Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തിൽ കുടുംബത്തിൽ മരിച്ചവർക്കെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ്; എല്ലാവരേയും കണ്ടെത്തിയത് പെട്ടെന്ന് ഒരു നാൾ മരിച്ചു കിടക്കുന്ന രീതിയിൽ; സ്വത്തുക്കൾ ഉപയോഗിക്കുന്നത് കുടുംബവുമായി രക്തബന്ധം ഇല്ലാത്തവർ; വ്യാജ ഒസ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് കുടുംബാംഗങ്ങളുടെ മരണശേഷവും; കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെ പോലും വീട്ടിലേക്ക് അടുപ്പിച്ചില്ലെന്നും ആക്ഷേപം; കരമനയിലെ മരണങ്ങൾ ദുരൂഹമാകുന്നത് സ്വത്തു കേസുമായി ബന്ധപ്പെട്ട്

കൂടത്തിൽ കുടുംബത്തിൽ മരിച്ചവർക്കെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ്; എല്ലാവരേയും കണ്ടെത്തിയത് പെട്ടെന്ന് ഒരു നാൾ മരിച്ചു കിടക്കുന്ന രീതിയിൽ; സ്വത്തുക്കൾ ഉപയോഗിക്കുന്നത് കുടുംബവുമായി രക്തബന്ധം ഇല്ലാത്തവർ; വ്യാജ ഒസ്യത്ത് ഉണ്ടാക്കിയിരിക്കുന്നത് കുടുംബാംഗങ്ങളുടെ മരണശേഷവും; കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെ പോലും വീട്ടിലേക്ക് അടുപ്പിച്ചില്ലെന്നും ആക്ഷേപം; കരമനയിലെ മരണങ്ങൾ ദുരൂഹമാകുന്നത് സ്വത്തു കേസുമായി ബന്ധപ്പെട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തെ ദൂരൂഹമാക്കുന്നതിൽ പ്രധാന ഘടകം സ്വത്താണ്. തിരുവനന്തപുരം നഗരത്തിൽ പലയിടങ്ങളിലായാണ് ഈ കുടുംബത്തിന്റെ സ്വത്തുക്കൾ ചിതറിക്കിടക്കുന്നത്. മാത്രമല്ല, മാനസികമായി പ്രശ്‌നമുണ്ടായിരുന്നവരാണ് പലപ്പോഴായി മരിച്ചത് എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. മരിച്ചവരെല്ലാം മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരായിരുന്നെന്ന് പൊലീസ് പറയുന്നു. ഇവരുടെ മരണശേഷം സ്വത്തുക്കൾ കുടുംബവുമായി ബന്ധമില്ലാത്തവരിലേക്ക് എത്തിയതാണ് മരണം ഉൾപ്പെടെയുള്ള ദുരൂഹതയിലേക്ക് കേസ് എത്താൻ കാരണമായിരിക്കുന്നത്.

കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാമെന്നും ഇവരുടെ സ്വത്തുക്കൾ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്ത വീട്ടിൽ ജോലിക്ക് നിന്നവരാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നുമാണ് പരാതിയിൽ പറഞ്ഞിരിട്ടുന്നത്. കുടുംബത്തിലെ അംഗങ്ങളായ പ്രസന്നകുമാരിയും അനിൽകുമാറും പൊലീസിനും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. മരണങ്ങൾ 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകങ്ങളാണ് ഇവിടെ നടന്നതെന്നാണ് ആരോപണം. കുടുംബത്തിലെ കാര്യസ്ഥന് നേരെയാണ് സംശയം ഉയരുന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെ പോലും ഈ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. അതേസമയം ഇവരുടെ സ്വത്തുക്കളെല്ലാം പലഭാഗത്തായിട്ടാണ് ചിതറിക്കിടക്കുന്നത്. കരമന സ്റ്റേഷന് കീഴിൽ എട്ട് സെന്റ് സ്ഥലം മാത്രമാണുള്ളത്.

ബാക്കി സ്ഥലങ്ങളെല്ലാം ഫോർട്ട് പരിസരത്തെല്ലാമാണ്. കാലടിയിൽ 6.17 ഏക്കർ സ്ഥലം അടക്കം 200 കോടിയുടെ സ്വത്തുക്കളുണ്ട്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകൻ ജയൻ മാധവൻ എന്നിവരാണ് മരിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന ഇവർ മരണപ്പെട്ട് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. 2003 ന് ശേഷമായിരുന്നു മരണങ്ങൾ. ഏഴു പേരുടെയും മരണത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം നടന്നിരിക്കുന്നത്. മരണങ്ങളിലൊന്നും പോസ്റ്റുമാർട്ടം നടന്നിരുന്നില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 2017 ൽ ആയിരുന്നു ജയന്മാധവന്റെ മരണം. കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിലാണ് കരമനയിലും മരണങ്ങൾ അന്വേഷണം നടത്തുന്നത്.

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ കരമന പൊലീസ് കേസെടുത്തിരുന്നു. ജില്ലാക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ കേസെടുത്തത് കരമന പൊലീസ് ആയിരുന്നു. സ്വത്ത് തട്ടാൻ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് കിട്ടിയവരിൽ ഒരാൾ വീട്ടിൽ വേലയ്ക്ക് നിന്ന സ്ത്രീയുടെ മകനാണ്. ജയൻ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞിട്ടുണ്ട്. കരമനയിലെ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്ര അറിയിച്ചു. അതേസമയം കൂടത്തായി മരണത്തോട് ഇതിനെ സാമ്യപ്പെടുത്തേണ്ടെന്നും പൊലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.

നാട്ടുകാരനും പൊതുപ്രവർത്തകനുമായ അനിൽകുമാർ 2018 ജൂണിലും മരിച്ചവരിലൊരാളായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി 3 മാസം മുൻപും മുഖ്യമന്ത്രിക്കു നൽകിയ പരാതികളിലാണ് അന്വേഷണം. ബന്ധുക്കൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കെതിരെയാണു പ്രസന്നകുമാരി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഈ പരാതിയിൽ കാര്യമായി അന്വേഷണം മുന്നോട്ടു പോയില്ല.

ജയമാധവനാണ് അവസാനം മരിച്ചത് 2017 ഏപ്രിൽ രണ്ടിനു കട്ടിളപ്പടിയിൽ തട്ടിവീണുള്ള മരണത്തിൽ ദൂരൂഹത സംശയിച്ചു പോസ്റ്റ്‌മോർട്ടം നടത്തുകയും കരമന പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയിലെ വിൽപത്രത്തിൽ, ജയമാധവൻ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും മകന്റെയും പേരിൽ സ്വത്ത് കൈമാറുന്നതായാണു പറയുന്നത്. ഇതു പിന്നീടു പോക്കുവരവ് ചെയ്തു. അനിൽകുമാറിന്റെ പരാതിയിൽ കരമന പൊലീസും സ്‌പെഷൽ ബ്രാഞ്ചും ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു.

മരണങ്ങളിൽ ദൂരൂഹതയുണ്ടെന്നും സ്വത്ത് തട്ടിയെന്നു സംശയിക്കാമെന്നുമാണ് 2018 സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയത്. വിൽപത്രം വ്യാജമാണെന്ന സംശയത്തിൽ കേസെടുത്ത് അന്വേഷണവും നടക്കുന്നു. ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയമുന്നയിക്കുന്നത് ജയമാധവൻ (2017), ജയപ്രകാശ് (2012), ജയബാലകൃഷ്ണൻ (2002) എന്നിവരുടെ മരണങ്ങളിലാണ്. ജയപ്രകാശിന്റെയും ജയബാലകൃഷ്ണന്റെയും സഹോദരി ജയശ്രീയെ 1991ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂവരും വിവാഹം കഴിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP