Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിന്റെ വടക്കേയറ്റത്തെ ഒരുകാലത്ത് വിറപ്പിച്ച കാലിയ റഫീഖ് കടത്തിയിരുന്നത് ചാരായവും മയക്കുമരുന്നും മണലും കോഴിയും മാത്രമല്ല ആയുധങ്ങളും; കൊല്ലപ്പെടുന്നതിന് നാല് വർഷം മുമ്പ് ഉപ്പളയിലെ ഗൂണ്ടാത്തലവന്റെ കൈയിൽ നിന്ന് പിടിച്ചത് വൻതോതിലുള്ള ആയുധശേഖരം; കേസുമായി അധോലോക കുറ്റവാളി രവി പൂജാരിക്കും ബന്ധം; പുനരന്വേഷണത്തിന് തീരുമാനിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി

കേരളത്തിന്റെ വടക്കേയറ്റത്തെ ഒരുകാലത്ത് വിറപ്പിച്ച കാലിയ റഫീഖ് കടത്തിയിരുന്നത് ചാരായവും മയക്കുമരുന്നും മണലും കോഴിയും മാത്രമല്ല ആയുധങ്ങളും; കൊല്ലപ്പെടുന്നതിന് നാല് വർഷം മുമ്പ് ഉപ്പളയിലെ ഗൂണ്ടാത്തലവന്റെ കൈയിൽ നിന്ന് പിടിച്ചത് വൻതോതിലുള്ള ആയുധശേഖരം; കേസുമായി അധോലോക കുറ്റവാളി രവി പൂജാരിക്കും ബന്ധം; പുനരന്വേഷണത്തിന് തീരുമാനിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി

മറുനാടൻ ഡെസ്‌ക്‌

 കാസർകോഡ്: കേരളത്തിൽ ചാരായം നിരോധിച്ചതോടെ ഗൂണ്ടാത്തലവനായി വളർന്ന കാലിയ റഫീഖ് സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ഒരു കാലത്ത് വിറപ്പിച്ചിരുന്നു. 2017 ൽ ഇയാൾ വെടിയേറ്റ് കൊല്ലപ്പെടും വരെ. കർണാടക അതിർത്തി കേന്ദ്രീകരിച്ച് ചാരായവും മയക്കുമരുന്നും കടത്തി ഭായി എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന കാലിയ റഫീഖും അനുയായികളും വിളയാടി. സ്വർണവും പണവും കടത്തുവാൻ മംഗലാപുരത്തെ അധോലോകവുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് നാല് വർഷം മുമ്പ് 2013 ൽ ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയ കേസ് വീണ്ടും അന്വേിഷിക്കുന്നു. ക്രൈംബ്രാഞ്ചാണ് കേസ് പുനരന്വേഷിക്കുന്നത്്. കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിവുകൾ ലഭിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനം.

കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം, 2017ൽ കാലിയ റഫീക്ക് കൊല്ലപ്പെട്ടതോടെ മുന്നോട്ട് നീങ്ങിയില്ല. ഒഴുക്കൻ മട്ടിലുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ രവി പൂജാരിക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി ഡിജിപിയെ അറിയിച്ചതിനെത്തുടർന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനോ സംഘത്തെ രൂപീകരിക്കാനോ ഉള്ള ചുമതല ക്രൈംബ്രാഞ്ച് മേധാവിക്കാണ്.

കർണാടക പൊലീസിന്റെ കസ്റ്റഡിയിൽ ബെംഗളൂരുവിലുള്ള രവി പൂജാരിയെ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ചിൽ ചോദ്യം ചെയ്തിരുന്നു. കർണാടക പൊലീസ് സംഘത്തിനൊപ്പമായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ വെടിവയ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. ഇതിനിടെയാണ് ഈ കേസുമായി ബന്ധമില്ലാത്ത കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായത്.

ചില കൊലക്കേസുകളിൽ വീണ്ടും അന്വേഷണം നടത്തുമെന്നും സൂചനയുണ്ടായിരുന്നു. ഏതായാലും ആയുധക്കടത്തുമായി രവി പൂജാരിക്കു ബന്ധമുണ്ടെന്ന തെളിവുകൾ കിട്ടിയതോടെയാണ് കേസ് പുനരന്വേഷിക്കുന്നത്. ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായാണ് രവി പൂജാരി സെനഗലിൽ കഴിയവേയായിരുന്നു അറസ്റ്റ്്.. മുംബൈ അധോലോകത്തിലെ ഛോട്ടാ രാജൻ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ ഇരുന്നൂറോളം കേസുകളുണ്ട്.

കഴിഞ്ഞവർഷം ഡിസംബറിൽ സെനഗലിൽ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നിരുന്നു. അവിടെനിന്ന് റോയും സെനഗൽ പൊലീസും ചേർന്നാണ് വീണ്ടും അറസ്റ്റുചെയ്തത്.

കാലിയ റഫീഖിന്റെ കൊലപാതകം

2017 ഫെബ്രുവരി 14 നായിരുന്നു കാലിയ റഫീഖിനെ എതിരാളികൾ വകവരുത്തിയത്. കാസർഗോഡ് ജില്ലയിലും കർണ്ണാടക, മഹാരാഷ്ട്ര, ഗോവ, സംസ്ഥാനങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകിയ കാലിയാ റഫീഖ് എന്ന അധോലോക നായകൻ അതിദാരുണമായ രീതിയിലാണ് കൊലപ്പെട്ടത്.

താൻ നടത്തിപ്പോന്നിരുന്ന അക്രമങ്ങളുടെ അതേ നാണയത്തിൽ തന്നെയായിരുന്നു റഫീക്കിന്റെ അന്ത്യവും. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാലിയാ റഫീഖ് തോക്കും മറ്റ് മാരാകായുധങ്ങളും ഏന്തിയാണ് സഞ്ചരിക്കാറ്. കാസർഗോഡ് ഉപ്പള സ്വദേശിയായ കാലിയാ റഫീഖ് മംഗളൂരുവിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. അർദ്ധരാത്രി കഴിഞ്ഞ് 12.30 ഓടെ മംഗളുരു ക്വാട്ടെക്കാറിൽ വച്ചാണ് കൊല ചെയ്യപ്പെട്ടത്. 38 കാരനായ കാലിയാ റഫീഖ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ അന്ത്യം തന്റെ അനുയായികൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു.

മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു അധോലോക സംഘമായിരുന്നു ഇതിന് പിന്നിൽ. കാറിൽ സഞ്ചരിക്കുകയായിരുന്ന കാലിയാ റഫീഖിനെ ടിപ്പർ ലോറിയിൽ പൻതുടർന്നായിരുന്നു എതിർ സംഘം ആക്രമിച്ചത്. കാറിൽ നിന്നും റഫീഖ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചിടുകയും തുടർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

1994 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാരായ നിരോധനം നടപ്പാക്കിയതോടെയാണ് മുഹമ്മദ് റഫീഖ് കാലിയാ റഫീഖെന്ന കടത്തുകാരനായി മാറിയത്. കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിൽ മൂലവെട്ടി എന്ന പേരിൽ അറിയപ്പെടുന്ന കർണാടക പാക്കറ്റ് ചാരായം വൻ തോതിൽ ചെലവഴിക്കപ്പെട്ടിരുന്നു. കർണ്ണാടകത്തിൽ നിന്നും കള്ളക്കടത്തായി കേരളത്തിലേക്ക് കടത്തുന്നതിൽ കാലിയാ റഫീഖിന്റെ നേതൃത്വത്തിൽ വൻ സംഘം തന്നെ പ്രവർത്തിച്ചു പോന്നിരുന്നു. അതിലൂടെ വൻ സമ്പത്തിന് ഉടമയായ കാലിയാ റഫീഖ് തന്റേതായ ഒരു സാമ്രാജ്യം തന്നെ രൂപപ്പെടുത്തിയെടുത്തു. കർണ്ണാടകവും ഗോവയും കടന്ന് മഹാരാഷ്ട്ര വരെ നീണ്ട അധോലോക നായകനായി പ്രവർത്തിച്ചു. കേരള- കർണ്ണാടക അതിർത്തിയിലെ മുപ്പതോളം വരുന്ന ഊടുവഴികളാണ് കാലിയാ റഫീഖിന്റെ അധോലോകം വളർത്തുന്നതിന് സഹായകമായത്.

പൊലീസിനും ഭരണകൂടത്തിനും നേരിടാനാവാത്ത വിധം വളർന്ന കാലിയാ റഫീഖ് കേരള- കർണാടക ചെക്കു പോസ്റ്റുകൾ അവഗണിച്ച് മണൽ കടത്തും കോഴിക്കടത്തും വ്യാപകമായി നടത്തി. കർണ്ണാടകത്തിലെ പ്രധാന നദിയിയായ നേത്രാവതിയിലെ മണൽ വൻ ലോറികളിലായി ഉത്തരകേരളത്തിലെ മുക്കിലും മൂലയിലും എത്തിച്ച റഫീഖ് മണൽ കടത്തിന്റേയും രാജാവായി. എതിർക്കുന്നവരെ കൊലപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഒരു വൻ സംഘം റഫീഖിന്റെ തണലിൽ വളർന്നുവരുകയും ചെയ്തു. സ്വന്തം നാട്ടിൽ പോലും എതിർപ്പുണ്ടെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്താനും വരുതിയിൽ നിർത്താനും ഇയാളുടെ സംഘം പ്രവർത്തിച്ചു.

ഉപ്പളയിലെ ഇയാളുടെ എതിരാളിയായ കസായി അലിയെന്ന അധോലോക നായകനെ വെടിവെക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു.കാലിയ റഫീഖിനെ പരിഹസിച്ചു എന്ന പേരിൽ ഒരു യുവാവിനെ കടലോരത്ത് കഴുത്തറ്റം വരെ കുഴിച്ചു മൂടി അക്രമിച്ച സംഭവവും ഉണ്ടായിരുന്നു്. കാപ്പ ചുമത്തി കണ്ണൂർ സെൻ്ട്രൽ ജയിലിലായെങ്കിലും പുറത്തിറങ്ങിയതോടെ ഇയാൾ വീണ്ടും തന്റെ സംഘത്തെ വിപുലമാക്കാൻ ശ്രമിച്ചു. അതിനിടെയാണ് മംഗളൂരുവിൽ വച്ച് റഫീഖ് കൊല്ലപ്പെടുന്നത്. രണ്ടു ദശാബ്ദങ്ങളിലേറെയായി കാസർഗോഡിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാലിയാ റഫീഖിന്റെ യുഗം അങ്ങനെയാണ് അവസാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP