരിക്കൽ പോലും ആരുടെയും കണ്ണിൽ പതിഞ്ഞിരുന്നില്ല. മാത്രമല്ല ലുങ്കി പുതച്ചിരുന്നതിനാൽ ശരീരഘടന മനസ്സലാക്കാനും സാധിച്ചില്ല. നാട്ടുകാരുടെ മൊഴികളിൽ നിന്ന് ആളിന്റെ ഏകദേശ ഉയരവും മോഷ്ടിക്കാനെത്തുമ്പോഴുള്ള വേഷവും മാത്രം മനസ്സിലായി. തുറന്നിട്ട ജനാലകളിലൂടെ കൈയിട്ട് പ്രയാസമില്ലാത്ത മോഷണം മാത്രം നടത്തുന്ന കള്ളൻ അത്ര 'പ്രഫഷനൽ' അല്ലെന്ന് ആദ്യമെ മനസ്സിലായി. വീട്ടിൽ ചെറിയ ആളനക്കമുണ്ടായാൽപ്പോലും ഓടി രക്ഷപ്പെടുന്നയാളാണെന്നും വ്യക്തമായി. മോഷണം നടന്ന വീടുകളെ ബന്ധിപ്പിച്ച് അന്വേഷണ സംഘം ഒരു റൂട്ട്മാപ്പ് തയാറാക്കി. എല്ലാ വീടുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന രണ്ടു പ്രധാന വഴികൾ കണ്ടെത്തി.

പൊലീസ് പട്രോളിങ് സംഘം അധികം സഞ്ചരിക്കാത്ത സ്ഥലത്തെ റോഡുകളായിരുന്നു അത്. അവിടെ നിന്ന് മോഷണം നടന്ന വീടുകളിലേക്ക് ചെറുതോടുകളും ചെറുവഴികളുമൊക്കെയാണ്. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നയാളാണ് കള്ളനെന്ന് ഉറപ്പിച്ചു. അന്വേഷണ സംഘത്തിലെ എസ്‌ഐ വൈ.ഇല്യാസ്, എഎസ്‌ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി എന്നിവർ രണ്ടു റോഡുകളിലുമായി ഒരു മാസത്തോളം നിരന്തരം കാവലിരുന്നാണ് അജിത്തിനെ കുടുക്കിയത്.

പതിവു പോലെ കറുത്ത റെയിൻകോട്ട് ധരിച്ച് മരങ്ങളുടെ മറവിൽ അവർ പതിയിരുന്നപ്പോഴാണ് കഴിഞ്ഞ ദിവസം കള്ളൻ വരുന്നത് ഒരു സംഘം കണ്ടെത്തിയത്. കള്ളൻ കടന്നുപോയ ഉടൻ രണ്ടാമത്തെ സംഘത്തെ വിവരമറിയിച്ചു. കള്ളൻ ചില വീടുകളിലേക്കു കയറുന്നതും ഒന്നും 'തടയാതെ' ഇറങ്ങുന്നതും കണ്ട് അന്വേഷണ സംഘവും പിന്നാലെ കൂടി. ഇതിനിടയിൽ രണ്ടര മണിക്കൂറും കടന്നുപോയി. അവസാനത്തെ വീട്ടിലും കയറി ഒന്നും കിട്ടാതെ മോഷ്ടാവ് മടങ്ങി വരുന്ന വഴിയരികിൽ പൊലീസ് സംഘം കാത്തുകിടന്നു. മോഷ്ടാവ് ഒത്ത നടുക്കെത്തിയതും പൊലീസ് സംഘം നാലു വശത്തുനിന്നുമായി പൂട്ടിട്ടു പിടിച്ചു. ഇതിനിടയിൽ കത്തി വീശാൻ ശ്രമിച്ചെങ്കിലും ആർക്കും പരുക്കില്ലാതെ പൊലീസ് കള്ളനെ കീഴടക്കി.

ജൂൺ 25 ന് കരുവാറ്റയ്ക്കു സമീപം ഒരു അദ്ധ്യാപികയുടെ വീട്ടിൽ മോഷണം നടന്ന ശേഷമാണ് പ്രത്യേക സംഘം കേസ് അന്വേഷിച്ചു തുടങ്ങിയത്. കരുവാറ്റ, താമല്ലാക്കൽ പ്രദേശത്ത് 2015 മുതൽ മോഷണം നടന്ന വീടുകളിലെല്ലാം സംഘം എത്തി. ജനലിലൂടെ കൈയിട്ട് കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആഭരണം മോഷ്ടിക്കുകയും ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയുമായിരുന്നു കള്ളന്റെ പതിവ്. അന്വേഷണ സംഘം കള്ളന്റെ രൂപം മനസ്സിലാക്കാൻ പ്രദേശത്താകെ അന്വേഷിച്ചെങ്കിലും ഒരു സിസിടിവി ക്യാമറയിൽ മാത്രമാണ് അയാൾ പെട്ടിട്ടുള്ളതെന്നു മനസ്സിലായി. അതിലാകട്ടെ, ശരീരം മുഴുവൻ മറച്ച അയാളെ തിരിച്ചറിയാനേ കഴിയില്ല.

കരുവാറ്റ സ്വദേശിയായ അജിത് മറ്റൊരാളുടെ ഭാര്യയുമായി പ്രണയത്തിലാകുകയും അവരുമൊത്ത് എറണാകുളത്തു താമസം മാറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജോലിയില്ലാത്ത അജിത്തിനു ജീവിക്കാൻ വരുമാനമില്ലാതായതോടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഓട് പൊളിച്ചു കയറിയാണ് ആദ്യ മോഷണം നടത്തിയത്. അതു പിടിക്കപ്പെട്ടില്ല. പിന്നീട് ആത്മവിശ്വാസം വർധിച്ചതോടെ നിരന്തരം മോഷണം തുടങ്ങി. ശരീരഘടന അറിയാതിരിക്കാനാണ് ശരീരമാസകലം ലുങ്കി കൊണ്ട് മൂടുന്നത്.

എറണാകുളത്തു നിന്നു ബൈക്കിലാണ് മോഷ്ടിക്കാനെത്തുക. ബൈക്ക് കരുവാറ്റയിലെ വീടിനരികിലെ പറമ്പിന്റെ ഉള്ളിലേക്കു കയറ്റി വച്ച് ഓല കൊണ്ട് മൂടും. കോവിഡ് തുടങ്ങിയ ശേഷം 'കോവിഡ് പ്രോട്ടോക്കോൾ' പാലിച്ചാണ് മോഷണം. ഗ്ലൗസും സാനിറ്റൈസറും എപ്പോഴും കൊണ്ടുനടക്കും. ആരോഗ്യ സംരക്ഷണത്തിന് ഒരു കുപ്പിയിൽ ബദാംപരിപ്പ് വെള്ളത്തിലിട്ട് കരുതും.

പ്രദേശത്ത് തുടർച്ചയായി മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു ഓപ്പറേഷൻ നൈറ്റ് റൈഡർ എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ സ്വർണക്കടകളിൽ വിറ്റുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എസ്‌ഐ വൈ.ഇല്യാസ്, എഎസ്‌ഐ ടി.സന്തോഷ് കുമാർ, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്‌കർ, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, എ. നിഷാദ്, പ്രേംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി. ഇയാാളുടെ പക്കൽ സ്‌ക്രൂഡ്രൈവർ, കത്തി, കത്രിക, ടോർച്ച്, മുഖംമൂടി തുടങ്ങിയവ കണ്ടെത്തി.

ജില്ലയിൽ ചുമതലയെടുത്ത ശേഷം, തെളിയിക്കപ്പെടാത്ത കേസുകളിലൂടെ കണ്ണോടിക്കുമ്പോൾ അഞ്ചു വർഷം കൊണ്ട് തെളിയിക്കപ്പെടാത്ത ഇരുന്നൂറോളം മോഷണക്കേസുകളുടെ പട്ടിക കണ്ടാണ് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു കണഅടെത്തിയത്. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP