Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

1.5 കിലോ സ്വർണം തൂക്കി നൽകിയിട്ടും പങ്കാളിക്കു തൃപ്തിയായില്ല! പോരേ? എങ്കിൽ ഇതാ പിടിച്ചോ എന്നു പറഞ്ഞു കൈനിറയെ വാരി നൽകിയത് സ്വർണാഭരണങ്ങൾ; കരുവാറ്റ ബാങ്കുകവർച്ചാ കേസ് പ്രതി ആൽബിൽ രാജ് ആളൊരു 'ഉദാര മനസ്‌ക്കൻ'; വീടിനോട് ചേർന്ന് ചേമ്പിന് കീഴെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട 63.75 പവൻ സ്വർണം കണ്ടെടുത്തു; സ്വർണം കണ്ടെത്തിയത് ഉരുക്കിയ നിലയിൽ

1.5 കിലോ സ്വർണം തൂക്കി നൽകിയിട്ടും പങ്കാളിക്കു തൃപ്തിയായില്ല! പോരേ? എങ്കിൽ ഇതാ പിടിച്ചോ എന്നു പറഞ്ഞു കൈനിറയെ വാരി നൽകിയത് സ്വർണാഭരണങ്ങൾ; കരുവാറ്റ ബാങ്കുകവർച്ചാ കേസ് പ്രതി ആൽബിൽ രാജ് ആളൊരു 'ഉദാര മനസ്‌ക്കൻ'; വീടിനോട് ചേർന്ന് ചേമ്പിന് കീഴെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട 63.75 പവൻ സ്വർണം കണ്ടെടുത്തു; സ്വർണം കണ്ടെത്തിയത് ഉരുക്കിയ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: കരുവാറ്റ സഹകരണ ബാങ്ക് കവർച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയിൽ ആൽബിൻ രാജു(36)മായുള്ള പൊലീസ് തെളിവെടുപ്പു തുടരുന്നു. ഇന്നലെ ഇയാളുടെ വീടിന് സമീപം കുഴിച്ചിട്ട 63.75 പവൻ സ്വർണം ഇന്നലെ നടന്ന തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. വീടിനടുത്തു ചേമ്പ് വളർന്നു നിന്നതിന്റെ സമീപത്തായി പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. ആൽബിനെ കോയമ്പത്തൂരിൽ നിന്നു പിടികൂടുമ്പോൾ 1.85 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ഒരു ഏക്കറോളം സ്ഥലത്താണ് ആൽബിൻ രാജിന്റെ ഇരുനില വീട്. ഈ വീടിന്റെ പരിസരക്ക് കുഴിച്ചിട്ട സ്വർണമാണ് കണ്ടെത്തിയത്.

വീട്ടിൽ മറ്റാരും താമസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ആൽബിനെ തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ബാങ്ക് കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടർ വാങ്ങിയത് മാർത്താണ്ഡത്തെ നാഷനൽ എൻജിനീയറിങ് കമ്പനിയിൽ നിന്നാണ്. അവിടത്തെ ജീവനക്കാർ ആൽബിനെ തിരിച്ചറിഞ്ഞു. 2,400 രൂപയ്ക്ക് ഗ്യാസ് കട്ടർ വാങ്ങിയതിന്റെ ബിൽ കണ്ടെടുത്തു.

സിലിണ്ടറും കട്ടറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ് എടുത്തത് എവിടെ നിന്നാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. മോഷണത്തിനു ശേഷം ട്യൂബ് ബാങ്ക് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചെറിഞ്ഞത് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തിൽ വിറ്റ 10 പവൻ സ്വർണവും വീട്ടിൽ സൂക്ഷിച്ച 2 പവൻ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പണമിടപാടു സ്ഥാപനത്തിൽ സ്വർണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വിൽക്കുകയുമായിരുന്നു. സ്വർണം ഉരുക്കിയ നിലയിലാണ് സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയത്.രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളിൽ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വർണക്കടകളിൽ വിറ്റ 1.1 കിലോഗ്രാം സ്വർണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

സ്വർണം കവർന്ന ശേഷം പങ്കാളിയുമായി ആൽബിൻ തർക്കിച്ചിരുന്നു. ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വർണം നൽകിയെന്ന് ആൽബിൻ വെളിപ്പെടുത്തിയിട്ടുണ്ട്. 1.5 കിലോഗ്രാം സ്വർണം തൂക്കി നൽകിയപ്പോൾ കൂടുതൽ വേണമെന്നു ഷൈബു തർക്കിച്ചെന്നും അപ്പോൾ ഒരു കൈ നിറയെ സ്വർണാഭരണങ്ങൾ കൂടി നൽകിയെന്നുമാണ് ആൽബിൻ പറയുന്നത്. എന്നാൽ, 1.5 കിലോഗ്രാമേ കിട്ടിയുള്ളൂ എന്നും ഉരുക്കിയപ്പോൾ അത് 1.1

കിലോഗ്രാമായതാണെന്നും ഷൈബു വാദിക്കുന്നു. ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. ബാക്കി സ്വർണം കണ്ടെത്താൻ ആൽബിനെയും ഷൈബുവിനെയും കൂടുതൽ ചോദ്യം ചെയ്യുമെന്ന് സിഐ: ആർ.ഫയാസ് പറഞ്ഞു. 4.83 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതർ പൊലീസിനെ അറിയിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിലെ പ്രതിയാണ് ആൽബിൻ രാജ്. ഇയാളുടെ രണ്ടാംഭാര്യയും മോഷണത്തിനു സഹായംനൽകാറുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. നാഗർകോവിലിലെ ഒരു സ്വർണക്കടയിൽനിന്ന് ഇയാൾ 120 പവൻ കവർന്നിരുന്നു. ഈ കേസിൽ രണ്ടാംഭാര്യയും പ്രതിയാണ്. കോയമ്പത്തൂരിനു പുറമേ നാഗർകോവിലിലും ഇയാൾക്ക് താവളങ്ങളുണ്ട്.

ഒറ്റയ്ക്കു മോഷണംനടത്തുന്നതാണ് ആൽബിൻരാജിന്റെ രീതി. മോഷ്ടിച്ച സ്‌കൂട്ടറോ കാറോ ആണ് യാത്രയ്ക്കുപയോഗിക്കുക. ഗ്യാസ് വെൽഡിങ്, കട്ടിങ് എന്നിവയിൽ അതീവ വൈദഗ്ധ്യമുണ്ട്. കവർച്ചയ്ക്കുപയോഗിക്കാറുള്ള ഗ്യാസ് കട്ടറും ഗ്യാസ് സിലിൻഡറും മോഷ്ടിച്ചെടുക്കുകയാണ് പതിവ്. 2016 സെപ്റ്റംബർ 12-ന് തിരുവനന്തപുരം പെരുങ്കടവിലെ ആങ്കോട് സർവീസ് സഹകരണബാങ്കിൽ കവർച്ചാശ്രമം നടത്തിയിരുന്നു. അന്ന് കാട്ടാക്കടയിലെ ഒരു വർക്ക്‌ഷോപ്പിൽനിന്ന് മോഷ്ടിച്ച ഗ്യാസ് സിലിൻഡറും കട്ടറുമാണ് ഉപയോഗിച്ചത്. കരുവാറ്റ ബാങ്ക് കവർച്ചയ്ക്ക് ഇതേരീതിയിൽ അടൂർ പറക്കോട്ടുനിന്നാണ് ഗ്യാസ് സിലിൻഡർ അപഹരിച്ചത്. ഇതുവരെ നടത്തിയ മോഷണങ്ങളിലൊന്നും കൂട്ടുപ്രതികളില്ലായിരുന്നു. ഒറ്റയ്ക്കു മോഷണംനടത്തുന്നതിനാൽ വിവരം പുറത്തറിയാനുള്ള സാധ്യത കുറവാണ്. കരുവാറ്റ സർവീസ് സഹകരണബാങ്കിൽനിന്ന് 5.43 കിലോഗ്രാം സ്വർണവും 4.43 ലക്ഷം രൂപയുമാണ് ഇയാൾ കവർന്നത്.

ആൽബിന്റേത് അമ്പരപ്പിക്കുന്ന കവർച്ചാരീതികൾ

ആൽബിൻരാജിന്റെ മോഷണരീതികൾ പൊലീസിനെ അമ്പരപ്പിക്കുന്നതാണ്. ഒരിടത്തും വിരലടയാളം അവശേഷിപ്പിക്കില്ല. വെട്ടുകത്തി, സ്‌ക്രൂഡ്രൈവർ, പ്ലെയർ, കൈയുറകൾ, മങ്കി ക്യാപ്പ്, ആക്‌സോബ്ലെയ്ഡുകൾ തുടങ്ങി കൈയിൽ സൂക്ഷിക്കാവുന്ന ഉപകരണങ്ങൾ സൂക്ഷിക്കും. മോഷണസ്ഥലത്തുനിന്ന് കിട്ടാവുന്ന സാധനങ്ങളും ഉപയോഗിക്കും. തീരെ ചെറിയ സ്ഥലംമതി ഇയാൾക്ക് കെട്ടിടങ്ങൾക്കുള്ളിൽ കയറാൻ. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭരണിക്കാവിൽ വീടിന്റെ ചിമ്മിനിവഴി കയർകെട്ടിയാണ് അകത്തുകയറിയത്. ഇതിനായി ചിമ്മിനിയുടെ മുകളിൽ പുകപോകുന്ന ഭാഗം അല്പം പൊളിച്ചു. വീട്ടുപരിസരത്തുണ്ടായിരുന്ന കയർ ചിമ്മിനിയുടെ മുകളിൽ കെട്ടി ഉറപ്പിച്ചശേഷം അതിലൂടെ അകത്തുകടന്നു. 12 പവൻ സ്വർണാഭരണങ്ങളാണ് ഈ വീട്ടിൽനിന്ന് കവർന്നത്.

കരുവാറ്റ ബാങ്കിന്റെ മുൻഭാഗത്തെ ജനലിലെ രണ്ട് അഴികൾ അറത്തുമാറ്റിയിരുന്നു. ഇതുവഴി ഒരാൾക്ക് കയറാൻ ഏറെ ബുദ്ധിമുട്ടാണെന്നായിരുന്നു അന്വേഷണസംഘം വിലയിരുത്തിയിരുന്നത്. എന്നാൽ, പ്രതി ആൽബിൻരാജാണെന്ന് ഉറപ്പിച്ചതോടെ ഇക്കാര്യത്തിൽ പൊലീസിന്റെ സംശയം മാറി. പിടിയുടെ ഭാഗത്ത് പ്ലാസ്റ്റിക് ചുറ്റിയശേഷം റബ്ബർ ബാൻഡ് ഇട്ടിരുന്ന സ്‌ക്രൂഡ്രൈവറുകളും കരുവാറ്റ ബാങ്കിൽനിന്ന് കിട്ടിയിരുന്നു. ഇതും ആൽബിൻരാജിന്റെ സ്ഥിരം ആയുധങ്ങളാണ്. അടിക്കുമ്പോൾ ശബ്ദംകേൾക്കാതിരിക്കാനാണ് സ്‌ക്രൂഡ്രൈവറിൽ ഈ സൂത്രപ്പണിചെയ്യുന്നത്.

മോഷണത്തിനിടെ വിരലടയാളം എവിടെയും പതിയാതിരിക്കാൻ ഇയാൾ കൈയുറ ധരിക്കാറുണ്ട്. കുറത്തികാട് പൊലീസ് പ്രതിയെ പിടികൂടിയപ്പോൾ രണ്ടിനം കൈയുറകളും മങ്കി ക്യാപ്പും ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇവയിലൊന്ന് കൈ പൂർണമായും മൂടുന്നതാണ്. കരുവാറ്റയിൽ ലോക്കറിന്റെ ഭാഗത്തുനിന്ന് വിരലടയാളങ്ങളൊന്നും കിട്ടിയിരുന്നില്ല. പ്രതിയുടെ മുൻകരുതലാണ് ഇതിനുകാരണമായതെന്ന് ഇപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്.

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവ് ആങ്കോട് സർവീസ് സഹകരണബാങ്കിൽ കരുവാറ്റയിലേതിനു സമാനമായ രീതിയിൽ ലോക്കർ തകർത്ത് മോഷണത്തിന് ഇയാൾ ശ്രമിച്ചിരുന്നു. ശ്രമം വിജയിച്ചില്ലെന്നതിനൊപ്പം സി.സി.ടി.വി.യിൽ ഇതിന്റെ ദൃശ്യങ്ങളും കിട്ടി. ഇതേത്തുടർന്ന് പിടിയിലായതിനാൽ പിന്നീടുള്ള മോഷണങ്ങളിലെല്ലാം ആദ്യം സി.സി.ടി.വി.യിലാണ് ഇയാൾ കൈവെച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP