Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇടുക്കി ഗോൾഡിനെ' തോൽപ്പിക്കാൻ 'മൈസൂർ മാംഗോ'! അസമിൽ നിന്നും എത്തുന്ന കഞ്ചാവിന് കൊച്ചിയിൽ വമ്പൻ ഡിമാൻഡ്; തുച്ഛമായ വിലയ്ക്ക് നോർത്ത് ഈസ്റ്റിൽ നിന്ന് വാങ്ങുന്ന ചരക്കിന് കിട്ടുക പത്തിരട്ടിയോളം ലാഭം; കരിംലാലയേയും ഛോട്ടുവിനേയും കീഴടങ്ങിയത് സാഹസികമായി

'ഇടുക്കി ഗോൾഡിനെ' തോൽപ്പിക്കാൻ 'മൈസൂർ മാംഗോ'! അസമിൽ നിന്നും എത്തുന്ന കഞ്ചാവിന് കൊച്ചിയിൽ വമ്പൻ ഡിമാൻഡ്; തുച്ഛമായ വിലയ്ക്ക് നോർത്ത് ഈസ്റ്റിൽ നിന്ന് വാങ്ങുന്ന ചരക്കിന് കിട്ടുക പത്തിരട്ടിയോളം ലാഭം; കരിംലാലയേയും ഛോട്ടുവിനേയും കീഴടങ്ങിയത് സാഹസികമായി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന് വിൽപ്പന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാർ എക്‌സൈസിന്റെ പിടിയിലാകുമ്പോൾ തെളിയുന്നത് ലഹരി കടത്തിന്റെ പുതിയ സാഹചര്യങ്ങൾ. അസം നാഗോൺ സ്വദേശികളായ മുസാഹറുൾ ഹക്ക് (ഛോട്ടൂ) (24), ജമീറൂൾ ഹക്ക് (കരീം ലാലാ) (26) എന്നിവരെയാണ് എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് അര കിലോ വീതമുള്ള നാല് പോളിത്തീൻ പാക്കറ്റുകളിൽ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമിൽ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് കടത്തി കൊണ്ട് വന്ന് എറണാകുളം ടൗൺ ഭാഗങ്ങളിൽ 'മൈസൂർ മംഗോ' എന്ന മുന്തിയ ഇനം കഞ്ചാവ് എന്ന വ്യാജേന മൊത്തക്കച്ചവടം നടത്തി അസമിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ ചെയ്തിരുന്നത്.

ഇതിലൂടെ പത്തിരട്ടിയോളം ലാഭം കിട്ടിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരുടെ സുഹൃത്തുക്കൾ ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാർക്ക് കൂടിയ വിലക്ക് മറിച്ച് വിൽക്കുകയും ചെയ്യുന്നതായിരുന്നു വിൽപ്പനയുടെ രീതി. നാഗോൺ സ്വദേശികളായ പ്രതികൾ നാട്ടിൽ ചില്ലറ മോഷണവും പിടിച്ച് പറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് എറണാകുളത്തുള്ള സുഹൃത്തുക്കൾ കൂടുതൽ ലാഭം നേടിത്തരുന്ന ബിസിനസ്സിലേക്ക് ക്ഷണിച്ച് വരുത്തിയത്.

ഏതാനും ദിവസം മുൻപ് കഞ്ചാവുമായി ഒരു ഇതരസംസ്ഥാനക്കാരൻ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായതോടുകൂടിയാണ് ഛോട്ടു , കരീം ലാല എന്നീ അസ്സം സ്വദേശികളെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. തുടർന്ന് ഇവർ ഇരുവരും എക്‌സൈസ് സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

ഇടപ്പള്ളി ടോളിന് സമീപം കഞ്ചാവ് കൈമാറുവാൻ രാത്രിയോടെ ഇവർ എത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം ഇവരെ കാത്ത് നിന്നു. പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതിൽ കെട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപെടാൻ ശ്രമിച്ചു. എക്‌സൈസ് സംഘവും നാട്ടുകാരും പിൻതുടർന്ന് ഇവരെ ഇരുവരേയും പിടികൂടി. അക്രമാസക്തരായ ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്.

എക്‌സൈസ് ഐബി ഇൻസ്‌പെക്ടർ കെ മനോജ് കുമാർ, ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എൻ.ജി. അജിത്ത് കുമാർ, രഞ്ജു എൽദോ തോമസ്, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ. എൻ.ഡി. ടോമി, സിഇഒ, ഡി.ജി. ബിജു, പി. പത്മഗിരീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP