Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനകമല കേസ്: ഏറ്റവുമൊടുവിൽ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനിയുടെ വിചാരണ തുടരുന്നു; മൂന്നുവർഷം മുമ്പത്തെ ഭീകരാക്രമണഗുഢാലോചനക്കേസിൽ സുബ്ഹാനിക്ക് കുരുക്കിട്ടത് എൻഐഎ; ദേശീയ അന്വേഷണ ഏജൻസി ഇതുവരെ സമർപ്പിച്ചത് രണ്ട് കുറ്റപത്രങ്ങൾ

കനകമല കേസ്: ഏറ്റവുമൊടുവിൽ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനിയുടെ വിചാരണ തുടരുന്നു; മൂന്നുവർഷം മുമ്പത്തെ ഭീകരാക്രമണഗുഢാലോചനക്കേസിൽ സുബ്ഹാനിക്ക് കുരുക്കിട്ടത് എൻഐഎ;  ദേശീയ അന്വേഷണ ഏജൻസി ഇതുവരെ സമർപ്പിച്ചത് രണ്ട് കുറ്റപത്രങ്ങൾ

രഞ്ജിത്ത് ബാബു

 കണ്ണൂർ: കനകമല കേസിൽ, തമിഴ് വംശജനും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീന്റെ വിചാരണ തുടരുന്നു. ആദ്യഘട്ട വിചാരണയിൽ സുബ്ഹാനി ഉൾപ്പെട്ടിരുന്നില്ല. മറ്റ് പ്രതികളുടെ കുറ്റപത്രം എൻ.ഐ. എ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു സുബ്ഹാനി. കോഴിക്കോട് സ്വദേശി മൻസീദ്, ചേലക്കരയിലെ ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂരിലെ അബ് ബഷീർ, കുറ്റ്യാടി സ്വദേശി റംഷാദ് നാങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ.ക. ജാസിം, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി, ഹാജാ മൊയ്ദീൻ, വിദേശത്തേക്ക് കടന്ന കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്ദീൻ എന്നിവരാണ് പ്രതികൾ.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണ ഗൂഢാലോചനയെന്ന് എൻ.ഐ. എ. കണ്ടെത്തിയതായിരുന്നു കണ്ണൂർ കനകമല കേസ്. കനകമലയിലെ കാടിനകത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കേരളഘടകമായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ട 'അൻസാർ -ഉൽ-ഖലീഫ ' എന്ന സംഘടനയിൽ പെട്ടവരാണ് എൻ.ഐ. എയുടെ പിടിയിലായത്. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങൾ എന്നിവ തകർക്കാനും ഹൈക്കോടതി ജഡ്ജിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവരെ അപായപ്പെടുത്താനും ലക്ഷ്യമിട്ടാണ് 2016 ഒക്ടോബർ 2 ന് കനകമലയിലെ ഉൾക്കാട്ടിൽ ഗൂഢാലോചന യോഗം നടത്തിയതെന്നാണ് എൻ.ഐ. എ യുടെ കണ്ടെത്തൽ. ടെലിഗ്രാം ആപ്ലിക്കേഷൻ വഴി ഈ സംഘം പരസ്പരം നടത്തിയ ആശയവിനിമയങ്ങൾ ചോർന്നതോടെയാണ് എൻ.ഐ. എ ഇവരെ പിൻതുടർന്ന് കനകമലയിൽ വെച്ച് പിടികൂടിയത്.

2016 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം. അന്നൊരു ഞായറാഴ്ചയായിരുന്നു. കനകമല പരിസരത്തെ ജനങ്ങൾ ഉച്ച ഭക്ഷണം കഴിഞ്ഞ് മയക്കത്തിലായിരുന്നു. പെട്ടെന്ന് കാട്ടുതീ പോലെ വാർത്ത പരന്നു. തീവ്രവാദികളെ കനകമലയിൽ നിന്നും പിടികൂടി. അടിവാര പ്രദേശത്തു നിന്നും ജനങ്ങൾ കിതച്ചും ചുമച്ചും മല ഓടിക്കയറുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ പ്രതികളെ കാണുക എന്നതായിരുന്നു അവരുടെ ആവശ്യം. നാട്ടുകാരറിയാതെ ഒന്നും സംഭവിക്കാത്ത നാട്ടിൽ തീവ്രവാദികൾ ഒത്തു ചേർന്നതും അവരെ പിടികൂടാൻ വിദൂരത്തു നിന്നും എൻ.ഐ. എ എത്തിയതുമെല്ലാം അത്ഭുതത്തോടെയാണ് ആളുകൾ ശ്രവിച്ചത്. മത-ജാതി വിഭാഗീയതകളില്ലാത്ത ആത്മീയ വാദികളും തദ്ദേശ വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന സ്ഥലമാണ് കനകമല. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ഗുരു നിത്യ ചൈതന്യ യതി വിജയദശമി ദിനത്തിൽ കുട്ടികളെ ഹരിശ്രീ കുറിക്കാനെത്തുന്ന സ്ഥലം. കനക മഹർഷി തപസ്സു ചെയ്തുവെന്ന് വിശ്വസിക്കുന്ന ഭൂപ്രദേശം. അതിനുമപ്പുറം പ്രമുഖ സൂഫീ വര്യനായ അലിയൂൽ കൂഫി തപം ചെയ്ത സ്ഥലം. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് നവരാത്രി ആഘോഷം നടത്തുന്നതിന് തൊട്ടു മുമ്പാണ് തീവ്രവാദികളുടെ ഗൂഢാലോചനാ കേന്ദ്രമായത്.

അടിക്കാടിനുള്ളിൽ അമർന്നിരുന്ന് തീവ്രവാദികൾ അവരുടെ പദ്ധതി ഇവിടെ വെച്ച് ആസൂത്രണം ചെയ്തു. കാടിനകത്തു നിന്നും മുക്കാൽ കിലോമീറ്റർ ദൂരത്തു നിന്നും ആരു വരുമ്പോഴും അവർക്കറിയാം.പോരാത്തതിന് രക്ഷപ്പെടാനുള്ള കുറുക്കു വഴിയും. എല്ലാം ഒരുക്കിയത് നേരത്തെ ചൊക്ലി നിവാസിയായിരുന്ന കോഴിക്കോടുകാരൻ മൻസീദ് എന്ന മദീന മഹലിൽ ഒമർ അൽ ഹിന്ദി. ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ മലയിൽ നിന്നും തിരിച്ച് കൊണ്ടു വരുമ്പോൾ ജനക്കൂട്ടം അവരെ കാണണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ അതിനൊന്നും വഴങ്ങാൻ എൻ.ഐ. എ. തയ്യാറായില്ല. ലോക്കൽ പൊലീസിനെകൊണ്ട് പ്രതിരോധം ചേർത്ത് വിരലിലെണ്ണാവുന്ന എൻ.ഐ. എ .ഉദ്യോഗസ്ഥർ പ്രതികളെ പുഷ്പം പോലെ കൊണ്ടുപോവുകയായിരുന്നു. അഞ്ച് മണിക്കൂർ നേരം നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടവരെ എൻ.ഐ. എ കുടുക്കിയത്. ഇവരുടെ തലയിലുദിച്ച അക്രമ പരമ്പര പ്രാവർത്തികമാവുകയാണെങ്കിൽ രാജ്യം വലിയ വില നൽകേണ്ടി വരുമായിരുന്നു. ദേശീയ അന്വേഷണ ഏജൻസി രണ്ട് കുറ്റ പത്രങ്ങളാണ് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP