Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്

കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്;  ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്

അനീഷ് കുമാർ

കണ്ണൂർ:കണ്ണൂർ നഗരത്തിലെ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാർ കത്തിനശിച്ചതു കാരണം സ്റ്റിയറിങിന്റെ ഭാഗത്തു നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാവുമെന്ന പ്രാഥമിക നിഗമനവുമായി മോട്ടോർ വാഹനവകുപ്പ് അധികൃതർ. സ്റ്റിയറിങ് ഭാഗത്തുള്ള എക്സ്ട്രാ ഫിറ്റിങിസിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണോ അപടക കാരണമെന്നു സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ അറിയിച്ചു.

പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് റോഡിൽ തീപിടിച്ചു കത്തിയമർന്നത്. കണ്ണൂർ ജില്ലാആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ പൂർണഗർഭിണിയായ യുവതിയും ഭർത്താവുമാണ് കൊല്ലപ്പെട്ടത്. കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി റീഷ, ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്.

മരണം മുൻപിൽ കണ്ടിട്ടും ഉറ്റവരെ രക്ഷിച്ച്

കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന റീഷയുടെ മാതാപിതാക്കളും മകളും പിതാവിന്റെ സഹോദരന്റെ ഭാര്യയും പ്രജിത്ത് തീപടരും മുൻപെ ഡോർ തുറന്നു കൊടുത്തതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ മുൻവശത്തെ ഡോർ തീ ആളിപ്പടർന്ന് കത്തിയുരുകിയതിനാലാണ് ദമ്പതികൾക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. തീ ആളിപടർന്നതോടെ ഓടിക്കൂടിയ നാട്ടുകാർക്കും ഫയർഫോഴ്സിനും കാറിന്റെ സമീപത്തേക്ക് എത്താൻ കഴിയാതെ വരികയായിരുന്നു. ദമ്പതികൾ കത്തിയെരിയുന്നത് ഇവർക്ക് നിസഹായമായി നോക്കി നിൽക്കേണ്ടി വന്നു. തീ അണച്ച ശേഷവും കാറിൽ നിന്നും പുക ഉയർന്നതോടെ ഫയർഫോഴ്സ് വീണ്ടും വെള്ളം ചീറ്റിയാണ് തീ അണച്ചത്.

കാറിന്റെ ഡോർ വെട്ടിപൊളിച്ചു അതീവ ഗുരുതരാവസ്ഥയിൽ ദമ്പതികളെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. റീഷ- പ്രജിത്ത് ദമ്പതികളുടെ മകൾ ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, വിശ്വനാഥന്റെ സഹോദര ഭാര്യ സജ്ന, എന്നിവരാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകട വിവരമറിഞ്ഞു കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലെത്തിയിരുന്നു. അപകടത്തെ കുറിച്ചു പൊലിസ് ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണെന്നും ഇതിനു ശേഷംമാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളുവെന്ന്
സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ അറിയിച്ചു.

ഏറെ നാളത്തെ പ്രണയം, രണ്ടാമത്തെ കൺമണിയെത്തും മുൻപെ ദുരന്തം

ഏറെ നാളത്തെ പ്രണയത്തിനു ശേഷം എട്ടുവർഷം മുൻപേ വിവാഹിതരായ പ്രജിത്തും റീഷയും രണ്ടാമത്തെ കൺമണിക്കായി ആറ്റു നോറ്റിരിക്കുമ്പോഴാണ് ഇടിത്തീവീഴും പോലെ ദുരന്തം തേടിയെത്തിയത്. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിയാട്ടൂരിൽ അയൽവാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെയുള്ള അടുപ്പമാണ് പ്രണയത്തിലും വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹത്തിലും കലാശിച്ചത്. നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നതിനായി ജെ.സി..ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതായിരുന്നു പ്രജിത്തിന്റെ തൊഴിൽ. സഹോദരൻ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നല്ലരീതിയിൽ നടത്തിയിരുന്നു.

മൂന്ന് മിനിട്ടു മുൻപ് എത്തിയിരുന്നുവെങ്കിൽ

ജില്ലാ ആശുപത്രിയിലെത്താൻ മൂന്ന് മിനുട്ടു മാത്രം ബാക്കിയുള്ളപ്പോഴാണ് ദമ്പതികളെ തീഗോളം വിഴുങ്ങിയത്. കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവർ നിമിഷങ്ങൾ കിട്ടിയിരുന്നുവെങ്കിൽ ജില്ലാ ആശുപത്രി കാഷ്വലിറ്റിക്കു മുൻപിൽ കാർ നിർത്തി ഇറങ്ങുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പ്രിജിത്ത് ആയിരുന്നു കാർ ഓടിച്ചത്. നീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന പെൺകുട്ടിയടക്കമുള്ള നാലുപേരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മുൻവാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ രണ്ട് പേരേയും പുറത്തിറക്കാനായില്ല. ഏഴുവയസുള്ള മകളുടെയും മാതാപിതാക്കളുടെയും മുൻപിൽ വച്ചാണ് കാറിന്റെ ചില്ലിൽ തുറക്കാനായി കരഞ്ഞു ആർത്തുവിളിച്ചും മരണവെപ്രാളത്തോടെ ആഞ്ഞിടിച്ചു റീഷയും ഭർത്താവും കത്തിയെരിഞ്ഞത്.

വ്യാഴാഴ്‌ച്ച രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റിയാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു ദമ്പതികളും ബന്ധുക്കളും. പത്തേമുക്കാലിനാണ് തീപിടിത്തമുണ്ടായത്. നഗരത്തിലെ പ്ളാസ റോഡിൽ നല്ല ഗതാഗതകുരുക്കുണ്ടായതു കാരണമാണ് ഇവരുടെ വാഹനം വൈകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP