Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാഡിയിൽ ചാരായമെത്തിച്ച ജോമോൻ ഇപ്പോൾ ഗൾഫിലെന്നു പൊലീസ്; മണി ചാരായം കഴിച്ചിട്ടില്ലെന്നു ജോമോൻ; ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും; കസ്റ്റഡിയിലുള്ള നാലുപേരും രഹസ്യകേന്ദ്രത്തിൽ; അന്വേഷണച്ചുമതല എസ്‌പി ഉണ്ണിരാജയ്ക്ക്

പാഡിയിൽ ചാരായമെത്തിച്ച ജോമോൻ ഇപ്പോൾ ഗൾഫിലെന്നു പൊലീസ്; മണി ചാരായം കഴിച്ചിട്ടില്ലെന്നു ജോമോൻ; ജാഫറിനേയും സാബുവിനേയും വീണ്ടും ചോദ്യം ചെയ്യും; കസ്റ്റഡിയിലുള്ള നാലുപേരും രഹസ്യകേന്ദ്രത്തിൽ; അന്വേഷണച്ചുമതല എസ്‌പി ഉണ്ണിരാജയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കലാഭവൻ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെ നീളുന്നു. പാഡിയിലെ ഔട്ട് ഹൗസിൽ ചാരായം എത്തിച്ച് മണിയുടെ സുഹൃത്ത് ജോമോൻ ഗൾഫിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ചാരായം വാറ്റിയതും കൊണ്ടുവന്നതുമായി സംഘത്തിൽ ആറുപേരുണ്ട്. ഇവർക്കെതിരെ ചാലക്കുടി പൊലീസ് കേസെടുത്തു.

ദുരൂഹമരണത്തെ സംബന്ധിച്ച അന്വേഷണ ചുമതല എസ്‌പി ഉണ്ണിരാജയ്ക്ക് നൽകി. അന്വേഷണ സംഘവും വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി സോജനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.

അതിനിടെ, പാഡിയിൽ വാറ്റുചാരായം എത്തിച്ചിരുന്നെങ്കിലും മണി കഴിച്ചില്ലെന്നു സുഹൃത്ത് ജോമോൻ പറഞ്ഞു. ഗൾഫിലേക്കു കടന്ന ജോമോൻ വാർത്താചാനലുകൾക്കു നൽകിയ പ്രതികരണത്തിലാണു മണി ചാരായം കഴിച്ചില്ലെന്നു വ്യക്തമാക്കിയത്.

ഒപ്പമുണ്ടായിരുന്ന മുരുകനും വിനുവുമാണു ചാരായം കഴിച്ചത്. ബാക്കിവന്ന ചാരായം താൻ തിരിച്ചു കൊണ്ടു പോയെന്നും ജോമോൻ പറഞ്ഞു. ചാരായം വാറ്റിയ ജോയിയെ ബന്ധുവഴിയാണു പരിചയമെന്നും ജോമോൻ പറഞ്ഞു.

കസ്റ്റഡിയിലുള്ള നാലുപേരെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അതിനിടെ, മണിയെ അബോധാവസ്ഥയിൽ കണ്ടെന്നു പറയുന്ന ദിവസം അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നു ദൃക്‌സാക്ഷിയായ അയൽക്കാരൻ മണികണ്ഠൻ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിനാണ് ജോമോൻ പാഡിയിൽ ചാരായമെത്തിച്ചത്. മണിയുടെ മരണ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ചാരായം ഉണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി സ്വദേശി ജോയിയൊണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. മണിയുടെ സഹായികളടക്കം ഒമ്പത് പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്.

ജോയി, ജോമോൻ, മുരുകൻ, അരുൺ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. മറ്രു രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മണിയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തലേദിവസം നടന്ന മദ്യസൽക്കാരത്തിൽ ഇവരും പങ്കെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരന്തരപ്പിള്ളിയിലെ ഒരു വീട്ടിൽ വച്ചാണ് ഇവർ വാറ്റ് ചാരായം നിർമ്മിച്ചത്. ഇതിന് മുമ്പും പലതവണകളിലായി മദ്യസൽക്കാരത്തിന് വാറ്റു ചാരായം കൊണ്ടുവന്നിരുന്നുവെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാലക്കുടിയിൽ മണിയുടെ ഔട്ട് ഹൗസായ പാടിയിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ രാസവസ്തുക്കൾ ഉള്ളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികൾ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം. പാടിയിൽ പൊലീസിന്റേയും എക്‌സൈസിന്റേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളിൽ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ പാടിയിൽ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികൾ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും.

വാറ്റുചാരായത്തിൽ വീര്യം കൂട്ടാൻ പല മരുന്നുകളും ചേർക്കാറുണ്ടെന്നാണു പിടിയിലായവർ പൊലീസിനു മൊഴി നൽകിയത്. എന്നാൽ വരന്തരപ്പിള്ളിയിൽ നിർമ്മിക്കുന്ന ചാരായത്തിൽ ഇപ്പോൾ സംശയിക്കുന്ന ക്‌ളോറി പൈറോസിസ് എന്ന കീടനാശിനി കലർത്തിയിരുന്നില്ലെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കീടനാശിനി പാടിയിലെ റസ്റ്റ് ഹൗസിൽ എങ്ങനെയെത്തി എന്നതിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം 140തിലധികം പേരെ ചോദ്യം ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേ സമയം ജാഫർ ഇടുക്കി, തരികിട സാബു എന്നിവർ നൽകിയ മൊഴിയും മറ്റുള്ളുവരുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവദിവസം മണി ചാരായം കഴിച്ചിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടുവർഷമായി മണി ബിയർ മാത്രമേ കഴിക്കാറുള്ളുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. സാമ്പത്തിക താൽപര്യം മുൻനിറുത്തി മണിക്കൊപ്പം നിന്നിരുന്ന ഒരു സംഘം കൂട്ടുകാരുണ്ടായിരുന്നുവെന്ന മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രാസപരിശോധനാ ഫലം പുറത്തുവരുന്നതുവരെ മെതനോളിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘം. കീടനാശിനി സാന്നിധ്യം തെളിഞ്ഞതോടെ കൊലപാതകമടക്കമുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മണി അബോധാവസ്ഥയിലാവുന്നതിന് തലേ രാത്രി വൈകി മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയ പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരുൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിഷാംശം ഉള്ളിൽ ചെന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.

വ്യാജ മദ്യത്തിൽ കലർത്തി നൽകി, സ്വയം കഴിച്ചു, അബന്ധത്തിൽ കഴിച്ചു തുടങ്ങിയ മൂന്ന് സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വിഷാംശം ഉള്ളിൽ ചെന്നതെന്നത് ശനിയാഴ്ച പുലർച്ചെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇതിനിടെയാണു മണിയെ അബോധാവസ്ഥയിൽ കണ്ടു എന്നു പറയപ്പെടുന്ന ദിവസം രാവിലെ മണി നല്ല ആരോഗ്യവാനായിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ വന്നത്. പാടിക്ക് സമീപം പലഹാര നിർമ്മാണ ശാലയിൽ ജോലി ചെയ്യുന്ന മണികണ്ഠനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് മണിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടിട്ടില്ല. മണിയുടെ സഹായിയാ വിപിനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മറ്റു ചിലർ സമീപത്ത് ഉറക്കത്തിലായിരുന്നെന്നും മണികണ്ഠൻ വെളിപ്പെടുത്തി.

തൊട്ടടുത്ത ദിവസമാണ് മണിയെ സഹായികൾ ആശുപത്രിയിലാക്കിയത്. ഇതിനു ശേഷം സഹായികൾ ഔട്ട്ഹൗസ് വൃത്തിയാക്കുന്നതു കണ്ടു. രണ്ടു ചാക്കുകളിലായിട്ടാണ് സാധനങ്ങൾ പുറത്തേക്കു കൊണ്ടുപോയത്. ഇതു താൻ വ്യക്തമായി കണ്ടതാണ്. അപരിചിതരായ ചിലരും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും മണികണ്ഠൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP