Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിച്ചിരിക്കുന്ന ആളെ കൊണ്ട് കേസ് കൊടുപ്പിച്ച് ഭൂമി വീതം വയ്‌പ്പിച്ചത് ആദ്യ ചതി; മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയുടെ ഭൂമി വിറ്റ് പണം തട്ടിയെടുത്തതിന് പിന്നിൽ രണ്ടാമത്തെ കുബുദ്ധി; ജോലിക്കാരിയേയും സുഹൃത്തിനേയും കൂട്ടി വിൽപത്രം തയ്യാറാക്കിയതും തട്ടിപ്പെന്ന് ആരോപണം; സ്വത്ത് തട്ടിപ്പു കേസിൽ ബന്ധുവായ മുൻ കളക്ടറും പ്രതി; കൊലക്കേസ് എടുക്കാൻ ഫോറൻസിക് ഫലം കിട്ടുവരെ ക്രൈംബ്രാഞ്ച് കാത്തിരിക്കും; കൂടത്തായിക്ക് പിന്നാലെ കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹത നീക്കാൻ കേരളാ പൊലീസ്

ജീവിച്ചിരിക്കുന്ന ആളെ കൊണ്ട് കേസ് കൊടുപ്പിച്ച് ഭൂമി വീതം വയ്‌പ്പിച്ചത് ആദ്യ ചതി; മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയുടെ ഭൂമി വിറ്റ് പണം തട്ടിയെടുത്തതിന് പിന്നിൽ രണ്ടാമത്തെ കുബുദ്ധി; ജോലിക്കാരിയേയും സുഹൃത്തിനേയും കൂട്ടി വിൽപത്രം തയ്യാറാക്കിയതും തട്ടിപ്പെന്ന് ആരോപണം; സ്വത്ത് തട്ടിപ്പു കേസിൽ ബന്ധുവായ മുൻ കളക്ടറും പ്രതി; കൊലക്കേസ് എടുക്കാൻ ഫോറൻസിക് ഫലം കിട്ടുവരെ ക്രൈംബ്രാഞ്ച് കാത്തിരിക്കും; കൂടത്തായിക്ക് പിന്നാലെ കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹത നീക്കാൻ കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്ഐആറിന്റെ പകർപ്പ് പുറത്ത്. ഒക്ടോബർ പതിനേഴിന് രജിസ്റ്റർ ചെയ്ത എഫ്ഐആറാണ് പുറത്തുവന്നത്. കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മുൻ ജില്ലാ കളക്ടറും മരിച്ച ഗോപിനാഥൻ നായരുടെ ബന്ധുവുമായ മോഹൻദാസ് പത്താം പ്രതിയാണ്. ഗൂഢാലോചന. സാമ്പത്തിക തട്ടിപ്പ്, ഭീഷണി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിന് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തതായി എഫ്ഐആറിൽ പറയുന്നു. എന്നാൽ മരണത്തിലെ ദുരൂഹതയെ കുറിച്ച് എഫ്ഐആറിൽ പരാമർശിക്കുന്നില്ല.

വിൽപത്രത്തിനു പുറമെ ജയമാധവൻ ജീവിച്ചിരിക്കെ ഭൂമി വിറ്റ് പണം കൈക്കിലാക്കിയെന്നും പൊലീസ് അറിയിച്ചു. കൂടത്തിൽ കുടുംബാംഗമായ പ്രസന്നകുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വത്ത് തട്ടിപ്പു മാത്രം കേന്ദ്രീകരിച്ചാണ് കരമന പൊലീസ് എഫ്‌ഐആറിട്ടിരിക്കുന്നത്. ജയമാധവൻ നായരുടെ അധീനതയിലുണ്ടായിരുന്ന കോടികളുടെ ഭൂമിയും വീടും തട്ടിയെടുത്തതു മൂന്നുതരത്തിലാണെന്നാണ് റിപ്പോർട്ട്. ഏറ്റവും ആദ്യം ജയമാധവൻ നായർ ജീവിച്ചിരിക്കെ, ബന്ധുവായ പ്രകാശും സഹായികളായ രവീന്ദ്രൻ നായരും സഹദേവനും ചേർന്ന് ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ജയമാധവൻ നായരെയും ബന്ധുക്കളെയും കൊണ്ട് കോടതിയിൽ കേസ് കൊടുപ്പിച്ചു.

ഒടുവിൽ കേസ് ഒത്തുതീർപ്പാക്കിയതിലൂടെ രക്തബന്ധമില്ലാത്ത രവീന്ദ്രൻ നായരും സഹദേവനും ഉൾപ്പടെയുള്ളവർ ഭൂമി വീതിച്ചെടുത്തു. രണ്ടാമതായി ജയമാധവൻ നായരുടെ കൈവശമുള്ള ഭൂമി വിറ്റ് ആ പണം രവീന്ദ്രൻ നായർ കൈക്കലാക്കി. മൂന്നാമതായി രവീന്ദ്രൻ നായരും സുഹൃത്ത് അനിൽകുമാറും വീട്ടുജോലിക്കാരിയായ ലീലയും ചേർന്ന് ഗൂഢാലോചന നടത്തി വിൽപത്രം തയാറാക്കിയും ഭൂമിയും വീടും തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. പ്രതികളിൽ ജയമാധവന്റെ ചില ബന്ധുക്കളുമുണ്ട്. വസ്തു തട്ടിപ്പിന് അപ്പുറം മരണത്തിലെ ദുരൂഹതയേക്കുറിച്ചൊന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നില്ല. മരണം സ്വാഭാവികമല്ലെന്ന് തെളിയിക്കാൻ കൈയിൽ ഒന്നുമില്ലാത്തതു കൊണ്ടാണ് ഇത്.

അതേസമയം, മരിച്ച ജയപ്രകാശിന്റെ ചികിത്സാ രേഖ പുറത്തു വന്നു. പക്ഷാഘാതവും ന്യുമോണിയയുമാണ് മരണകാരണമെന്ന് ചികിത്സാ രേഖയിൽ പറയുന്നു. യഥാർത്ഥ മരണ കാരണം കണ്ടെത്തിയിട്ടുമില്ല. ജയപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത് കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. ആശുപത്രിയിൽവച്ച് മരിച്ചിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല. 2012 സെപ്റ്റംബർ 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജയപ്രകാശ് മരിച്ചത്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്‌ഐആറിൽ പരാമർശമില്ല.

നിലവിൽ തിരുവനന്തപുരം ക്രൈം ഡിസിപി മുഹമ്മദ് ആരിഫിനാണ് കേസിന്റെ അന്വേഷണ ചുമതല. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടത്തിൽ തറവാട്ടിലെ സ്വത്തുകൾ സംബന്ധിച്ച രേഖകൾക്കായി രജിസ്ട്രാർക്കും റവന്യൂ വകുപ്പിനും നോട്ടീസ് നൽകും. ജയമാധവൻ നായരുടെ ആന്തരിക പരിശോധനകൾക്കായി ഫോറൻസിക് സയൻസ് ലാബിന് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ജയമാധവൻ നായരുടെ മരണകാരണം കണ്ടെത്താനായില്ലെന്നും ഇതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നുമായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. അതേസമയം ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട് ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് ശിപാർശ നൽകിയിരുന്നു. സംഭവത്തിൽ ദുരൂഹത വർധിച്ച സാഹചര്യത്തിൽ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറാനും ആലോചനകൾ നടക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് സ്വത്ത് തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തിട്ടുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവൻനായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രൻ നായർക്കാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വിൽപ്പത്രത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശുപാർശ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രൻനായരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ശശിധരൻപിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടതായും രവീന്ദ്രൻനായർ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ക്രൈംബ്രാഞ്ച് തനിക്കെതിേര റിപ്പോർട്ട് നൽകിയതെന്ന് രവീന്ദ്രൻനായർ പറയുന്നു. ഈ പരാതിയും പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും.

ഇതിനിടെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകൻ സുനിൽ രംഗത്തെത്തിയിട്ടുണ്ട്. മരണം സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും സുനിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP