Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ചികിത്സയ്ക്കായി ഐസിയുവിൽ കഴിഞ്ഞിരുന്ന പ്രവാസിക്ക് സുഖമുണ്ടെന്നും വാർഡിലേക്ക് മാറ്റാൻ 'ബൈപാപ് യന്ത്രം' വാങ്ങണമെന്നും ഡോക്ടർ; വൈകുന്നേരത്തോടെ 70,000 രൂപയുടെ ഉപകരണം വാങ്ങി എത്തിച്ചിട്ടും ഉപയോഗിച്ചില്ല; ആശുപത്രിയിൽ ഈ സംവിധാനം ഉണ്ടായിട്ടും എന്തിനാണ് വാങ്ങിപ്പിച്ചതെന്ന് അറിയാതെ ബന്ധുക്കൾ; ഒടുവിൽ മരണം സംഭവിച്ചിട്ടും ഉപകരണം തിരികെ നൽകാതെ ധാർഷ്ട്യം; കളമശേരി മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പരാതി

കോവിഡ് ചികിത്സയ്ക്കായി ഐസിയുവിൽ കഴിഞ്ഞിരുന്ന പ്രവാസിക്ക് സുഖമുണ്ടെന്നും വാർഡിലേക്ക് മാറ്റാൻ 'ബൈപാപ് യന്ത്രം' വാങ്ങണമെന്നും ഡോക്ടർ; വൈകുന്നേരത്തോടെ 70,000 രൂപയുടെ ഉപകരണം വാങ്ങി എത്തിച്ചിട്ടും ഉപയോഗിച്ചില്ല; ആശുപത്രിയിൽ ഈ സംവിധാനം ഉണ്ടായിട്ടും എന്തിനാണ് വാങ്ങിപ്പിച്ചതെന്ന് അറിയാതെ ബന്ധുക്കൾ; ഒടുവിൽ മരണം സംഭവിച്ചിട്ടും ഉപകരണം തിരികെ നൽകാതെ ധാർഷ്ട്യം; കളമശേരി മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പരാതി

ആർ പീയൂഷ്

കൊച്ചി: കോവിഡ് ചികിത്സയ്ക്കെത്തിയ പ്രവാസിയുടെ ബന്ധുക്കളെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ വലിയ വിലകൊടുത്തു വാങ്ങിയ ഉപകരണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് തിരികെ നൽകിയില്ലെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കലക്ടർക്കും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഈ ഉപകരണം രോഗിയിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് മനസിലായതെന്നും ബന്ധുക്കൾ പറയുന്നു. ലക്ഷങ്ങൾ മുടക്കി എംഎ‍ൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽ നിന്നുമെല്ലാം വെന്റിലേറ്ററുകൾ ഉൾപ്പടെ വാങ്ങി നൽകിയിട്ടുള്ള കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മെഡിക്കൽ കോളജിൽ ചികിത്സ സൗജന്യമാണെന്നിരിക്കെയാണ് ഇത്തരത്തിൽ ഒരു സംഭവം.

കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ഫോർട്ട് കൊച്ചി സ്വദേശിക്ക് വേണ്ടിയാണ് 'ഡ്രീംസ്റ്റേഷൻ ഓട്ടോ ബൈപാപ്' എന്ന യന്ത്രം ബന്ധുക്കളെകൊണ്ട് ആശുപത്രി അധികൃതർ വാങ്ങിപ്പിച്ചത്. ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗിക്ക് രോഗം കുറഞ്ഞുവെന്നാണ് ആദ്യം അറിയിച്ചത്. രോഗിയെ വാർഡിലേക്ക് മാറ്റണമെങ്കിൽ ബൈപാപ് യന്ത്രം വാങ്ങി നൽകണമെന്നായിരുന്നു ചികിത്സ നടത്തിയ ഡോക്ടറുടെ നിർദ്ദേശം, കോവിഡ് സെന്ററിന്റെ നോഡൽ ഓഫീസറും പൾമണറി ആൻഡ് ക്രിട്ടിക്കൽ വിഭാഗം മേധാവിയുമായ ഡോ.എ.ഫത്താഹുദ്ദീൻ ആണ് ബൈപാപ് യന്ത്രം വാങ്ങണമെന്ന കുറിപ്പ് ബന്ധുക്കൾക്ക് നൽകിയത്. യന്ത്രം ലഭ്യമാകുന്ന സ്ഥാപനത്തിന്റെ പ്രതിനിധി സജീവ് എന്നയാളുടെ പേരും ഫോൺ നമ്പരും കൂടി കുറിപ്പിൽ രേഖപ്പെടുത്തി നൽകിയെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.

ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ബന്ധുക്കൾ 17ന് വൈകുന്നേരത്തോടെ യന്ത്രം വാങ്ങി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉപയോഗിച്ചില്ല. ഐസിയുവിൽ ഉപയോഗത്തിലുള്ള സമാന യന്ത്രമാണ് രോഗിയിൽ ഉപയോഗിച്ചത്. ആശുപത്രിയിൽ ഉപകരണം ഉണ്ടെന്നിരിക്കെ ഉയർന്ന വില നൽകി ഈ യന്ത്രം പുതിയത് വാങ്ങിപ്പിച്ചത് എന്തിനെന്നാണെന്നാണ് ബന്ധുക്കൾ പരാതിയിൽ ചോദിക്കുന്നത്. രോഗികൾക്ക് മാറിമാറി ഉപയോഗിക്കാൻ കഴിയുന്ന യന്ത്രം ഒരു രോഗിയെക്കൊണ്ടു മാത്രം വാങ്ങിപ്പിച്ചത് എന്തിനെന്ന കാര്യത്തിലും വ്യക്തതയില്ല.

ഇക്കഴിഞ്ഞ ജൂൺ 19 ന് കുവൈറ്റിൽ നിന്നെത്തിയ പ്രവാസി പുത്തൻകുരിശുള്ള ക്വാറന്റൈൻ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് 26 നാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ആശുപത്രിയിൽ തുടരുന്നതിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച കൂടി കഴിഞ്ഞാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. 13നാണ് രോഗിയെ വാർഡിലേയ്ക്ക് മാറ്റണമെന്നും ഇതിനായി ബിപാപ് മെഷീൻ വാങ്ങണമെന്ന് ബന്ധുക്കളെ അറിയിച്ചത്. പണം കണ്ടെത്തി മെഷീൻ വാങ്ങി നൽകിയത് 17 നായിരുന്നു. എന്നാൽ മറ്റൊരു മെഷീൻ രോഗിയിൽ ഉപയോഗിച്ചിരുന്നു എന്നും വാങ്ങി നൽകിയ ഉപകരണം ഉപയോഗിച്ചില്ല എന്നും മനസ്സിലായി. 20 ന് രോഗി മരണപ്പെടുകയും ചെയ്തു.

ബന്ധുക്കൾ വാങ്ങി നൽകിയ ഉപരണം ഉപയോഗിക്കാതിരുന്നതിനെ തുടർന്ന് മരണശേഷം തിരികെ ചോദിച്ചിരുന്നു. എന്നാൽ നൽകാൻ കഴിയില്ല എന്നാണ് അധികൃതർ പറഞ്ഞത്. കൂടാതെ രോഗിക്കൊപ്പം കൊണ്ടുവന്ന പേഴ്സും പെട്ടികളിൽ ഒരെണ്ണവും തിരികെ ലഭിച്ചിട്ടില്ലാ എന്നും ബന്ധുക്കൾ പരാതിയിൽ ഉന്നയിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP