Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ടെലഗ്രാമിൽ ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ ഭീകരപ്രവർത്തനങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞത് സമാന ആശയക്കാർ ചേർന്ന്; ഗ്രൂപ്പിൽ എൻഐഎ ഉദ്യോഗസ്ഥർ കടന്നുകൂടിയത് അംഗങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിക്കൊണ്ട്; പദ്ധതിയിട്ടിരുന്നത് ഹൈക്കോടതി ജഡ്ജിമാരെയും സംഘ്പരിവാർ നേതാക്കളെയും യുക്തി വാദികളെയും വകവരുത്താൻ; കനകമലയിൽ രഹസ്യയോഗം ചേർന്നവർ പിടിയിലാകുമ്പോഴും മുഹമ്മദ് പോളക്കാനി കാണാമറയത്ത്; ജോർജിയയിൽ നിന്ന് എൻഐഎ പോളക്കാനിയെ പിടികൂടിയപ്പോൾ അവസാന പ്രതിയും അകത്ത്

ടെലഗ്രാമിൽ ഗ്രൂപ്പുണ്ടാക്കി കേരളത്തിലെ ഭീകരപ്രവർത്തനങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞത് സമാന ആശയക്കാർ ചേർന്ന്; ഗ്രൂപ്പിൽ എൻഐഎ ഉദ്യോഗസ്ഥർ കടന്നുകൂടിയത് അംഗങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിക്കൊണ്ട്; പദ്ധതിയിട്ടിരുന്നത് ഹൈക്കോടതി ജഡ്ജിമാരെയും സംഘ്പരിവാർ നേതാക്കളെയും യുക്തി വാദികളെയും വകവരുത്താൻ; കനകമലയിൽ രഹസ്യയോഗം ചേർന്നവർ പിടിയിലാകുമ്പോഴും മുഹമ്മദ് പോളക്കാനി കാണാമറയത്ത്; ജോർജിയയിൽ നിന്ന് എൻഐഎ പോളക്കാനിയെ പിടികൂടിയപ്പോൾ അവസാന പ്രതിയും അകത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ. കേസിലെ പ്രധാനപ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനിയാണ് അറസ്റ്റിലായത്. ജോർജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്. അൽ ഖ്വയ്ദ തീവ്രവാദികൾക്കൊപ്പം ഇയാളെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യും.

കണ്ണൂർ പാനൂരിലെ കനകമലയിൽ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എൻഐഎ രജിസ്റ്റർ ചെയ്തത്. ഒമ്പത് പ്രതികളാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്. ഇതിൽ 7 പേർക്ക് ശിക്ഷ വിധിച്ചു. ഒരാളുടെ വിചാരണ ഇപ്പോൾ കൊച്ചിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കേസിലെ അവസാന പ്രതിയും പിടിയിലാകുന്നത്. ഇന്റർപോളിന്റെ സഹായത്തോടെയാണ് ജോർജിയയിൽ നിന്ന് മുഹമ്മദ് പോളക്കാനിയെ കൊണ്ടുവന്നത്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. എഴാം പ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. ഒന്നാംപ്രതി തലശേരി സ്വദേശി മൻസീദിന് 14 വർഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂർ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വർഷം തടവും പിഴയുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി മൻസീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതി ബോംബ് ഉണ്ടാക്കാനും സ്‌ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം വ്യത്യസ്തമാണെന്നുമാണ് കോടതി വിലയിരുത്തിയത്.

കനകമല ഭീകരാക്രമണ ഗൂഢാലോചനക്കേസിൽ വിചാരണക്കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങളാണ്. കുറ്റക്കാരായ യുവാക്കൾ മരണത്തിന്റെ വ്യാപാരികളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഒത്തുകൂടിയതു ഹൃദയം നടുക്കുന്ന അനുഭവമാണെന്നു വിചാരണക്കോടതി ജഡ്ജി പി.കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയ്ക്കും സർഗവൃത്തിക്കും പേരുകേട്ട ഈ നാട്ടിലെ യുവാക്കൾത്തന്നെ ഇത്തരം വഴിതെറ്റിയ ചിന്തകളുടെ പിന്നാലെ നീങ്ങിയതു വേദനിപ്പിക്കുന്നു. ലോകത്തെ ശുചീകരിക്കുന്നതു സൂര്യപ്രകാശമാണെന്നു പറയപ്പെടുന്നുണ്ട്. ആ സൂര്യപ്രകാശം ഈ യുവാക്കളുടെ മനസ്സിൽ നേർബുദ്ധി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം. ആയിരക്കണക്കിനു നൂറ്റാണ്ടുകളുടെ പാരമ്പര്യം മനുഷ്യകുലത്തിനുണ്ട്. എന്നാൽ ജാതിയും മതവും വന്നിട്ടു വർഷങ്ങളെ ആയിട്ടുള്ളൂവെന്ന് ഇവർക്കു തിരിച്ചറിയാൻ കഴിയട്ടെ. പ്രതികളുടെ ശിക്ഷാവിധി പറയും മുൻപാണു കോടതി ഇക്കാര്യം ആമുഖമായി രേഖപ്പെടുത്തിയത്.

അതേസമയം, പ്രതികൾ ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആരോപണത്തെ കോടതി വാക്കാൽ വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ പ്രതികൾക്കുമേൽ ചുമത്തും മുൻപു വ്യക്തമായ തെളിവുകൾ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.പ്രതികൾക്കു രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നും പ്രതികൾ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്നുമുള്ള ആരോപണങ്ങൾ കോടതി മുൻപാകെ തെളിയിക്കാൻ എൻഐഎയ്ക്കും കഴിഞ്ഞിരുന്നില്ല. ഇതിന്റെകൂടി വെളിച്ചത്തിലാണു ജമാഅത്തെ ഇസ്ലാമി സമ്മേളനത്തെ ആക്രമിക്കാൻ ശ്രമിച്ചെന്ന വാദത്തെ കോടതി വിമർശിച്ചത്. അതായത് എൻഐയുടെ വാദങ്ങൾ അതേ പടി വിഴുങ്ങുകയല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധിയെന്ന് വ്യക്തം.

കേരളത്തിന്റെ ഐഎസിന്റെ വേര് കണ്ടെത്തിയ കേസ്

ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടാകുന്നത്. കേരളത്തിലെ ഐഎസിന്റെ വേര് കണ്ടെത്തിയ കനകമല അറസ്റ്റിന് നേതൃത്വം കൊടുത്തത് മലയാളിയും എൻഐഎ എഎസ്‌പിയുമായ പി ഷൗക്കത്തലിയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലെത്തിയ ഏതാനും മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലുള്ള സമാന ആശയക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിൽ തന്ത്രപരമായി എൻ.ഐ.എ ഉദ്യോഗസ്ഥർ കയറിപറ്റുകയായിരുന്നു. ഹൈക്കോടതി ജെഡ്ജിമാർ സംഘ്പരിവാർ നേതാക്കൾ, യുക്തി വാദികൾ എന്നിവരെ വധിക്കാനായിരുന്നു ടെലഗ്രാം ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ കൂടിക്കാഴ്ച നടത്തുന്നതിനായാണ് കനകമലയിൽ ഒത്തുകൂടിയിരുന്നത്. എന്നാൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ ഷൗക്കത്തലിയും സംഘവും ഒക്ടോബർ രണ്ടിന് കനകമല വളയുകയായിരുന്നു.

എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. ഇവരുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ, ഡയറികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരങ്ങൾ ലഭിച്ചു.കനകമല ഓപ്പറേഷൻ കേരളത്തിലെ ഐ.എസ് വേര് കണ്ടെത്തുന്നതിന് നിർണായകമായതായും 500ൽ അധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തതായും എൻ.ഐ.എ ഉദ്യോഗസ്ഥർ നേരത്തെ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയിരുന്നു. ഐ.എസ് എന്ന ഒന്ന് ഉണ്ടെന്നതും അതിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ്. കനകമല അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു ശേഷം ഇരുപതിൽ അധികം ഐ.എസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളായിരുന്നു ഈ അറസ്റ്റുകളിലേക്ക് നയിച്ചത്.

ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐ.എസിന്റെ അൽ മുഹാജിറൂൻ ബ്ലോഗും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കുറിച്ചും വിവരങ്ങൾ ലഭിച്ചു. അൽ മുഹാജിറൂൻ ബ്ലോഗിനു പിന്നിൽ പ്രവർത്തിച്ച ഐ.എസിന്റെ ഇന്ത്യൻ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയായിരുന്നു ടെലഗ്രാം ഗ്രൂപ്പിന് നേതൃത്വം കൊടുത്തത്. സജീറിനൊപ്പം ഐ.എസ് ക്യാമ്പിൽ പോയി പിന്നീട് തിരിച്ചെത്തിയ മുഈനുദ്ധീനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീർ ഈയിടെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. യു.എ.ഇയിലായിരുന്ന മുഈനുദ്ദീനെ എൻ.ഐ.എ നാട്ടിലേക്കെത്തിച്ച് അറസ്റ്റ് ചെയ്തു.

കനകമല അറസ്റ്റിന് പിന്നാലെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിൽ നിന്നും സജാർ അബ്ദുള്ള മംഗലശേരി ഫേസ്‌ബുക്കിൽ വെല്ലുവിളി നടത്തിയ വാക്കുകൾ ഇങ്ങനെ: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'.

ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. 2015ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു. പിന്നീട് സമാന ഐ.എസ് കേസുകൾ പഠിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് എ.എസ്‌പി ഷൗക്കത്തലി അടക്കമുള്ള ഉദ്യോഗസ്ഥർ പാരീസിൽ നിന്നുള്ള ക്ഷണപ്രകാരം അവിടെയെത്തിയിരുന്നു. രാജ്യാന്ത്ര ബന്ധമുള്ള എൻ.ഐ.എ അന്വേഷിക്കുന്ന നിരവധി കേസുകൾക്ക് ഈ യാത്ര സഹായകരമായിരുന്നു. പാരീസ് സ്‌ഫോടന കേസിൽ തുമ്പുണ്ടാക്കി ഇന്ത്യയിൽ നിന്നുള്ള എൻ.ഐ.എ സംഘത്തിന് പ്രത്യേക പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

കനകമല അറസ്റ്റിനു ശേഷം ഇവരുമായി ആശയ സാമ്യതകളുള്ള 500ൽ അധികം മലയാളികളെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിൽ നൂറിലധികം പേരെ തീവ്രമായ ഐഡിയോളജിയിൽ നിന്നും എൻ.ഐ.എക്ക് പിന്തിരിപ്പിക്കാൻ സാധിച്ചു. തീവ്ര ആശയത്തിൽ നിന്ന് മാറുന്നവരെ എൻ.ഐ.എ നീരീക്ഷണ വിധേയമാക്കുകയും മാറ്റം ഉറപ്പു വരുത്തുകയും ചെയ്യും. കനകമലയിൽ നിന്ന് പിടിക്കപ്പെട്ടവർ വിവിധ പേരുകളിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാന ആശയക്കാരുമായി ഇവർ നിരന്തരമായി സംവദിച്ചിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു.

ഇതിലൂടെ നൂറുകണക്കിന് സോഷ്യൽ മീഡിയ ഐഡികളും ഗ്രൂപ്പുകളും നിരീക്ഷിക്കാൻ പറ്റിയെന്നത് കനകമല അറസ്റ്റിന്റെ മറ്റൊരു നേട്ടമാണ്. ഇരുനൂറോളം പേരെ സോഷ്യൽ മീഡിയ വഴി പിന്തുടന്ന് ചോദ്യം ചെയ്തവരാണ്. നിർണായക തെളിവ് ലഭിക്കുന്നവരെ ചോദ്യം ചെയ്യലിനു ശേഷം ഉറപ്പു വരുത്തിയാണ് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഈയിടെ രാജ്യം വിട്ട് ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷാജഹാനടക്കം ഇവരുടെ സംഘത്തിൽപ്പെട്ടവർ കനകമലയിൽ നിന്ന് പിടിയിലായവരുമായി ബന്ധമുണ്ട്.

കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകൾ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവർ തന്നെ സന്ദേശങ്ങളയച്ചു. ഖിലാഫത്ത് സ്ഥാപിക്കുകയും ജിഹാദിലൂടെ സ്വർഗം നേടുകയാണ് ലക്ഷ്യമെന്നും ഇവർ നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ സർ്ക്കാർ സംവിധാനങ്ങളില്ലാത്ത ഐ.എസ് സ്വാധീന മേഖലകളിൽ അന്വേഷണ സംഘത്തിന് എത്തുക പ്രയാസമായിരുന്നു. മലയാളി സംഘം ഐ.എസിലേക്കു തന്നെയാണ് പോയി എന്നത് സ്ഥിരീകരിക്കാൻ സാധിച്ചത് കനകമല അറസ്റ്റും അനുബന്ധ അന്വേഷണത്തിന്റെയും നേട്ടമായിരുന്നു. ആഗോള ഭീകര സംഘടയായ ഐ.എസിന്റെ ഇന്ത്യയിലേയും കേരളത്തിലേയും വേരുകൾ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജൻസിക്ക് പൊൻതൂവലാണ്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും പ്രതിക്കൂട്ടിൽ

മലപ്പുറം താനാളൂർ സ്വദേശി മുജീബ് റഹ്മാന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. മുജീബുറഹ്മാൻ കുറെക്കാലമായി പ്രവാസിയാണ്. കമ്പ്യൂട്ടറിലും സാങ്കേതിക വിദ്യയിലും അതിവൈദഗ്ദ്യമുള്ള മുജീബ് തീവ്ര ആശയങ്ങളിലേക്ക് അടുക്കുന്നത് ഗൾഫിലെത്തിയത് മുതലാണ്. ഫേസ്‌ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് കൂട്ടായ്മായിൽ സജീവമായിരുന്നു മുജീബ് റഹ്മാൻ. റൈറ്റ് തിങ്കേഴ്‌സിലെ ബന്ധങ്ങൾ ഐ.എസിലേക്കു വരെ എത്തുകയായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് സംഘടിപ്പിച്ച കൂട്ടായ്മകൾ മുജീബ് പങ്കെടുത്ത് പ്രസ്ംഗിച്ചിരുന്നു.ഐ.എസിലെത്തിയ കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള, കാസർകോട് സ്വദേശി മുഈനുദ്ദീൻ എന്നിവരുമായി മുജീബ് അടുത്ത ബന്ധം പുലർത്തുകയും നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റൈറ്റ്തിങ്കേസ് സംഘടിപ്പിച്ച കൂട്ടായ്മകളിൽ സജീറും മുജീബും പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. റൈറ്റ് തിങ്കേഴ്‌സ് വഴിയാണ് ഇവർതമ്മിൽ ബന്ധപ്പെടുന്നതും ബന്ധം ഊട്ടി ഉറപ്പിക്കുന്നതുമെല്ലാം. മുമ്പും റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിൽ സജീവമായിരുന്നവർക്കെതിരെ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ കണ്ണൂർ സ്വദേശി ഷാജഹാൻ റൈറ്റ് തിങ്കേഴ്‌സിലെ അംഗമായിരുന്നു.

തങ്ങൾ ഐ.എസിനെതിരാണെന്നും ഇവരെല്ലാം ഗ്രൂപ്പിലെ അംഗങ്ങൾ മാത്രമാണെന്നും പറഞ്ഞ് റൈറ്റ്തിങ്കേഴ്‌സ് അഡ്‌മിൻസ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ ഓരോ വെളിപ്പെടുത്തലുകളും റൈറ്റ്തിങ്കേഴ്‌സിനെ പ്രതിക്കൂട്ടിലാക്കുകയാണ്. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിന്റെ പോളിസികളിൽ ഐ.എസ് ആശയങ്ങൾക്കും ബന്ധപ്പെട്ട ചർച്ചകൾക്കും വിലക്കുള്ളതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. സജീർ അബ്ദുള്ള റൈറ്റ് തിങ്കേഴ്‌സ് യു.എ.ഇ മാറ്റിൽ പങ്കെടുത്ത ഫോട്ടോ നേരത്തെ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഇപ്പോൾ മുജീബ് റഹ്മാൻ റൈറ്റ് തിങ്കേഴ്‌സ് മീറ്റിൽ പ്രസംഗിക്കുന്ന ഫോട്ടോയും മറുനാടന് ലഭിച്ചു.

സജീറുമായും മുഈനുദ്ദീനുമായുമുള്ള മുജീബിന്റെ ബന്ധം 'അൽ മുഹാജിറൂൻ' എന്ന ഐ.എസ് ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്നതിൽ വരെ എത്തി. മലയാളികളെ ഐ.എസിലേക്ക് ആകർഷിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളടങ്ങിയ വെബ്‌സൈറ്റായിരുന്നു 'അൽ മുഹാജിറൂൻ 2015'. മുജീബ് റഹ്മാൻ ഈ ബ്ലോഗിന്റെ മുഖ്യ അഡ്‌മിനായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സജീറും മുഈനുദ്ദീനുമാണ് കനകമല ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുത്തുന്നത്.പിന്നീട് ദക്ഷിണേന്ത്യയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2016 സെപ്റ്റംബറോടെ 'അൻസാറുൽ ഖിലാഫ കെ.എൽ' രൂപീകരിച്ചു. മുജീബ് റഹ്മാനു പുറമെ മൻസീദ്, സജീർ അബ്ദുള്ള, സ്വാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, മുഹമ്മദ് ഫയാസ്, സിദ്ദീഖുൽ അസ്ലം, സഫുവാൻ, ജാസിം, മുഈനുദ്ദീൻ പാറക്കടവത്ത് എന്നിവരായിരുന്നു അൻസാറുൽ ഖിലാഫ എന്ന പേരിൽ ഐ.എസ് ഘടകത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യയിൽ 'ജിഹാദ്' ചെയ്യുന്നതിനായി ഇവർ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു.

ഇതേ സംഘം നിരവധി ആക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നു. കൊടൈക്കനാൽ വട്ടക്കനാൽ സന്ദർശിക്കാനെത്തുന്ന വിദേശികളെയും യഹൂദന്മാരെയും ലക്ഷ്യമിട്ടുള്ള ആക്രമണം, കൊച്ചിയിൽ കഴിഞ്ഞ വർഷം നടത്താനിരുന്ന ജമാഅത്തേ ഇസ്ലാമിയുടെ പരിപാടിക്കു നേരെയുള്ള ആക്രമണം എന്നിവ സംഘം ആസൂത്രണം നടത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, സീനിയർ പൊലീസ് ഓഫീസർമാർ, യുക്തിവാദികൾ, മുസ്ലിംങ്ങളിലെ അഹ്മദിയ വിഭാഗക്കാർ എന്നിവർക്കു നേരെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.ഐ.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനൂം ആക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തുന്നതിലും പങ്കാളിയായിരുന്നു മുജീബ് റഹ്മാൻ. ഐ.എസ് അജണ്ട നടപ്പാക്കുന്നതിനായി സമൂഹ മാധ്യമങ്ങളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയതാണ് മുജീബിനു മേലുള്ള മറ്റൊരു പ്രധാന കുറ്റം. ആമിർ, ബാബുൽ നൂർ, അഫ്ദൽ, അഫ്ദൽ എ.എക്‌സ്, അൻസാർ എന്നീ പേരുകളിലാണ് സമൂഹ മാധ്യമങ്ങളിൽ മുജീബ് റഹ്മാൻ അറിയപ്പെട്ടിരുന്നത്.

ഈ ആരോപണങ്ങൾ തന്നെയായിരുന്നു എൻഐഎ കുറ്റപത്രത്തിൽ സമർപ്പിച്ചതും. ഇതിൽ ഭൂരിഭാഗവും കോടതി അംഗീകരിക്കയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP