Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്‌ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ

തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്‌ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ വ്യാഴാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. അതേസമയം പെട്രോൾ കുപ്പികൾ കാറിൽ ഉണ്ടായിരുന്നെന്ന വാർത്തകൾ പുറത്തുവന്നത് മാധ്യമങ്ങൾ പിൻവലിച്ചു.

പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് വാർത്ത ശരിയല്ലെന്ന് ഫൊറന്‌സികും വ്യക്തമാക്കി. ഇത്തരം വാർത്തകൾ വേദനാജനകമാണെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും പറഞ്ഞു. 'രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല. പെട്രോൾ എന്തിന് കുപ്പിയിൽ നിറച്ച് കാറിൽ വെക്കണം. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ട്. വീട്ടിനടുത്തുമുണ്ട് പമ്പ്'-മരിച്ച റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു.

വ്യാഴാഴ്ചത്തെ ദുരന്തത്തെക്കുറിച്ചും വിശ്വനാഥൻ ഓർത്തെടുത്തു. 'അഗ്‌നിരക്ഷാസേനാ ഓഫീസിന് മുന്നിലെത്തിയപ്പോൾ കാറിൽ എന്തോ കരിഞ്ഞമണമുയർന്നു. പെട്ടെന്ന് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന് തീ ഉയർന്നു. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിലിരുന്ന ഞങ്ങൾ ഒരുവിധം ചാടിയിറങ്ങുമ്പോഴേക്കും കാറിൽ തീപടർന്നിരുന്നു. മുന്നിലിരുന്ന രണ്ടുപേർക്കും ഇറങ്ങാൻ സാധിച്ചില്ല. എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്നുകൊടുക്കാൻ ഞങ്ങൾക്കും സാധിച്ചില്ല.'

പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂർണമായും കത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളെ ബാധിച്ചില്ല. റീഷയുടെ വയറ്റിൽ പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേർപെടുത്താതെ അമ്മയോട് ചേർത്തുതന്നെയാണ് സംസ്‌കരിച്ചത്. കുടുംബത്തിന്റെ അഭിപ്രായം ഇക്കാര്യത്തിൽ ജില്ലാ ആശുപത്രി അധികൃതർ ആരാഞ്ഞിരുന്നു. പൊലീസ് സർജൻ അഗസ്റ്റസ് ജോസഫിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

അതേസമയം പെട്രോൾ ചോർച്ച ഉണ്ടായിരിക്കാമെന്ന വിധത്തിലുള്ള ചർച്ചകളും പലവഴിക്ക് നടക്കുന്നുണ്ട്. കാറുകളിലെ റബ്ബർപൈപ്പ് തുരന്ന് പെട്രോൾ ചോർച്ചയുണ്ടാക്കുന്നത് 2018-ലെ പ്രളയശേഷം കൂട്ടത്തോടെ എത്തിയ വണ്ടുകൾ ഉണ്ടെന്നും അതാണോ എന്ന വിധത്തിലുള്ള സംശയങ്ങളിലേക്ക് അടക്കം ചർച്ചകൾ നടക്കുന്നുണ്ട്. സ്‌കോളിറ്റിഡേ കുടുംബത്തിൽപെട്ട സൈലോസാൻഡ്രസ് സ്പീഷീസ് ആണ് ഇവ. വെള്ളായനി കാർഷിക സർവകലാശാലയിലെ ടാക്സോണമിസ്റ്റ് ഡോ. കെ.ഡി. പ്രതാപന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. മരം, റബ്ബർ, സ്റ്റീൽ തുടങ്ങിയവ ഇത് തുരക്കും. മൂന്നുമാസത്തിനിടയിൽ നൂറുകണക്കിന് കാറുകളിലാണ് പെട്രോൾച്ചോർച്ച ഉണ്ടായത്.

കാലിക്കടവ് ആണൂരിൽ വർക്ഷോപ്പ് നടത്തുന്ന മെക്കാനിക് കെ. പവിത്രൻ പൈപ്പിൽനിന്ന് വണ്ടിനെ ശേഖരിച്ചിരുന്നു. പടന്നക്കാട് കാർഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറും സംഘവും വെള്ളായനി സർവകലാശാലയിലേക്ക് വിദഗ്ധപഠനത്തിന് അയച്ചു. 2018 ജൂലായ്-ഓഗസ്റ്റ് മാസത്തിൽ ഉത്തരകേരളത്തിൽ മരങ്ങൾ വ്യാപകമായി ഉണങ്ങിനശിച്ചിരുന്നു. തുടർന്ന് വെള്ളായനി കാർഷിക സർവകലാശാല എന്റമോളജിവിഭാഗം 2018 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിൽ ചാപ്പൻതോട്ടം സന്ദർശിച്ചു.

ജാതി, കരയാമ്പു, മഹാഗണി, ആര്യവേപ്പ്, സപ്പോട്ട തുടങ്ങിയവ കീടം ആക്രമിച്ചു നശിപ്പിച്ചതായി കണ്ടെത്തി. ഈ കീടങ്ങൾ സൈലോസാൻഡ്രസ് സ്പീഷീസ് വിഭാഗത്തിൽ പെട്ട വണ്ടുകളാണെന്ന് തായ്ലാൻഡിലെ ഡോ. റോഗർ ബീവർ, ചിഹാ മായി എന്നിവർ സ്ഥിരീകരിച്ചു. പഠനം ഇന്ത്യൻ സൊസൈറ്റി ഫോർ സ്പൈസസിന്റെ ജേണലിൽ 2018 ഡിസംബറിൽ പ്രസിദ്ധീകരിച്ചു.

കാറുകളിലെ പൈപ്പ് തുരക്കുന്ന വണ്ടും 2018-ലെ പ്രളയത്തിനുശേഷം കൂട്ടത്തോടെ വന്ന വണ്ടുകളും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി ഡോ. കെ.ഡി. പ്രതാപൻ പറഞ്ഞു. 2.5 മില്ലിമീറ്റർ താഴെ മാത്രം വലുപ്പം. വായഭാഗത്ത് കട്ടികൂടിയ ഭാഗമുണ്ട്. മരം, ഹാർഡ് വുഡ്, റബ്ബർ എന്നിവ തുരക്കും. ചില ലോഹങ്ങളും. ചെടികൾ (മരങ്ങൾ) ദുർബലമാകുമ്പോൾ ആൽക്കഹോൾ പുറപ്പെടുവിക്കും. അത് ആകർഷിച്ചാണ് വണ്ടുകൾ വരുന്നതും തുരക്കുന്നതും. പെട്രോളിൽ ഇപ്പോൾ എഥനോൾ ചേർക്കുന്നുണ്ട്. എഥനോൾ ഇതിനെ ആകർഷിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP