Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ; ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേൽ വായ്പ; കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ കൂടുതൽ ജീവനക്കാർ തട്ടിപ്പിൽ ഉൾപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; സസ്പെൻഷനിലായത് ഒരാൾ മാത്രം; ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ

ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ; ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേൽ വായ്പ; കണ്ണിമല സർവീസ് സഹകരണ ബാങ്കിൽ കൂടുതൽ ജീവനക്കാർ തട്ടിപ്പിൽ ഉൾപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്; സസ്പെൻഷനിലായത് ഒരാൾ മാത്രം; ഡയറക്ടർ ബോർഡിനെ കബളിപ്പിച്ച് തട്ടിയെടുത്തത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു വസ്തു ഈട് വച്ച് നിരവധി വായ്പകൾ എടുത്ത് ജീവനക്കാർ തട്ടിയെടുത്തത് കോടികൾ. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലുള്ള കണ്ണിമല സർവീസ് സഹകരണ ബാങ്കിലാണ് ഒരു വർഷം മുൻപ് സാമ്പത്തിക ്രകമക്കേട് കണ്ടെത്തിയത്. ജീവനക്കാർ അവരുടെ ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്‌പ്പയെടുത്തതോടെ പ്രതിസന്ധിലായി. ഇതുമായി ബന്ധപ്പെട്ട് ഇരുമ്പൂന്നിക്കര ബാങ്ക് മാനേജർ പൊൻകുന്നം സ്വദേശി ഗിരീഷ് പി. ആർ. സസ്പെൻഷനിലായി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല. തട്ടിപ്പ് നടത്തിയ വനിത ജീവനക്കാരി കുറച്ചു തുക തിരിച്ചടച്ച് ഇപ്പോഴും ജോലിയിൽ തുടരുന്നു.

ബന്ധുക്കൾ അറിയാതെ വ്യാജ ഒപ്പിട്ട് വസ്തു ഈടിന്മേലാണ് വായ്പ എടുത്തത്. ഗിരീഷിന്റെ ബന്ധുക്കളെ കക്ഷികളാക്കി വ്യാജ ഒപ്പിട്ട് ഗഹാൻ തയ്യാറാക്കി വായ്‌പ്പയെടുത്തു. എന്നാൽ കോടികളുടെ വായ്‌പ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഓരോരുത്തർക്കും ബാങ്ക് നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പിനിരയായത് അറിയുന്നത്. മെമ്പർഷിപ്പ് പിൻവലിക്കാൻ മുക്കൂട്ടുതറ സ്വദേശിനിയുടെ ഭർത്താവ് എത്തിയപ്പോഴാണ് അവരുടെ പേരിൽ ലോൺ എടുത്തതായി അറിഞ്ഞത്. ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ ലോൺ എടുത്ത അഞ്ച് ലക്ഷം രൂപ മാനേജറുടെ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കണ്ടെത്തി. ഇതിന്മേൽ അന്വേഷണം നടത്തിയപ്പോൾ 2021 ജൂൺ മാസത്തോടെ വ്യാപക തട്ടിപ്പ് പുറത്തു വരികയായിരുന്നു.

ഭാര്യയുടെ പേരിലുള്ള വസ്തു ഈട് വച്ച് വായ്പ എടുത്തത് ഭാര്യ പോലും അറിയാതെയാണ്. ഗഹാൻ എഴുതിയപ്പോൾ കക്ഷി ചേർത്ത ബന്ധുക്കളുടെ വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്. സമാനമായ രീതിയിൽ മുൻ സെക്രട്ടറിമാരായ രണ്ട് പേരും ഒരു ജീവനക്കാരിയും ചേർന്ന് വായ്പ എടുത്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും വിശദമായി അന്വേഷണം നടത്തണമെന്നും ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഗിരീഷിന് പുറമെ മുൻ സെക്രട്ടറിമാരിൽ ഒരാൾ ഒന്നരക്കോടിയും മറ്റൊരു സെക്രട്ടറി 62 ലക്ഷവും ജീവനക്കാരി 93 ലക്ഷവുമാണ് ബന്ധുക്കളുടെ പേരിൽ വസ്തു ഈട് വച്ച് വായ്പയെടുത്തത്.

സംഭവം പുറത്തായതോടെ സഹകരണ വകുപ്പിൽ നിന്നും രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്: അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അധനികൃത വായ്പ, ജി. ഡി. സി. എസ്. ഇടപാടുകളിലൂടെ ബാങ്കിലേയ്ക്ക് വൻ തുകകൾ ഇടാക്കാൻ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത ഇടപാടുകളിൽ ബാങ്കിലെ ഏതാനും ജീവനക്കാർക്കും മുൻ ജീവനക്കാർക്കും പങ്കുള്ളതായും, ഇവരുടെ പേരിലുള്ള വസ്തു ഈട് സ്വീകരിച്ച് മതിയായ വാലുവേഷൻ ഇല്ലാതെ ബന്ധുക്കളുടെ പേരിൽ വായ്പ എടുത്തിരിക്കുന്നുവെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃത ഇടപാടുകൾ നടത്തി ബാങ്കിന് വലിയ ബാധ്യത വരുത്തിയിരിക്കുന്നതായും കണ്ടെത്തി. വായ്പയ്ക്കും, ജി. ഡി. സി. എസിനും ഈടായി സ്വീകരിക്കുന്ന വസ്തുവിന് മതിയായ വാലുവേഷൻ ഇല്ലെന്നും ഈട് വസ്തുവിന്റെ കരം അടച്ച രസീത്, ബാധ്യത സർട്ടിഫിക്കറ്റ്, ലീഗൽ റിപ്പോർട്ട് എന്നിവ ഉള്ളടക്കം ചെയ്യാതെ വായ്പ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയായി റിപ്പോർട്ടിൽ പറയുന്നു. 2021 സെപ്റ്റംബർ 17 ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ ചുമലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിനാണ് ജോയിന്റ് രജിസ്ട്രാർ ഉത്തരവിറക്കിയിരിക്കുന്നത്.

ജീവനക്കാർ ചേർന്ന് ഇത്രയും സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടും വിശദമായ അന്വേഷണം ഇതുവരെയും നടന്നിട്ടില്ലായെന്നാണ് ആരോപണം. ബാങ്കിന്റെ തനതു ഫണ്ടിൽ നിന്നും ഇത്രയും തുക വായ്പ അനുവദിച്ചത് ബാങ്ക് ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചതായാണ് പറയുന്നത്. അനധികൃതമായി ഇത്രയും തുക വായ്പ എടുത്തത് അറിഞ്ഞിട്ടും ഭരണസമിതി പൊലീസിനെ അറിയിക്കാൻ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. അന്വേഷണ വിധേയമായി ജീവനക്കാരനെ സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഈ വിവരം ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുള്ള വ്യവസ്ഥയും പാലിച്ചില്ല. കണ്ണിമല സർവീസ് സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള വസ്തു ഈട് വച്ചാണ് വായ്പ എടുത്തത്. ഇത് ഭരണസമിതിയും സെക്രട്ടറിയും അറിയാതെ എങ്ങനെയെടുക്കുമെന്നും സംശയമുയർന്നു. കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തി കുറ്റക്കാരെ വെളിച്ചത്തു കൊണ്ടു വരുന്നതിനായി വിശദമായ അന്വേഷണം ആവശ്യമാണ്. എന്നാൽ ഇത് തെളിയിക്കുന്നതിനായി കാര്യമായ അന്വേഷണം ഒന്നും പിന്നീടുണ്ടായില്ല.

അതിനിടയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്റെ വസ്തു ജപ്തിചെയ്യുന്നതിന് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുകയാണ്. ഗിരീഷിന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയിരുന്ന വസ്തു ഇരുവരുടെയും പേരിൽ ആക്കി വീട് നിർമ്മിച്ചു. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് ബാങ്ക് നോട്ടീസ് പതിച്ചത്. ഇയാളുടെ ഭാര്യയുടെ പേരിൽ രണ്ടിടങ്ങളിലുള്ള 60 സെന്റ് വസ്തുവാണ് ഈട് നൽകി ഒന്നര കോടിയോളം രൂപ വായ്പ എടുത്തിരിക്കുന്നത്. 125 പവനോളം സ്വർണവും ഈട് നൽകിയിട്ടുണ്ട്. ഗിരീഷിന് കുടുംബപരമായി കിട്ടിയ സ്വത്തും ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതും ഭാര്യ അറിഞ്ഞിരുന്നില്ല. ലോൺ എടുക്കുന്നതിനായാണ് ഇത്തരത്തിൽ ഭാര്യയുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്തത്. ഇവരുടെ പേരിലുള്ള വീട് നിലവിൽ സ്വകാര്യ ബാങ്കിൽ പണയത്തിലിരിക്കുകയാണ്. ഈ വസ്തു ജപ്തി ചെയ്യുന്നതിനാണ് സഹകരണ ബാങ്ക് നോട്ടീസ് പതിച്ചിരിക്കുന്നത്.

സംഭവ ശേഷം ജോലി നഷ്ടമായ ഗിരീഷ് എവിടെയാണെന്ന് ബന്ധുക്കൾക്ക് വിവരമില്ല. തങ്ങളെ കബളിപ്പിച്ചതായി ചൂണ്ടികാട്ടി ഭാര്യ ഇയാൾക്കെതിരെ ഉന്നത പൊലീസ് അധികൃതർക്കും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. ഇതിന്മേൽ അന്വേഷണം ഒന്നും നടത്തിയിട്ടില്ല. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കിലെ വായ്പ തിരിച്ചടവ് മുടക്കിയതിനാൽ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനുള്ള നീക്കത്തിലാണ് ബാങ്ക്. അതിനിടയിൽ ബാങ്കിൽ നടന്ന കുറ്റകൃത്യങ്ങൾക്ക് തങ്ങൾക്ക് പങ്കില്ലെന്ന് അറിയിച്ച് ഗിരീഷിന്റെ ഭാര്യാ സഹോദരിയും ഭർത്താവും പൊലീസിനെ സമീപിച്ചു. എന്നാൽ അവർക്ക് പൊലീസിൽ നിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. പരാതിയുമായി സമീപിച്ചവർക്കെതിരെ പൊലീസ് കേസെടുത്ത് ജയിലിൽ അടയ്ക്കാൻ ശ്രമിച്ചതായി അവർ ആരോപിച്ചു.

ബോർഡംഗങ്ങൾ അറിയാതെ തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാർ അനധികൃത വായ്പകൾ എടുത്തതെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണസമിതി തന്നെ കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച രണ്ട് സെക്രട്ടറിമാരും രണ്ട് ജീവനക്കാരും കുറ്റക്കാരാണ്. ഇവരിൽ നിന്നും കുറച്ചു തുക തിരിച്ചടപ്പിച്ചു. ബാക്കി വസ്തു ഈടായി വാങ്ങിയിട്ടുണ്ട്. അത് ജപ്തിചെയ്ത് ബാങ്കിന് വരുത്തിയ നഷ്ടം ഈടാക്കാനാണ് തീരുമാനം. സെക്രട്ടറിമാരുടെ ആനുകൂല്യം പൂർണമായി നൽകിയിട്ടില്ല. ബോർഡ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാർക്കെതിരെ വകുപ്പ് തലത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP