Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിആർപിഎഫുമായി കരുവന്നൂരിൽ ഇഡി എത്തി; ബാങ്ക് തട്ടിപ്പിലെ അഞ്ചു പ്രതികളുടെ മണി മാളികകളിൽ ഒരേ സമയം റെയ്ഡ്; ലക്ഷ്യം തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്തൽ; സിപിഎം തൃശൂർ നേതാക്കൾക്കെതിരേയും അന്വേഷണം നീളും; മുഖ്യ പ്രതികളുടെ മൊഴിയും രേഖപ്പെടുത്തും; കരുവന്നൂരിൽ എൻഫോഴ്‌സ്‌മെന്റ് എത്തുമ്പോൾ

സിആർപിഎഫുമായി കരുവന്നൂരിൽ ഇഡി എത്തി; ബാങ്ക് തട്ടിപ്പിലെ അഞ്ചു പ്രതികളുടെ മണി മാളികകളിൽ ഒരേ സമയം റെയ്ഡ്; ലക്ഷ്യം തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്തൽ; സിപിഎം തൃശൂർ നേതാക്കൾക്കെതിരേയും അന്വേഷണം നീളും; മുഖ്യ പ്രതികളുടെ മൊഴിയും രേഖപ്പെടുത്തും; കരുവന്നൂരിൽ എൻഫോഴ്‌സ്‌മെന്റ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഇതോടെ കേസിൽ ഇഡി ഇടപെട്ടു തുടങ്ങുകയാണ്. കരുവന്നൂരിലെ യഥാർത്ഥ ഗൂഢാലോചന ഇനി പുറത്തു വന്നേക്കും.

കേരള സഹകരണ ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പായ ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷം കഴിഞ്ഞു. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വർഷമായിട്ടും സമർപ്പിച്ചിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. ഇതെല്ലാം മനസ്സിലാക്കിയാണ് ഇഡി എത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചനയിലേക്കും അന്വേഷണം നീണ്ടേക്കും.

ഇതോടെ സിപിഎമ്മിനെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള കേസിൽ കേന്ദ്ര ഏജൻസി പിടിമുറുക്കുന്നുവെന്ന വസ്തുതയാണ് തെളിയുന്നത്. സിപിഎമ്മിന്റെ തൃശൂർ നേതൃത്വത്തിനെതിരേയും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. 2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്.

ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടികൾ കവർന്ന ജീവനക്കാരെയും, ഇടനിലക്കാരായ ആറുപേരെയും, ഇടതു ഭരണസമിതി അംഗങ്ങളായ പതിനൊന്ന് പേരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരിൽ സസ്‌പെൻഡ് ചെയ്ത പതിനാറ് സഹകരണ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ഇതിന് കാരണം രാഷ്ട്രീയ സ്വാധീനമാണ്.

പണം തിരികെ നൽകാൻ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നൽകിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കടക്കെണിയിലായ ബാങ്കിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും വിഫലമായി. പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തിൽ പോലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികവിവരങ്ങൾ പൊലീസിൽ നിന്ന് തേടിയിരുന്നു. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.

ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാല് പേർക്ക് വരെ 1 കോടി 20 ലക്ഷം രൂപയുടെ വായ്പ നൽകിയത് ബിനാമി ഇടപാടെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും, സിഎംഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. രണ്ട് ദിവസം മുൻപ് കേസിൽ എഫ്ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്.

പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP