Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിയുടെ ആന്തരികാവയവങ്ങൾ കാക്കനാട്ടെ ലാബിൽ നിന്ന് തിരിച്ചുവാങ്ങി; മരണത്തിന് മുമ്പും പിമ്പുള്ള രക്തസാമ്പിളുകളും ഹൈദരാബാദിൽ പരിശോധിക്കും; കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുതിയ നീക്കം

മണിയുടെ ആന്തരികാവയവങ്ങൾ കാക്കനാട്ടെ ലാബിൽ നിന്ന് തിരിച്ചുവാങ്ങി; മരണത്തിന് മുമ്പും പിമ്പുള്ള രക്തസാമ്പിളുകളും ഹൈദരാബാദിൽ പരിശോധിക്കും; കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാൻ പുതിയ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്തരികാവയവങ്ങൾ കൊച്ചി കാക്കനാട്ടെ ഫോറൻസിക് ലാബിൽ ഇനി പരിശോധിക്കേണ്ടെന്ന് പൊലീസ് തീരുമാനം. ഇതേ തുടർന്ന് കാക്കനാട്ടെ ലാബിൽ നിന്ന് അവയവങ്ങൾ പൊലീസ് തിരികെ വാങ്ങുകയും ചെയ്തു. ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ അയച്ച് പരിശോധന നടത്താനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മണിയുടെ ശരീരത്തിൽ കീടനാശിനിയായ ക്‌ളോർ പൈറിഫോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് കാക്കനാട്ടെ ലാബിൽ ആയിരുന്നു.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് മുന്നോറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. ഇതിലൊന്നും ആത്മഹത്യയുടേയോ കൊലപാതകത്തിന്റേയും സാധ്യതകളും കണ്ടെത്താനായില്ല. സ്വാഭാവിക മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുകൊണ്ട് കൂടിയാണ് കാക്കനാട്ടെ ലാബിനെ പൊലീസ് അവശ്വസിക്കുന്നത്. മാരകമായ കരൾ രോഗമാണ് മരണ കാരണമെന്ന നിഗമനത്തിന് ശക്തികൂടിയ സാഹചര്യത്തിലാണ് ഇത്. കാക്കനാട്ടെ ലാബിലെ പരിശോധനയിൽ മാരക കീടനാശിനിയുടെ അംശം മണിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം ഇല്ലെന്നായിരുന്നു അദ്ദേഹത്തെ ചികിത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടർമാർ മൊഴി നൽകിയത്.

ക്‌ളോർ പൈറിഫോസ് എന്ന കീടനാശിനിക്ക് അതിരൂക്ഷ ഗന്ധമാണ്. സ്വാഭാവികമായും ഇതിന്റെ അളവ് കൂടുതലുണ്ടെങ്കിൽ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ഡോക്ടർമാർക്ക് മനസിലാകേണ്ടിയിരുന്നു. എന്നാലത് കണ്ടെത്താനായിരുന്നില്ല. അതേസമയം ചില വിഷഹാരികൾ ഉണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലത് ഈ കീടനാശിനി ആണെന്ന് ഉറപ്പും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്തരീകാവയങ്ങൾ രാസപരിശോധനക്ക് കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും കണ്ടെത്താൻ കഴിയാത്ത കീടനാശിനിയുടെ സാന്നിദ്ധ്യം കാക്കനാട്ടെ സർക്കാർ ലാബിൽ കണ്ടെത്തുകയും ചെയ്തു. ഇതാണ് ലാബിനെ സംശയിക്കാൻ കാരണം.

ഈ സാഹചര്യത്തിലാണ് ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനുള്ള തീരുമാനം. ഡിജിപി സെൻകുമാറിന്റെ കൂടെ നിർദ്ദേശ പ്രകാരമാണ് ഇത്. ഹൈദരാബാദിലെ ലാബിൽ അത്യാധുനിക സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ സൂക്ഷ്മമായ പരിശോധന നടക്കും. ഇതിലൂടെ കീടനാശിനിയിൽ വ്യക്തത വരും. ഇതിനൊപ്പം അമൃതാ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ ഡിജിപി നടപടികളെടുത്തു കഴിഞ്ഞു. മണിയുടെ മരണത്തിലെ ദുരൂഹത പൂർണ്ണമായും നീ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിന് ശേഷമേ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നതിൽ തീരുമാനം എടുക്കൂ.

മാരക കരൾ രോഗത്തിന് കലാഭവൻ മണി അടിമായായിരുന്നു. ഇത് വകവയ്ക്കാതെയുള്ള മദ്യപാനമാണ് മരണ കാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിഗമനം. എന്നാൽ ദുരൂഹതകൾ ആരോപിച്ച് കുടുംബ രംഗത്ത് വന്നതോടെ ആഭ്യൂഹങ്ങളും ശക്തമായി. മണിയുടെ സഹായികളെ പൊലീസ് ചോദ്യം ചെയ്തു. മണിയുടെ ഔട്ട് ഹൗസിൽ തലേദിവസം എത്തിയ എല്ലാവരേയും ചോദ്യം ചെയ്യുകയും ചെയ്തു. മദ്യത്തിന്റെ ഉപയോഗത്തിൽ സൂചന കിട്ടിയെങ്കിലും കീടനാശിനി പ്രയോഗത്തിൽ ഒരു വ്യക്തതയും വന്നില്ല. ഈ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.

ഔട്ട് ഹൗസിൽ മണിയും സുഹൃത്തുക്കളും വാറ്റ് ചാരായം ഉപയോഗിച്ചിരുന്നുവെന്നും ഈ വാറ്റ് ചാരായത്തിൽ നിന്നാകാം കീടനാശിനി മണിയുടെ ശരീരത്തിൽ കലർന്നതെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഇക്കാര്യങ്ങൾ തെറ്റാണെന്ന് പൊലീസിന് ബോധ്യപ്പെട്ടവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP