Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണ്ണക്കടത്തിലെ 'സൂപ്പർ വില്ലൻ' ഒടുവിൽ പുറത്തേക്ക്! നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ 'കിങ്പിൻ' കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്; സ്വപ്‌നയുടെ സഹായത്തോടെ കടത്തിയ 80 കിലോ സ്വർണം വിൽക്കാൻ കെ ടി റമീസിനെ സഹായിച്ചതുകൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലർ; ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് റമീസ് തന്നെ; കസ്റ്റംസ് റെയ്ഡിൽ ഡിജിറ്റൽ രേഖകളും കണ്ടെത്തി; യുഎഇ വഴി എത്തുന്ന സ്വർണം എത്തിച്ചേരുന്നത് സ്വർണക്കടത്തു കേന്ദ്രമായ കൊടുവള്ളിയിലേക്ക്

സ്വർണ്ണക്കടത്തിലെ 'സൂപ്പർ വില്ലൻ' ഒടുവിൽ പുറത്തേക്ക്! നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ 'കിങ്പിൻ' കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്; സ്വപ്‌നയുടെ സഹായത്തോടെ കടത്തിയ 80 കിലോ സ്വർണം വിൽക്കാൻ കെ ടി റമീസിനെ സഹായിച്ചതുകൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലർ; ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് റമീസ് തന്നെ; കസ്റ്റംസ് റെയ്ഡിൽ ഡിജിറ്റൽ രേഖകളും കണ്ടെത്തി; യുഎഇ വഴി എത്തുന്ന സ്വർണം എത്തിച്ചേരുന്നത് സ്വർണക്കടത്തു കേന്ദ്രമായ കൊടുവള്ളിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ സൂപ്പർ വില്ലൻ ഒടുവിൽ പുറത്തേക്ക്. സ്വർണം കടത്തിനായി വൻ നിക്ഷേപം നടത്തിയ കൊടുവള്ളിയിലെ ഇടതു കൗൺസിലർ കാരാട്ട് ഫൈസലാണെന്ന നിഗമനത്തിലേക്കാണ് കസ്റ്റംസ് എത്തിച്ചേർന്നിരിക്കുന്നത്. യുഎഇയിൽ നിന്നും നയതന്ത്ര ചാനൽ വഴി കടത്തികൊണ്ടുവന്ന സ്വർണം എത്തിയിരുന്നത് സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി തന്നെ അറിയപ്പെടുന്ന കൊടുവള്ളിയിലേക്കാണെന്ന വിവരം കൂടിയാണ് ഇതോടെ പുറത്തുവരുന്നത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള കാരാട്ട് ഫൈസലിനെ ഇതോടെ വിശദമായ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

നേരത്തെ സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ കെ ടി റമീസിന്റെ മൊഴിയാണ് ഫൈസലിലേക്ക് വഴി തുറന്നത്. സ്വർണക്കടത്തിലെ കിങ് പിൻ എന്നാണ് കസ്റ്റംസ് കാരാട്ട് ഫൈസലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നയതന്ത്രചാനൽ വഴി ആദ്യം കടത്തിയ 80 കിലോ സ്വർണം വിൽക്കാൻ സഹായിച്ചതുകൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലറായ കാരാട്ട് ഫൈസലായിരുന്നു. കൊടുവള്ളിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

കാരാട്ട് ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിൽ ഇന്നു പുലർച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. റെയ്ഡിൽ ചില ഡിജിറ്റൽ രേഖകളും മൊബൈൽ സന്ദേശങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ആദ്യഘട്ടത്തിൽ വന്ന 80 കിലോ സ്വർണം തൃശിനാപ്പള്ളി അടക്കമുള്ള സ്ഥലങ്ങളിൽ വിൽക്കാൻ ശ്രമിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനി എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് വൃത്തങ്ങൾ സൂചനകൾ നൽകുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി. ഈ കേസിൽ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവള്ളി. 30 കിലോയാണ് നിലവിലെ കേസിന് ആധാരമായി പറയുന്നതെങ്കിൽ ഏകദേശം 400 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി പ്രതികൾ ഇതിനകം കടത്തിയിട്ടുണ്ടെന്ന സൂചനയുമുണ്ട്.

ഉച്ചയോടെ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്തിക്കുന്ന കാരാട്ട് ഫൈസലിനെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. കാരാട്ട് റസാഖ് എംഎൽഎയുടെ ബന്ധുവാണ് കാരാട്ട് ഫൈസൽ. ഇടത് സ്വതന്ത്രനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27ാം വാർഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ഫൈസലിനെ മുമ്പ് ഡിആർഐ പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തുകയും ചെയ്തിരുന്നു.

കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗൺസിലറാണ് കാരാട്ട് ഫൈസൽ. വ്യവസായി കൂടിയായ കാരാട്ട് ഫൈസൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായിരുന്നു. നേരത്തെ ഇദ്ദേഹം വിവാദ നായകനായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുമ്പു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാർ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം. സ്വർണ്ണക്കടത്തു കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസൽ. കൊടുവള്ളി കേന്ദ്രീകരിച്ചു നടത്തുന്ന സ്വർണ്ണക്കടത്തു സംഘങ്ങളിലെ പ്രധാനിയാണ് കാരാട്ട് ഫൈസൽ എന്ന ആരോപണങ്ങളും ശക്തമായിരുന്നു.

കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ ഈ പാർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായും അടുത്ത ബന്ധമാണ് ഉള്ളത്. കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ കൊടുവള്ളിയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ഡിആർഐ അന്വേഷിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയിൽ ഏഴാമാനായിരുന്നു ഫൈസൽ. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആർഐ പ്രതി ചേർത്തത്. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസായിരുന്നു.

2013 നവംബർ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വർണം ഡിആർഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപ്പള്ളി സ്വദേശിനി എയർഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്‌റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്നു 2014 മാർച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആർഐ പിടികൂടി.

ഫൈസലിനെ ഡിആർഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ഡിആർഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP