Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിക്കിനേത്ത് കേസ് അട്ടിമറിക്കാൻ ചങ്ങനാശേരിക്കാരനായ ബന്ധു ഒരു ഉന്നത പൊലീസുദ്യോഗസ്ഥന് നൽകിയത് 10 ലക്ഷം; പ്രത്യേക സംഘം ജോസിനെ അറസ്റ്റ് ചെയ്തപ്പോൾ പണം തിരികെ ചോദിച്ചു; ചെലവായിപ്പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ; പണം വാങ്ങിയതിന്റെ പഴി കേട്ടത് യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനും;കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പീഡനം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനെ പന്തു പോലെ തട്ടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രമാദമായ കരിക്കിനേത്തുകൊലക്കേസിൽ പ്രതി സ്ഥാനത്ത് നിന്ന് അടൂർ കരിക്കിനേത്ത് ഉടമ ജോസിനെയും സഹോദരൻ ജോർജിനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങി എടുത്തത് 10 ലക്ഷം രൂപയായിരുന്നു. അതിന് അനുസരിച്ച് തിരക്കഥയും മെനഞ്ഞു. എന്നാൽ, ഐജി ഹേമചന്ദ്രന്റെ നിർദ്ദേശ പ്രകാരം പുതിയ സംഘം അന്വേഷണം നടത്തിയതോടെ പണി പാളി. ജോസിനെ അറസ്റ്റ് ചെയ്തു. ജോർജ് പ്രതിയുമായി. കരിക്കിനേത്ത് കുടുംബത്തിന്റെ ബന്ധുവായ ചങ്ങനാശേരിക്കാരനാണ് പത്തനംതിട്ടയിൽ പൊലീസുദ്യോഗസ്ഥന് 10 ലക്ഷം എത്തിച്ചു കൊടുത്തത്. പിന്നീട് ഇവർ നിശ്ചയിച്ച തിരക്കഥ പ്രകാരം അറസ്റ്റ് നാടകത്തിനും അരങ്ങൊരുങ്ങി.

ജോസിന്റെ ഡ്രൈവറെയും മറ്റ് ചില ഗുണ്ടകളെയും പ്രതിയാക്കി കേസ് ക്ലോസ് ചെയ്യാനായിരുന്നു നീക്കം. കുറ്റം ഏൽക്കുന്നതിന് വേണ്ടി ഡ്രൈവർക്ക് വൻ തുക തന്നെയാണ് ജോസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി ഡ്രൈവറെയും മറ്റു മൂന്നു പേരെയും ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സെല്ലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. അന്വേഷണം ഏറ്റെടുത്ത പുതിയ സംഘത്തിലെ ഡിവൈഎസ്‌പി എൻ രാജേഷ് പ്രതികളാക്കാൻ കൊണ്ടുവന്നവരെ ഇവിടെ എത്തി ചോദ്യം ചെയ്തു. ആലപ്പുഴക്കാരനായ അഭിഭാഷകൻ നൽകിയ ക്ലാസ് അനുസരിച്ചായിരുന്നു ഇവരുടെ മറുപടി. ഡിവൈഎസ്‌പിയുടെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കുറ്റമേൽക്കാൻ വന്നവർ സത്യം തുറന്നു പറഞ്ഞു.

തങ്ങൾക്ക് കിട്ടിയ ഓഫറും വിവരിച്ചു. അഭിഭാഷകൻ പറഞ്ഞു പഠിപ്പിച്ചതാണെന്നും അറിയിച്ചു. ഈ നാടകം പാളിയതിന് പിന്നായെ പ്രത്യേക സംഘം ജോസ് കരിക്കിനേത്തിനെ അറസ്റ്റ് ചെയ്തു. ഇതോടെ ചങ്ങനാശേരിക്കാരൻ ബന്ധു കൊടുത്ത 10 ലക്ഷം വെള്ളത്തിലായി. എന്തായാലും ആൾ അകത്തായി. കാര്യം നടക്കാത്ത സ്ഥിതിക്ക് പണം തിരികെ ചോദിക്കാമെന്ന് ബന്ധുവും കരുതി. അങ്ങനെ പത്തനംതിട്ടയിലെത്തി പൊലീസുദ്യോഗസ്ഥനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം തന്നതിന്റെ ഉദ്ദേശ്യം നടക്കാത്ത സാഹചര്യത്തിൽ തിരികെ വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥൻ കൈമലർത്തി. താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. പുതിയ സംഘം വന്നത് തന്റെ കുഴപ്പമല്ല. മാത്രവുമല്ല, ആ പണം കിട്ടിയപ്പോൾ തന്നെ ചെലവാകുകയും ചെയ്തു. ഇനി തരാൻ നിവൃത്തിയില്ല

10 ലക്ഷം പോയതിന്റെ വിഷമത്തിൽ ചങ്ങനാശേരിക്കാരന് തിരികെ മടങ്ങേണ്ടിയും വന്നു.കഥ ഇവിടെ തീരുന്നില്ല. പണം പോയ ചങ്ങാതി കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവായ തിരുവല്ലക്കാരനെ വിളിച്ചു. കാര്യം മുഴുവൻ പറഞ്ഞു. ഇരിക്കുന്നത് കേന്ദ്രത്തിലാണെങ്കിലും പത്തനംതിട്ട ജില്ലയിലെ പൊലീസുകാരുടെ സ്ഥലം മാറ്റം മുഴുവൻ നിയന്ത്രിച്ചിരുന്നത് ഈ നേതാവായിരുന്നു. ഡിവൈഎസ്‌പി 10 ലക്ഷം വാങ്ങിയിട്ടും ജോസിനെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചങ്ങനാശേരിക്കാരന്റെ പരാതി. ഏതു ഡിവൈഎസ്‌പിയെന്ന് ചങ്ങനാശേരിക്കാരൻ പറഞ്ഞിരുന്നില്ല. നേതാവ് വിചാരിച്ചത് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഡിവൈഎസ്‌പിയാണെന്നായിരുന്നു.
പത്തനംതിട്ട ഡിസിആർബി ഡിവൈഎസ്‌പിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എൻ രാജേഷ്. പിറ്റേന്ന് തന്നെ രാജേഷിനെ എറണാകുളം ക്രൈംബ്രാഞ്ചിലേക്ക് അടിച്ചു. വിവരം അറിഞ്ഞ് പൊലീസിൽ നിന്നുള്ള സ്നേഹപ്പാര വീണ്ടും നേതാവിന് അടുത്തെത്തി. രാജേഷിന്റെ ഭാര്യ വീട് ആലുവയിലാണ്. എറണാകുളത്തേക്ക് അടിച്ചാൽ അതയാൾക്ക് ഗുണകരമാകും. എറണാകുളത്ത് ചെന്ന് ഇറങ്ങുന്നതിന് മുൻപ് രാജേഷിന് അടുത്ത ഓർഡർ എത്തി. വയനാട് ഡിസിആർബിയിലേക്ക്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച പത്തനംതിട്ട എസ്‌പി പുട്ട വിമലാദിത്യയെയും വെറുതേ വിട്ടില്ല. അദ്ദേഹത്തെയും വയനാട്ടിലേക്ക് അയച്ചു. നക്സൽ വേട്ടയ്ക്ക് മേൽനോട്ടം വഹിക്കാൻ.

കരിക്കിനേത്ത് മുതലാളിയുടെ കാശിന് കോൺഗ്രസുകാർ ഇത്രയും ചെയ്തു കൊടുത്തു. സിപിഎമ്മാകട്ടെ മിണ്ടയില്ല. ദേശാഭിമാനിയുടെ ലോക്കൽ പേജിൽ ഒറ്റക്കോളം അഞ്ചു സെ.മീറ്റർ വാർത്തയിൽ കരിക്കിനേത്തുകൊലപാതകം ഒതുങ്ങി.
ഭരണം മാറി സിപിഎം വന്നിട്ടും കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചിന് ആംബുലൻസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിന് ഇന്നലെ കോടതിയിൽ കുറ്റപത്രം നൽകി. പ്രതി നൗഫലിനെ കസ്റ്റഡി വിചാരണ ചെയ്യും. ഇതേ പോലെ കൊടുത്ത കുറ്റപത്രമാണ് കരിക്കിനേത്ത് കേസിലേതും. ഏഴു വർഷത്തിന് ശേഷവും വിളിച്ചിട്ടില്ല. കോടതിയിൽ കേസ് വിളിക്കേണ്ടത് ജഡ്ജിമാരല്ല. അതിനായി കോടതിയിൽ ഓഫീസുണ്ട്. അവിടെയാണ് അട്ടിമറി നടന്നിരിക്കുന്നത്. ഈ കേസിന്റെ അവസ്ഥ എന്തായെന്ന് പ്രോസിക്യൂഷനും തിരക്കുന്നില്ല. ഓരോ രാഷ്ട്രീയ പാർട്ടികളുടെ നോമിനികളാണ് പ്രോസിക്യൂട്ടർമാരായി പ്രവർത്തിക്കുന്നത്. പാർട്ടിയിൽ നിന്ന് നിർദ്ദേശം വന്നാൽ അവർക്ക് മിണ്ടാതിരിക്കേണ്ടിയും വരും.

ക്രൂരമായി കൊല്ലപ്പെട്ട കാഷ്യർ ബിജു പി ജോസഫിന് വേണ്ടി നിയമപോരാട്ടം നയിക്കാൻ ആരുമില്ല. സ്വന്തം ഭാര്യ പോലും നീതി ആവശ്യപ്പെട്ട് വരുന്നില്ല. രണ്ടു സഹോദരന്മാർ മാത്രം രംഗത്തുണ്ടായിരുന്നു. അവർക്ക് പക്ഷേ പണമില്ല. ഇതു കാരണം പണക്കാരനായ കരിക്കിനേത്ത് മുതലാളിയെ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല. കരിക്കിനേത്ത് മുതലാളി ഇനിയും വിലസും. അല്ലെങ്കിൽ വിലസാൻ ഇവിടുത്തെ രാഷ്ട്രീയക്കാരും നിയമസംവിധാനവും അനുവദിക്കും. വളരെ തെറ്റായ ഒരു സാമൂഹിക സന്ദേശമാണ് ഇത്തരം നടപടികൾ നൽകുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP