Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

കന്നട ലഹരിവേട്ടയിൽ നടനും നൃത്ത സംവിധായകനുമായ കിഷോർ അമൻ ഷെട്ടി ഉൾപ്പടെ രണ്ട് പേർ കൂടി അറസ്റ്റിൽ; പൊലീസ് വലയിലായത് മുംബൈയിൽ നിന്ന് ലഹരി ഗുളികൾ എത്തിച്ച് മംഗളൂരുവിൽ വിൽപന നടത്തുന്നതിനിടയിൽ; പൊലീസ് തിരയുന്നത് നടനും മന്ത്രി പുത്രനുമായ കർണാടകയിലെ ഡോണിനെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കന്നട ലഹരിവേട്ടയിൽ കൂടുതൽ അറസറ്റുകൾ. നടനും നൃത്ത സംവിധായകനും അടക്കം മലയാളികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. നടനും നൃത്തസംവിധായകനുമായ കിഷോർ അമൻ ഷെട്ടിയും കൂട്ടാളി അഖീൽ നൗഷീലും ലഹരി ഗുളികകളുമായി മംഗളൂരു പൊലീസിന്റെ പിടിയിലായതോടെയാണ്. ലഹിരി മാഫിയയിൽ കൂടുതൽ താരങ്ങൾ അകത്താകുമെന്ന സൂചന എത്തുന്നത്. മുംബൈയിൽ നിന്നു ലഹരിമരുന്നെത്തിച്ചു മംഗളൂരുവിൽ വിൽപന നടത്തുകയായിരുന്നു ഇരുവരുമെന്നും കന്നഡ, ബോളിവുഡ് സിനിമകളിലെ ലഹരി റാക്കറ്റുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് പറയുന്നത്.

ഡാൻസ് ഇന്ത്യ ഡാൻസ്' എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ കിഷോർ, നൃത്തത്തിനു പ്രാധാന്യമുള്ള എബിസിഡി (എനിബഡി കാൻ ഡാൻസ്) എന്ന ബോളിവുഡ് സിനിമയുടെ ഭാഗമായതോടെയാണു പ്രശസ്തനായത്. ഗൾഫിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന നൗഷീലിന് ഒപ്പം ചേർന്ന്, എളുപ്പത്തിൽ പണമുണ്ടാക്കാനാണു ലഹരി ഇടപാടിലേക്കു തിരിഞ്ഞതെന്നാണു വിവരം. അതിനിടെ, കർണാടക കോൺഗ്രസ് മുൻ എംഎൽഎ ആർ.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോർപറേറ്ററുമായ യുവരാജ്, നടന്മാരായ അകുൽ ബാലാജി, ആര്യൻ സന്തോഷ് എന്നിവരെ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു.

ബെംഗളൂരുവിൽ ലഹരി മരുന്നു വേട്ട ഊർജിതമാക്കിയ പൊലീസ്, മലയാളി ഉൾപ്പെടെ 20 പേരെ വ്യത്യസ്ത കേസുകളിലായി പിടികൂടി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി ബൊവാസ് ഷാജി(27), കാമറൂൺ സ്വദേശി എറിക് അസ്‌റിൻ(25) എന്നിവരാണു ലഹരി ഗുളികകളുമായി അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ തമിഴ്‌നാട്, ആന്ധ്ര സ്വദേശികൾ ഉൾപ്പെടെ 18 പേരെയും പിടികൂടി.
ഹരിമരുന്ന് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയും ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവ എവിടെയാണെന്നു യാതൊരു സൂചനയുമില്ലാതെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ്.

ഹെബ്ബാൾ തടാകത്തോടു ചേർന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുടെ അപാർട്‌മെന്റിലും വച്ചാണ് ലഹരി പാർട്ടികൾ നടത്തിയിരുന്നതെന്ന് കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഫാം ഹൗസിൽ റെയ്ഡ് നടന്നത്.
ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുന്മന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

എക്സ്റ്റസി, മോളി, എക്സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതൽ 2500 വരെ രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സിനിമാ സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളിൽ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടി രാഗിണി ദ്വിവേദി, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, പ്രൊഡക്ഷൻ കമ്പനി ഉടമ വിരേൻ ഖന്ന, സഞ്ജന ഗൽറാണി തുടങ്ങി നിരവധി പ്രമുഖർ അറസ്റ്റിലായത്.മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.

കന്നഡ നടിമാർക്കൊപ്പം കളിക്കാർ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തു വന്നിരുന്നു. സംഭവത്തിൽ ലഹരി ഇടപാടുകൾ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കെതിരെയും നടപടി എടുത്തിരുന്നില്ല. ആദിത്യ ആൽവയുടെയും വിരേൻ ഖന്നയുടെ നേതൃത്വത്തിൽ, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പിൽ കുടുക്കിയതായി വാർത്തകൾ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP